
തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിരിച്ചുവിട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവർ യദുവിന് നിയമനം നല്‍കി യുഡിഎഫ് സര്‍ക്കാര്‍. നിയമസഭയിലെ താൽക്കാലിക ഡ്രൈവറായി ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
മുൻ മേയർ ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പാളയത്ത് വച്ചാണ് വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി യദുവും ആര്യയുമായി നടുറോഡിൽ തർക്കം നടന്നത്. കാറിനെ ഇടിക്കുന്ന രീതിയില്‍ ബസ് അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും ആര്യ പരാതി നൽകിയിരുന്നു.
ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് യദു കോടതിയെ സമീപിച്ചതോടെയാണ് ആര്യ രാജേന്ദ്രനും ഭര്‍ത്താവും ബാലുശ്ശേരി മുൻ എംഎൽഎയുമായ സച്ചിൻ ദേവിനും എതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന് ഉള്‍പ്പെടെ കത്ത് നല്‍കിയിരുന്നു.
യദുവിനെ പുറത്താക്കിയതിന് കാരണം ആര്യയുമായുള്ള പ്രശ്നമല്ലെന്നും ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതിനാലാണെന്നും ഗണേശ് കുമാർ പറഞ്ഞിരുന്നു. കെഎസ്ആർടിസിയിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ വച്ച് മുൻ മന്ത്രിയുടെ വാദം തെറ്റാണെന്ന് പറഞ്ഞ് പിന്നീട് യദു രംഗത്തെത്തിയെങ്കിലും എൽഡിഎഫ് സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |