
തിരുവനന്തപുരം:ഗതാഗതനിയമലംഘനങ്ങൾക്കുള്ള പിഴയെന്ന പേരിൽ വ്യാജ ഇ-ചെലാൻ അയച്ചുനൽകി പണം തട്ടുന്നതിനെതിരേ മുന്നറിയിപ്പുമായി പൊലീസ്. യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന ഇ-ചെലാൻ വിവരങ്ങൾ സഹിതം വ്യാജ എസ്.എം.എസ് അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. സർക്കാർ സംവിധാനത്തിൽ നിന്നയച്ചതാണെന്ന് തോന്നിപ്പിക്കുന്നതാണിത്. എസ്.എം.എസിലെ ലിങ്ക് തുറക്കുമ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ ചെലാൻ പോർട്ടലിന് സമാനമായ വ്യാജ വെബ്സൈറ്റിലേക്കെത്തും.
വാഹനനമ്പർ കാട്ടിയ ശേഷം വെരിഫിക്കേഷനായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാവശ്യപ്പെടും. 'യെസ് ' ഓപ്ഷൻ സെലക്ട് ചെയ്യുന്നതോടെ അപകടകരമായ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യപ്പെടും. ഇതോടെ ഫോണിന്റെ നിയന്ത്രണം നേടിയെടുക്കാനുള്ള പെർമിഷനുകൾ ആവശ്യപ്പെടും. ഫോൺ ഹാക്ക് ചെയ്യപ്പെടും. വിവരങ്ങൾ ചോർത്തും.
ചെലാൻ വിവരങ്ങൾ ഔദ്യോഗിക എം.വി.ഡി/പരിവാഹൻ/ഇ-ചെലാൻ വെബ്സൈറ്റ് അല്ലെങ്കിൽ ഔദ്യോഗിക ആപ്പ്/പോർട്ടൽ വഴി മാത്രം പരിശോധിക്കണം. എസ്.എം.എസിലെ ലിങ്ക് നേരിട്ട് തുറക്കുന്നതിനുപകരം ഔദ്യോഗിക വെബ്സൈറ്റിൽ സ്വയം ടൈപ്പ് ചെയ്ത് തുറക്കുക. സർക്കാർ സേവനങ്ങൾക്ക് പുറത്ത് നിന്ന് എ.പി.കെ ഇൻസ്റ്റാൾ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാറില്ല. ഇവ ഇൻസ്റ്റാൾ ചെയ്യപ്പെട്ടാൽ ഉടൻ ഫോണിന്റെ ഇന്റർനെറ്ര് വിച്ഛേദിക്കണം. സംശയാസ്പദമായ ആപ്പുകൾ നീക്കണം. ഫോൺ റീസെറ്റ് ചെയ്യണം. തട്ടിപ്പിനിരയായാൽ വിവരം 1930 എന്ന നമ്പറിലോ https://cybercrime.gov.in വെബ്സൈറ്റിലോ അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |