SignIn
Kerala Kaumudi Online
Monday, 25 May 2026 10.01 AM IST

പി.കെ. ബാലകൃഷ്ണൻ ജന്മശതാബ്ദി വർഷം, ഏകാകിയായ പ്രക്ഷോഭകാരി

s

നോവലിസ്റ്റ്, പത്രപ്രവർത്തകൻ, ചരിത്രകാരൻ, പ്രഭാഷകൻ, സാഹിത്യ നിരൂപകൻ എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പി.കെ. ബാലകൃഷ്ണന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനം (മാർച്ച് രണ്ട്)​ കാര്യമായ ആഘോഷങ്ങളോ ചർച്ചകളോ ഇല്ലാതെ കടന്നുപോയി. പി.കെ. ബാലകൃഷ്ണൻ പ്രസ്ഥാനങ്ങളുടെ ഭാഗമാകാനോ സ്വന്തമായി അനുയായിവൃന്ദത്തെ സൃഷ്ടിക്കാനോ തുനിഞ്ഞിരുന്നില്ല. 'ഉറങ്ങാത്ത മനീഷി" എന്ന പേരിൽ പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം എഴുതിയ പ്രൊഫ. എം.കെ. സാനു,​ തന്റെ ഗ്രന്ഥരചനാരംഭത്തിൽ നേരിട്ട ചോദ്യങ്ങളിൽ നിന്ന് ബാലകൃഷ്ണന്റെ വ്യക്തിത്വത്തെ കണ്ടെത്താം!

ആമുഖത്തിൽ സാനു മാഷ് പറയുന്നു: 'പഠനം പൂർത്തിയാക്കുകയോ ബിരുദമെടുക്കുകയോ ചെയ്തില്ല. പറയത്തക്ക സ്ഥാനമാനങ്ങളൊന്നും കരസ്ഥമാക്കിയില്ല. മാദ്ധ്യമങ്ങളിൽ ‘നിറഞ്ഞു’ നിന്നില്ല. അവാർഡുകൾ നേടിയില്ല. പദവികളിലൊന്നിലും വിരാജിച്ചില്ല. അങ്ങനെയൊരു മനുഷ്യനെക്കുറിച്ച് പുസ്തകമെഴുതുകയോ? പി.കെ. ബാലകൃഷ്ണനെക്കുറിച്ച് പുസ്തകം എഴുതുന്നതിന് ഞാൻ പരിശ്രമിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ എന്റെ ഒരു സുഹൃത്ത് നിഷ്കളങ്കതയോടെ ചോദിച്ച ചോദ്യമാണിത്!"

ഇത്തരമൊരു ചോദ്യമുയരുമ്പോൾ പി.കെ. ബാലകൃഷ്ണൻ യഥാർത്ഥ പ്രക്ഷോഭകാരിയായിരുന്നുവെന്ന് വ്യക്തമാകുന്നു. തുടർന്ന് ജീവചരിത്രകാരൻ എഴുതുന്നു- 'കാലക്ഷേപത്തിനു വേണ്ടി മാത്രമല്ല, സ്ഥാനമാനാദികൾക്കു വേണ്ടിയും ആത്മാഭിമാനം അടിയറ വയ്ക്കാൻ സദാ സന്നദ്ധരായി കഴിഞ്ഞുകൂടുന്നവരെക്കൊണ്ട് നിറഞ്ഞ ഏതു സമൂഹത്തിലും ഏകാകിയായി ജീവിക്കാൻ വിധിക്കപ്പെട്ടവനാണ് പ്രക്ഷോഭകാരി. സ്വന്തം കരുത്ത് മാത്രമേ അയാൾക്ക് ആലംബമായുള്ളൂ." പി.കെ. ബാലകൃഷ്ണൻ തികച്ചും ഏകാകിയായ പ്രക്ഷോഭകാരിയായിരുന്നു.


എറണാകുളം ജില്ലയിലെ എടവനക്കാട് എന്ന ഗ്രാമത്തിൽ 1926 മാർച്ച് രണ്ടിന് ജനിച്ച ബാലകൃഷ്ണൻ എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്ത് ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായി. സി. അച്ചുതമേനോൻ, കെ. കരുണാകരൻ തുടങ്ങിയവർ അവിടെ സഹതടവുകാരായിരുന്നു. ജയിൽ മോചിതനായി വീണ്ടും കോളേജിൽ ചേർന്നെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായതോടുകൂടി പഠനം മുടങ്ങി. മുഴുവൻസമയ രാഷ്ട്രീയക്കാരനായിത്തീർന്ന ബാലകൃഷ്ണൻ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളിയായി മാറി.

കൊച്ചി രാജ്യത്തെ കോൺഗ്രസ് ഘടകമായ 'കൊച്ചിരാജ്യ പ്രജാമണ്ഡല"ത്തിന്റെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. വിദ്യാർത്ഥി കോൺഗ്രസിന്റെ മുഖപത്രമായ 'ആസാദ്" വാരികയുടെ ചുമതല ബാലകൃഷ്ണന് ആയിരുന്നു. പ്രജാമണ്ഡലം പിളർന്ന് 'കേരളാ സോഷ്യലിസ്റ്റ് പാർട്ടി" രൂപംകൊണ്ടപ്പോൾ അതിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായി. 'സോഷ്യലിസ്റ്റ്" വാരികയുടെ പത്രാധിപരും പാർട്ടിയുടെ താത്വികാചാര്യനും ബാലകൃഷ്ണൻ തന്നെ ആയിരുന്നു. രാഷ്ട്രീയത്തിൽ മടുപ്പു തോന്നിയ ബാലകൃഷ്ണൻ എറണാകുളത്ത് 'സർക്കിൾ ബുക്ക് ഹൗസ്" എന്ന പേരിൽ ബുക്ക്സ്റ്റാൾ തുടങ്ങി. ആരംഭത്തിൽ വൈക്കം മുഹമ്മദ് ബഷീറും ഇതിന്റെ നടത്തിപ്പിൽ പങ്കാളിയായിരുന്നു. 1960-ൽ 'കേരളകൗമുദി"യിൽ ചേർന്ന ബാലകൃഷ്ണൻ രണ്ടു പതിറ്റാണ്ടോളം കൗമുദിയിൽ തുടർന്നു. പിന്നീട് മാദ്ധ്യമം പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായി.

എഴുത്തിന്റെ വഴികളിൽ വിമർശനം, ചരിത്രം, നോവൽ ഇത്യാദി ശാഖകളിൽ തന്റെ ദാർശനിക രചനാ വൈഭവം തെളിയിക്കുവാൻ ബാലകൃഷ്ണന് കഴിഞ്ഞു. 'ചന്തുമേനോൻ: ഒരു പഠനം" എന്ന കൃതി സാഹിത്യ നിരൂപണ രംഗത്ത് പി.കെ ബാലകൃഷ്ണനെ ശ്രദ്ധേയനാക്കി. ഒരു നോവലിസ്റ്റിനെ മാത്രം കേന്ദ്രീകരിച്ച് മലയാളത്തിൽ ആദ്യമായി എഴുതിയ നിരൂപണ കൃതിയാണിത്. ചന്തുമേനോന്റെ വ്യക്തിത്വ സവിശേഷതകളിലൂടെ ഇന്ദുലേഖയെ വിലയിരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇന്ദുലേഖ, ശാരദ എന്നീ നോവലുകളിലൂടെ പാശ്ചാത്യ സംസ്കാരം കേരളത്തിലേക്ക് പ്രവേശിക്കുന്ന കഥ പറയുന്നു എന്ന് ചന്തുമേനോനെക്കുറിച്ച് നിരീക്ഷിക്കുന്ന ബാലകൃഷ്ണൻ ചന്തുമേനോന്റെ രചനകളിലെ പ്രധാന കഥാപാത്രം 'ഇംഗ്ലീഷാ"ണെന്ന് സമർത്ഥിക്കുന്നു.

ഇംഗ്ലീഷായിരുന്നു ചന്തുമേനോന്റെ മതവും ഫിലോസഫിയും എന്ന് പങ്കുവയ്ക്കുമ്പോൾ സാഹിത്യ നിരൂപണത്തിന് പുതിയ അർത്ഥവും മാനവും നല്കുകയായിരുന്നു,​ ബാലകൃഷ്ണൻ. 'നോവൽ: സിദ്ധിയും സാധനയും" എന്ന കൃതിയിൽ താരാശങ്കർ ബാനർജി, ദസ്തയേവ്സ്കി, ജെയിൻ ഓസ്റ്റിൻ തുടങ്ങിയവരുടെ കൃതികളെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനത്തിന് ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. മഹാഭാരത്തിലെ കഥാപാത്രങ്ങൾ,​ സന്ദർഭങ്ങൾ തുടങ്ങിയവയെല്ലാം ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിറുത്തിക്കൊണ്ട് കർണന്റെ കഥ പറയുകയാണ് 'ഇനി ഞാൻ ഉറങ്ങട്ടെ" എന്ന നോവലിൽ.

ഈ നോവലിലെ ദ്രൗപദീ വിചാരധാര ബാലകൃഷ്ണൻ സങ്കല്പിച്ച് എടുത്തതാണ്. കർണചരിത്രത്തിന്റെ വിശദാംശങ്ങൾ വ്യാസ ഭാരതത്തിൽ നിന്ന് സ്വീകരിച്ചു. കർണനെ ഏറ്റവും കൂടുതൽ വെറുക്കുന്നയാളാണ് ദ്രൗപദി. ആ ദ്രൗപദിയുടെ ചിന്താധാരയിലൂടെ കർണന്റെ കഥ പറയുക എന്ന സവിശേഷ രീതിയാണ് ഇവിടെ നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. ഈ നോവൽ രചനയെക്കുറിച്ച് ബാലകൃഷ്ണൻ തന്നെ പറയുന്നു: 'രണ്ടായിരം കൊല്ലം ജീവിച്ചു കഴിഞ്ഞ ഒരു വിശ്വമഹാഗ്രന്ഥത്തെ ഉപജീവിക്കുന്ന പുസ്തകമാകയാൽ ഉപജീവനത്തിന്റെ രീതീ എന്തെന്ന് പറഞ്ഞുവയ്ക്കേണ്ട ബാദ്ധ്യത എനിക്കുണ്ട്. കർണന്റെ സമ്പൂർണ കഥയാണ് ഈ കൃതിയുടെ പ്രധാന ഭാഗം.

ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണകഥാദളങ്ങൾ കൊരുത്തെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതിലെ കർണ ചരിത്രം സംഭവപരമായ വിശദാംശങ്ങളിൽവരെ, വ്യാസഭാരത പാഠത്തെ സൂക്ഷ്മമായി അനുവർത്തിക്കുന്നു. അതിലെ രംഗങ്ങളെല്ലാം ഒരുതരം 'ഫ്ലാഷ്ബാക്കു"കളുടെ രൂപത്തിൽ തരംതിരിഞ്ഞു കാണുകയും ചെയ്യാം. അവയെ അടുക്കി നിലനിറുത്തുന്ന ദ്രൗപദീ വിചാരധാരയാവട്ടെ, മഹാഭാരതവുമായുണ്ടാക്കിയ പരിചയത്തിന്റെ ബലത്തിൽ സങ്കല്പിച്ചെടുത്തതാണ്. അങ്ങനെ ഒരു സാങ്കല്പിക കഥാധാരയും വ്യാസ ഭാരതത്തിലെ കർണ കഥാധാരയും ഇടയ്ക്കിടെ തമ്മിൽ ചുറ്റിപ്പിണഞ്ഞും ഇടയ്ക്കിടെ ഇഴപിരിഞ്ഞും ഇതിൽ പ്രവഹിക്കുന്നു. ആ സമാന്തര പ്രവാഹങ്ങളുടെ ഗതിയോടൊത്ത് തീരവർത്തികളെന്ന നിലയിൽ മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങൾ, സംഭവങ്ങൾ തുടങ്ങിയവയെ കഴിയുന്നത്ര മിഴിവു നൽകി അവതരിപ്പിക്കാനുള്ള പരിശ്രമവും ഈ പുസ്തകത്തിൽ കാണാം."

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ നേവലുകൾ തിരഞ്ഞെടുക്കുമ്പോൾ 'ഇനി ഞാൻ ഉറങ്ങട്ടെ" അഗ്രിമസ്ഥാനത്തുണ്ടാകും. ചരിത്രകാരൻ എന്നുള്ള നിലയിൽ ബാലകൃഷ്ണന്റെ രചനാരീതിയുടെ വ്യത്യസ്തത 'ജാതിവ്യവസ്ഥയും കേരള ചരിത്രവും" എന്ന ഗ്രന്ഥത്തിൽ കാണാം. നാരായണഗുരു, ടിപ്പുസുൽത്താൻ, പ്ലൂട്ടോ പ്രിയ പ്ലൂട്ടോ, കാവ്യകല കുമാരനാശാനിലൂടെ, മായാത്ത സന്ധ്യകൾ, എഴുത്തച്ഛന്റെ കല, ജാതിവ്യവസ്ഥയും കേരള ചരിത്രവും, നിദ്രാസഞ്ചാരികൾ തുടങ്ങിയവയാണ് ബാലകൃഷ്ണന്റെ ഇതര കൃതികൾ.

1991ഏപ്രിൽ മൂന്നിന് പി.കെ. ബാലകൃഷ്ണൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കാലത്തെ വെല്ലുന്ന പ്രമേയ സ്വീകരണവും ഏതു പ്രതിസന്ധിയിലും കുലുങ്ങാത്ത നിശ്ചയദാർഢ്യവും അദ്ദേഹത്തിന്റെ സവിശേഷതകളാണ്. ദാർശനിക പ്രതിഭയുടെ രചനാവൈഭവം കൊണ്ട് സമ്പൂർണത നേടിയ കൃതികൾ എന്ന നിലയിൽ ബാലകൃഷ്ണന്റെ പുസ്തകങ്ങൾ നമ്മുടെ സാഹിത്യ,​ സാംസ്കാരിക,​ ചരിത്ര മേഖലകളിൽ സജീവ സാന്നിദ്ധ്യമായി നിൽക്കും.

(സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് ആണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY