SignIn
Kerala Kaumudi Online
Saturday, 13 June 2026 10.27 PM IST

വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഇടപെടൽ; ദേവസ്വം സ്‌പെഷ്യൽ പ്ളീഡർ രാജിവച്ചു

READ ENGLISH VERSION
k-b-pradeep

തിരുവനന്തപുരം: ഹൈക്കോടതിയിൽ ദേവസ്വം ബോർഡുകളുടെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിതനായ അഭിഭാഷകൻ കെ.ബി.പ്രദീപ് രാജിവച്ചു. പ്രദീപിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഉടൻ രാജിവയ്ക്കാനായിരുന്നു നി‌ർദേശം. നിയമനം വിവാദമായതിന് പിന്നാലെയാണ് നടപടി. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ സ്മാർട്ട് ക്രിയേഷൻസിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് പ്രദീപാണ്.

ഗവൺമെന്റ് പ്ലീഡറായി പ്രദീപിനെ നിയമിച്ചതിൽ എസ്‌ഐടി ആശങ്ക അറിയിച്ചിരുന്നു. അന്വേഷണ വിവരങ്ങൾ ചോരുമോയെന്ന ആശങ്കയാണ് ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചത്. ഇതുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷ്യൽ കമ്മിഷണറെയും എസ്‌ഐടി സമീപിച്ചിരുന്നു. സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

ഹൈക്കോടതിയിൽ ദേവസ്വങ്ങളുമായി ബന്ധപ്പെട്ടുവരുന്ന കേസുകളിലാണ് പ്രധാനമായും പ്രദീപ് ഹാജരായിരുന്നത്. മുൻപരിചയം കണക്കിലെടുത്താണ് പ്ളീഡർമാർക്ക് ചുമതല വിഭജിച്ചു നൽകുന്നത്. സ്വർണക്കൊള്ള കേസിന്റെ ആദ്യഘട്ടത്തിൽ പങ്കജ് ഭണ്ഡാരിക്കും സ്മാർട്ട് ക്രിയേഷൻസിനും വേണ്ടി മാദ്ധ്യമങ്ങളോട് സംസാരിച്ചിരുന്നത് കെ.ബി.പ്രദീപായിരുന്നു. 2019ൽ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസ് ഉടമയും സി.ഇ.ഒയുമായ പങ്കജ് ഭണ്ഡാരി കേസിലെ ഒൻപതാം പ്രതിയാണ്. സ്മാർട്ട് ക്രിയേഷൻസിൽ വച്ചാണ് സ്വർണം വേർതിരിച്ചെടുത്തതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പ്രതിക്കുവേണ്ടി വാദിച്ച അഭിഭാഷകനെ സർക്കാർ അഭിഭാഷകനാക്കുന്നത് ശരിയാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതിയുടെ ദൗർബല്യങ്ങൾ അറിയാവുന്ന ആൾ സർക്കാർ അഭിഭാഷകനായത് നല്ല കാര്യമാണെന്നായിരുന്നു ദേവസ്വം മന്ത്രി കെ.മുരളീധരൻ പ്രതികരിച്ചത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും സർക്കാർ അഭിഭാഷകനെ നിയമിക്കാനുള്ള വിവേചനാധികാരം മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരു കാരണവശാലും സ്വർണക്കൊള്ളക്കേസിലെ പ്രതികൾ രക്ഷപ്പെടില്ല. മന്ത്രിസഭയിലെടുത്ത തീരുമാനത്തെ മന്ത്രിക്ക് തള്ളിപ്പറയാൻ കഴിയില്ല. അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ദേവസ്വം വകുപ്പിന് സീനിയർ ഗവൺമെന്റ് പ്ലീഡർ തസ്തിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. പി.കെ.സജീവൻ, പി.കെ.ശാന്തമ്മ എന്നിവരെയും സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ നിയമിച്ച 18 സീനിയർ ഗവൺമെന്റ് പ്ലീഡർമാരെയും 20 ഗവൺമെന്റ് പ്ലീഡർമാരെയും പിരിച്ചുവിട്ടാണ് പുതിയ നിയമനം നടത്തിയത്. മൂന്നു സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെ കൂടാതെ 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാരെയും 19 ഗവൺമെന്റ് പ്ലീഡർമാരെയും നിയമിച്ചിട്ടുണ്ട്. മൂന്നു വർഷമാണ് സ്‌പെഷ്യൽ പ്ലീഡർമാരുടെ കാലാവധി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVASWOM SPECIAL PLEADER, K B PRADEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA