SignIn
Kerala Kaumudi Online
Monday, 25 May 2026 8.59 AM IST

പാട്ടിന്റെ രാജകുമാരി

d

കോട്ടയത്തുനിന്ന് ബോളിവുഡിലെ പ്രതിഭാധനരായ സംവിധായകർ സാക്ഷാൽ സഞ്ജയ് ലീല ബൻസാലിയുടെയും ആദിത്യ ധറിന്റെയും അടുത്ത് എത്താൻ നല്ല ദൂരമുണ്ട്. 'ലോക" സിനിമയിൽ 'ക്വീൻ ഒഫ് നൈറ്റ്" എന്ന ഇംഗ്ലീഷ് പാട്ട് നെഞ്ചിലേറ്റിയവർ പാട്ടുകാരിയെ അന്വേഷിച്ചു. സേബ ടോബി . ആ പാട്ടിന്റെ വരികൾ എഴുതിയതും സേബ തന്നെ എന്നു അറിഞ്ഞപ്പോൾ കൗതുകം ഏറി. 'ലോക"യുടെ റെക്കാഡിൽ ക്വീൻ ഒഫ് നൈറ്റ് തിളച്ചുമറിയുമ്പോഴാണ് 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സേബ ടോബിയെ തേടി എത്തി. 'അം അം" എന്ന ചിത്രത്തിലെ ആരോരും എന്ന പാട്ടാണ് സേബയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. പാട്ടു വഴി യാത്ര ബോളിവുഡ് വരെ എത്തുമ്പോൾ പുത്തൻ പ്രതീക്ഷയുമായി സേബ സംസാരിച്ചു.

കരിയറിന്റെ തുടക്കം തന്നെ അംഗീകാരമാണല്ലേ ?

അങ്ങനെ ചോദിച്ചാൽ അല്ല എന്നാണ് മറുപടി. കാരണം എന്നെയും എന്റെ പാട്ടും കുറച്ചുകൂടി ആളുകൾ അറിഞ്ഞ് തുടങ്ങിയത് സംസ്ഥാന അംഗീകാരം ലഭിച്ചതിന് ശേഷമാണ്. പക്ഷേ ഏകദേശം 17 വയസ് മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ്. ഇങ്ങനെ അറിയപ്പെടുന്ന രീതിയിൽ ഞാൻ എന്നെ ആക്കിഎടുത്തതിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഇപ്പോഴും എന്റെ ലക്ഷ്യം മുഴുവൻ സാക്ഷാത്കരിച്ചില്ല എന്ന് വേണം പറയാൻ. ഇനിയും കുറെ പഠിക്കാനും നേടിയെടുക്കാനും ഉണ്ട്.

പുതിയ ഗായകർ,പുതിയ സംഗീത സംവിധായകർ. സിനിമയിലെ ഈ മാറ്റം എങ്ങനെ വിലയിരുത്തുന്നു ?

ഇതിനെ വളരെ ഗുണകരമായാണ് കാണുന്നത്. കാരണം കാലം മാറുന്നതിനനുസരിച്ച് എല്ലാത്തിലും മാറ്രം അനിവാര്യമാണല്ലോ. പ്രത്യേകിച്ച് സിനിമ മേഖലയിൽ. എന്നും പ്രേക്ഷകർ മാറ്റങ്ങൾ ആഗ്രഹിക്കുന്ന ഒന്നാണ് സിനിമ. അതിനാൽ പുതു മുഖങ്ങൾക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട്. പഴയ ഗാനം, പുതിയ ഗാനം എന്നൊന്നുമില്ല. പലർക്കും പല താത്പര്യങ്ങളാണ്. അതിനാൽ എല്ലാവരും എല്ലാത്തിനെയും സ്വീകരിക്കുന്നു. മാത്രമല്ല, ഇന്ന് നമ്മുടേതായ രീതിയിൽ വെറൈറ്രി പാട്ടുകൾ ഇറക്കാനും അതിന് ജനപ്രീതി നേടാനും സാധിക്കുന്നുണ്ട്. അതിന് പല വേദികളുണ്ട്. ആദ്യ കാലത്തൊക്കെ ഒരു സിനിമ കേന്ദ്രീകരിച്ച് അതിനനുസരിച്ചാണ് പാട്ടുകൾ എഴുതിയിരുന്നതെങ്കിൽ ഇന്ന് അങ്ങനെ ഒരു അതിര് ഇല്ലാതായി. ഏതുതരം പാട്ട് എഴുതാനും അത് പ്രേക്ഷകരിലേക്കെത്തിക്കാനും ഇപ്പോൾ സാധിക്കും. അതിനാൽ അത് ഈ മേഖലയിൽ കുറച്ചുകൂടി സ്വാതന്ത്ര്യം തരുന്നു.

പാട്ടെഴുത്തുകാരിയും ഗായികയും ഒരാൾതന്നെയാകുമ്പോൾ അനുഭവപ്പെടുന്ന പ്രത്യേകത എന്ത്?

വലിയ പ്രത്യേകത തോന്നുന്നില്ല. കാരണം ഇപ്പോൾ ഒരാൾക്ക് തന്നെ പല മേഖലകളിലും ഒരേ സമയം പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ഉള്ളതിനാൽ ഇത് സാധാരണമാണ്. ഞാൻ മാത്രമല്ല, നിരവധി പേർ ഒരേ സമയം ഒന്നിൽ കൂടുതൽ കാര്യങ്ങൾ സിനിമയിൽ ചെയ്യുന്നുണ്ട്. അതിനാൽ ഞാൻ അവരിൽ ഒരു ഭാഗമാണെന്ന് മാത്രമാണ് കരുതുന്നത്. പിന്നെ പാട്ട് എഴുതാനും പാടാനും കംപോസ് ചെയ്യാനും ഒരേ സമയം അവസരം ലഭിക്കുന്നതുതന്നെ എന്റെ സർഗ്ഗാത്മകതയെ പല മേഖലകളിലൂടെ പുറത്തു കൊണ്ടുവരാൻ സാധിക്കുന്നു എന്നതിൽ സന്തോഷമുണ്ട്.

മലയാളം പാട്ട് എഴുത്ത് എപ്പോഴായിരിക്കും ?

ഇംഗ്ലീഷ് എഴുതി പരിചയമുണ്ട്. എന്നാൽ മലയാളം എഴുതാൻ ധൈര്യം ഇതുവരെയും വന്നിട്ടില്ല. കാരണം ഒരു ആർട്ടിസ്റ്ര് എന്ന നിലയിൽ ആർട്ടിസ്റ്രിക് രീതീയിൽ ഒരു വിഷയത്തെപറ്റി ആലോചിക്കുമ്പോൾപോലും ഇംഗ്ലീഷാണ് മനസിലേക്ക് എത്തുന്നത്. അതിനാൽ എനിക്ക് തോന്നുന്നു മലയാളം ഭാഷയിൽ പാട്ട് എഴുതാൻ മാത്രം ഒരു സ്കിൽ ഡെവലപ്പ് എനിക്ക് വന്നിട്ടില്ല. എന്നാലും എഴുതണമെന്ന ആഗ്രഹമുണ്ട് . അതിനുവേണ്ടി ഒരു ലിറിസ്റ്റിനെ അന്വേഷിച്ചുക്കൊണ്ടിരിക്കുകയാണ്. കാരണം ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എഴുതി തരാൻ കഴിയുന്ന ഒരാളെ കിട്ടണം. എന്നാലെ അതിൽ എന്റെ ഐഡിയ മുഴുവൻ കൊണ്ടുവരാൻ സാധിക്കൂ.

സംഗീതമാണ് ജീവിതത്തിന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് എപ്പോൾ?

ആറ് വയസു മുതൽ പാട്ട് പഠിക്കാൻ തുടങ്ങി . കർണാടിക് സംഗീതത്തിലാണ് തുടക്കം. ഏഴാംക്ലാസിൽ എത്തിയപ്പോൾ വെസ്റ്റേൺ മ്യൂസിക് തനിയെ പഠിച്ചെടുത്തു. സ്കൂൾ മത്സരങ്ങളിലും പള്ളി ക്വയറിലുമൊക്കെ പാടുമായിരുന്നു. സംഗീതം ജീവിതത്തിന്റെ ഭാഗമായി അന്ന് മുതൽ കണ്ടു തുടങ്ങിയതാണ് . കരിയറായി കാണാൻ തുടങ്ങിയതും സീരിയസ് ആയി ഏറ്രെടുത്തതുമെല്ലാം ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ്. പത്താംക്ലാസിൽ പഠിക്കുമ്പോൾ സിനിമയിൽ എത്തി. കോളേജിൽ പഠിക്കുന്ന സമയത്ത് ഒരുപാട് ഡെമോസും ട്രാക്സൊക്കെ പാടി .പൂക്കാലം സിനിമയിൽ ആണ് ഒരു പാട്ട് ആദ്യമായി മുഴുവനായി പാടുന്നത്. പിന്നീട് കൽക്കി സിനിമയിൽ അതിന്റെ ട്രെയിലറിലും സ്കോറിലും ഒരു സംസ്കൃത ശ്ലോകം പാടി. ആസമയത്ത് ലൈവ് ഷോകൾ ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് സിനിമയിൽനിന്ന് കൂടുതൽ അവസരങ്ങൾ വരാൻ തുടങ്ങി. അഞ്ചാറു ഭാഷകളിൽ പാടാൻ സാധിച്ചു. സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ഡി വെബ് സീരിസിൽ പാടി രൺവീർ സിംഗ് ചിത്രം ധുരന്ദറിൽ വോക്കൽ അറേഞ്ച്മെന്റ് ചെയ്തു.അവറാച്ചൻ, മെനി മെനി ഹാപ്പി റിട്ടേൺസ്, മെറി ബോയ്സ് എന്നിവയാണ് മലയാളത്തിൽ പുതിയ ചിത്രങ്ങൾ.

വീട്ടു വിശേഷം ?

കോട്ടയമാണ് നാട്. പഠിച്ചതും വളർന്നതും കൊച്ചിയിൽ. രാജഗിരിയിൽ സ്കൂൾ പഠനം. കോളേജ് പഠനം തേവര സേക്രഡ് ഹാർട്ടിലായിരുന്നു. ഡാഡി ടോമി ജോസഫ് ബിസിനസ് ചെയ്യുന്നു . അമ്മ റെന്നി ടോമി, ചേച്ചി ആൻ വിവാഹം കഴിഞ്ഞ് യു.എസിൽ. ഡാഡി ചെറുതായി പാട്ട് പാടും.ആ കഴിവാണ് എനിക്ക് കിട്ടിയത്. കുടുംബത്തിൽ പ്രൊഫഷണലി ആദ്യമായി ഈ മേഖലയിലേക്ക് വരുന്നത് ഞാൻ ആണ് .

മൂവി ക്യാമറയുടെ മുന്നിലേക്ക് വരുമോ ? ( ബോക്സ്)

ഒരിക്കലും വരില്ല എന്ന് പറയില്ല. അത്തരമൊരു അവസരം ലഭിക്കുകയാണെങ്കിൽ തീർച്ചയായും തിരഞ്ഞെടുക്കും. ക്യാമറയുടെ മുന്നിൽ വരാൻ മടിയുള്ള ആളല്ല. കാരണം പാട്ടിനും ഫോട്ടോ ഷൂട്ടിനും ഒരുപാട് തവണ ക്യാമറയുടെ മുന്നിൽ വന്നിട്ടുണ്ട്. എനിക്ക് താത്പര്യമുള്ള മേഖലകൂടിയായതിനാൽ സിനിമയിൽഅഭിനയിക്കാൻ ഒരവസരം ലഭിച്ചാൽ വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY