SignIn
Kerala Kaumudi Online
Monday, 25 May 2026 7.33 AM IST

തിരൂരിന്റെ പച്ചപ്പിൽ പടരുമോ ചുവപ്പ്

s

രാഷ്ട്രീയത്തിൽ മലപ്പുറം എന്നാൽ പച്ചക്കോട്ടയെന്നാണ്. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രവും യു.ഡി.എഫിന് സംസ്ഥാനത്ത് ഏറ്റവും വലിയ മുന്നേറ്റം സമ്മാനിക്കുകയും ചെയ്യുന്ന ജില്ല. പച്ചപ്പിനിടയിൽ തുരുത്ത് പോലെയാണ് ചുവപ്പിന്റെ കിടപ്പ്. 16 നിയോജക മണ്ഡലങ്ങളിൽ 11 ഇടത്ത് ഹരിത പതാകയും രണ്ടിടത്ത് കോൺഗ്രസിന്റെ ത്രിവർണ്ണവും പാറുന്ന മണ്ണ്. താനൂരിലും തവനൂരിലും പൊന്നാനിയിലുമാണ് ചെങ്കൊടി പാറുന്നത്. ഇതിൽ പൊന്നാനി മാത്രമാണ് അടിയുറച്ച ഇടത് കോട്ട. 2008ലെ മണ്ഡ‌ല പുനഃക്രമീകരണത്തിന് ശേഷം രൂപീകരിച്ച തവനൂരിൽ കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ചത് ഇടതുസ്വതന്ത്രനായ കെ.‌ടി. ജലീലാണ്. ഇത്തവണ ഇവിടെ നിന്ന് വീണ്ടും ജലീൽ ജനവിധി തേടിയിട്ടുണ്ട്. മണ്ഡ‌ലം അത്ര സുരക്ഷിതമല്ലെന്നാണ് സി.പി.എമ്മിന്റെ തന്നെ വിലയിരുത്തൽ. ലീഗ് കോട്ടയെന്ന വിശേഷണമുള്ള താനൂരിൽ തുടർച്ചയായി രണ്ടുതവണ മന്ത്രി വി.അബ്ദുറഹ്മാൻ അട്ടിമറി വിജയം നേടിയിട്ടുണ്ട്. മൂന്നാം അങ്കത്തിന് താനൂരിലേക്ക് നിയോഗിച്ചെങ്കിലും ജന്മനാടായ തിരൂർ സീറ്റ് ചോദിച്ചുവാങ്ങുകയായിരുന്നു. ഇതോടെ താനൂരിൽ വിജയപ്രതീക്ഷ സി.പി.എം പുലർത്തുന്നില്ല. ഇത്തവണ തിരൂർ പിടിക്കാനായില്ലെങ്കിൽ മലപ്പുറത്തെ ഇടതുകേന്ദ്രങ്ങളുടെ എണ്ണം നാമമാത്രമാവും.

എന്താണ് ആ തന്ത്രം

''ചില മത്സരങ്ങളിൽ രാഷ്ട്രീയപരമായി ടെക്നിക്കുകൾ ഉപയോഗിക്കേണ്ടിവരും. തിരൂരിലേക്കുള്ള മാറ്റം അത്തരത്തിൽ ഒന്നായി കണ്ടാൽ മതി.'' തിരൂരിലെ ഇടതുസ്ഥാനാർത്ഥിയും മന്ത്രിയുമായ വി.അബ്ദുറഹിമാൻ പറഞ്ഞ ഈ തന്ത്രം എന്തെന്നാണ് പോളിംഗിന് ശേഷവും തിരൂരിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചർച്ച. മണ്ഡലം രൂപീകരിച്ച 1957 മുതലുള്ള 15 തിരഞ്ഞെടുപ്പുകളിൽ 2006ൽ മാത്രമാണ് യു.ഡി.എഫിന് തിരൂരിൽ അടിപതറിയത്. നാലാംഅങ്കത്തിനിറങ്ങിയ ഇ.ടി.മുഹമ്മദ് ബഷീറിനെ സി.പി.എമ്മിന്റെ പി.പി.അബ്ദുള്ളക്കുട്ടി പരാജയപ്പെടുത്തി. കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി, മങ്കടയിൽ എം.കെ. മുനീർ ഉൾപ്പെടെ പ്രമുഖർ പരാജയമേറ്റുവാങ്ങിയ അത്യപൂർവ്വ സാഹചര്യമായിരുന്നു അന്ന്. ലീഗ് കടുത്ത വെല്ലുവിളി നേരിട്ട അന്നത്തെ തിരഞ്ഞെടുപ്പിൽ പോലും 8,680 വോട്ടിനായിരുന്നു തിരൂരിൽ ഇടതിന്റെ വിജയം. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ലീഗിന്റെ സി. മമ്മുട്ടി 23,566 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തിരൂർ തിരിച്ചുപിടിച്ചു. ഈ വിജയത്തുടർച്ച 2021ൽ കുറുക്കോളി മൊയ്തീനിൽ വരെയെത്തി നിൽക്കുന്നുണ്ട്. ഇങ്ങനെയൊരു ചരിത്രപശ്ചാത്തലമുള്ള മണ്ണിലേക്ക് രണ്ടുതവണ എം.എൽ.എയായ താനൂരിനെ ഒഴിവാക്കിയുള്ള വി.അബ്ദുറഹിമാന്റെ വരവ് രാഷ്ട്രീയ കേന്ദ്രങ്ങളെ ആശ്ചര്യപ്പെടുത്തിയിരുന്നു. ലീഗ് കോട്ടയായ താനൂർ രണ്ടുതവണ പിടിച്ചടക്കിയ വി. അബ്ദുറഹ്മാൻ തിരൂരിലും ചില തന്ത്രങ്ങൾ പ്രയോഗിച്ചിട്ടുണ്ട് എന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ ആത്മവിശ്വാസം. യു.ഡ‌ി.എഫിനായി മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് എം.എൽ.എ കുറുക്കോളി മൊയ്തീനാണ് മത്സരിച്ചത്.

വിജയം പ്രവചനാതീതം

വി. അബ്ദുറഹ്മാന്റെ അപ്രതീക്ഷിത കടന്നുവരവോടെ പതിവിനേക്കാൾ ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പ് പോരിനും പോളിംഗിനുമാണ് തിരൂർ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തവണ 73.21 ശതമാനമാണ് പോളിംഗ് എങ്കിൽ ഇത്തവണ 75.95 ആയി വർദ്ധിച്ചിട്ടുണ്ട്. പോളിംഗിൽ മനക്കണക്കുകൾ കൂട്ടുന്ന ഇരുമുന്നണികളും വിജയ പ്രതീക്ഷ അവകാശപ്പെടുന്നുണ്ട്. പുതുമുഖമായെത്തി ലീഗ് കോട്ടയായ താനൂരിനെ പിടിച്ചെടുക്കാൻ അബ്ദുറഹ്മാന് കഴിഞ്ഞെങ്കിൽ ജന്മനാട്ടിൽ ഇത് ആവർത്തിക്കുക എളുപ്പമല്ലേയെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ ചോദ്യം. മുൻ കോൺഗ്രസുകാരനും തിരൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാനുമായിരുന്ന വി. അബ്ദുറഹ്മാന്റെ തിരൂരിലെ വിപുലമായ ബന്ധങ്ങൾ തുണയ്ക്കുമെന്നും എൽ.ഡ‌ി.എഫ് കണക്കുകൂട്ടുന്നുണ്ട്. യു.ഡി.എഫ് വോട്ടുകൾ ചോർത്തുന്നതിലെ അബ്ദുറഹ്മാൻ ക്യാമ്പിന്റെ വൈദഗ്ദ്യം തിരൂരിലും ആവർത്തിച്ചാൽ പച്ചക്കോട്ടയ്ക്ക് ഇളക്കമുണ്ടാവാനും സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം യു.ഡി.എഫ് ക്യാമ്പിൽ പുറമേക്ക് ഐക്യം പ്രകടമായിരുന്നു. പക്ഷെ അടിയൊഴുക്കുകൾ ഏത് ദിശയിലേക്കാണ് ഒഴുകിയതെന്ന് ഇരുകൂട്ടർക്കും ആശങ്കയുണ്ട്. 5,​000 വോട്ടിൽ താഴെ ഭൂരിപക്ഷത്തിന് വിജയിച്ചേക്കുമെന്നാണ് ഇടതിന്റെ കണക്കുകൂട്ടൽ. കല്പകഞ്ചേരി, ആതവനാട്, വളവന്നൂർ,​ തിരുന്നാവായ, തലക്കാട്, വെട്ടം പഞ്ചായത്തുകളിലും തിരൂർ മുനിസിപ്പാലിറ്റിയിലും ആകെ 243 ബൂത്തുകളാണുള്ളത്. അതിൽ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. അതുകൊണ്ട് തന്നെ കണക്കുകൾ നിരത്തി കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷമായ 7,​341 വോട്ട് നിലനിർത്തുമെന്ന് തന്നെയാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

ചിഹ്നം വിനയാകുമോ

താനൂരിൽ രണ്ട് തവണയും സ്വതന്ത്ര ചിഹ്നത്തിലാണ് വി. അബ്ദുറഹ്മാൻ വിജയക്കൊടി പാറിച്ചത്. യു.ഡി.എഫ് വോട്ടിലെ ചോർ‌ച്ചയ്ക്കും സ്വതന്ത്ര ചിഹ്നം സഹായകമായി. ഇത്തവണ തിരൂരിൽ എത്തിയപ്പോൾ സി.പി.എം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് ജനവിധി തേടിയത്. അടുത്തിടെയാണ് വി.അബ്ദുറഹ്മാൻ പാർട്ടി അംഗത്വമെടുത്തത്. യു.ഡി.എഫിലെ വോട്ടുകൾ പാർട്ടി ചിഹ്നത്തിൽ വീഴുമോ എന്നതാണ് അബ്ദുറഹ്മാൻ ക്യാമ്പിന്റെ ആശങ്ക. അതുകൊണ്ട് തന്നെ തിരൂരിലെ വിജയം ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണ്. ശക്തമായ മത്സരത്തിന്റെ പശ്ചാത്തലത്തിൽ എസ്.ഡി.പി.ഐ,​ വെൽഫെയർ പാർട്ടി അടക്കമുള്ള ന്യൂനപക്ഷ സംഘടനകളുടെ വോട്ടുകൾക്ക് തിരൂരിന്റെ വിധി നിർണയിക്കുന്നതിൽ ചെറുതല്ലാത്ത പങ്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY