SignIn
Kerala Kaumudi Online
Monday, 25 May 2026 7.33 AM IST

തുറന്നു വന്യവിസ്മയത്തിന്റെ പാർക്ക്

s

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് തിരശീലയിട്ട് ഏഷ്യയിലെ ആദ്യ ഡിസൈനർ മൃഗശാലയായ പുത്തൂരിലെ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകിയിരിക്കുന്നു. ഉദ്ഘാടനം ചെയ്തിട്ടും പൊതുജനങ്ങൾക്ക് പ്രവേശനം നൽകാൻ കഴിയാതിരുന്ന പാർക്ക് വേനലവധിക്കു മുൻപേ തുറക്കാനായതിന്റെ സന്തോഷം ജനങ്ങൾക്കുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവേശന കവാടത്തിലൂടെ പാർക്കിലേക്ക് കടന്നാൽ ജീവജാലങ്ങളുടെ 23 വ്യത്യസ്ത ആവാസ വ്യവസ്ഥകൾ കാണാം. സ്വെെര്യമായി കഴിയുന്ന 150ലേറേ പക്ഷിമൃഗാദികൾ. കാട്ടിലെന്നപോലെ പുലികൾ, കടുവകൾ, മാനുകൾ, കാട്ടുപോത്തുകളെയെല്ലാം കാണാം. അവ നടക്കുന്നതും ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം കാട്ടിലെന്ന പോലെ...

വന്യതയും ജൈവവൈവിദ്ധ്യവും ഇഴചേർന്ന പാർക്കിലേക്ക് ജനങ്ങളെത്തുന്നതും ആ സ്വാഭാവികത
കാണാനാണ്. മന്ത്രിമാരായ എ.കെ. ശശീന്ദ്രനും കെ. രാജനും ടിക്കറ്റെടുത്താണ് ആദ്യ സന്ദർശകരായത്. പാർക്കിലെ നാലര കിലോമീറ്ററിലൂടെ സഞ്ചാരികൾക്ക് കറങ്ങാൻ ഒരുക്കിയിട്ടുള്ള കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസിൽക്കയറി മന്ത്രിമാർ യാത്രയും ചെയ്തു.

ചില്ലുജാലകത്തിലൂടെയും കാണാം


23 ആവാസവ്യവസ്ഥകളിലായി 350ലേറെ ജീവികളാണ് നിലവിൽ പുത്തൂരിലുള്ളത്. ചില്ലുജാലകത്തിലൂടെ കാണാൻ കഴിയുന്ന പുലിയും കൂടിന്റെ അഴികളില്ലാതെ തുറന്നയിടങ്ങളിൽ സഞ്ചരിക്കുന്ന കടുവയുമെല്ലാം നൽകുന്ന കൗതുകവും വിസ്മയവും പറഞ്ഞറിയിക്കാനാവില്ല. ആദ്യദിനംതന്നെ പാർക്കിൽ വൻ തിരക്കായിരുന്നു. 5000 ഓളം പേർ ടിക്കറ്റ് എടുത്ത് സന്ദർശിച്ചു.

ഇനിയും വേണം സൗകര്യങ്ങൾ

പാർക്ക് ഇനിയും വികസിപ്പിക്കാനുണ്ട്. വിസ്തൃതമായ സ്ഥലത്ത് സന്ദർശകർക്ക് സൗകര്യപൂർവം കാഴ്ചാനുഭവങ്ങൾ ഉണ്ടാകുന്നതിന് ട്രാം സംവിധാനം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പ്രസിദ്ധ ആസ്‌ട്രേലിയൻ സൂ ഡിസൈനറായ ജോൺ കോ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ച് ട്രാം സൗകര്യം, അതിനായുള്ള ട്രാംവേ, ട്രാം സ്റ്റേഷൻ എന്നിവ രേഖപ്പെടുത്തിയിരുന്നു. ഇത്തരം സൗകര്യങ്ങൾ ഇതുവരെയും ഏർപ്പെടുത്തിയിട്ടില്ല. ആരംഭസമയത്ത് 2012ൽ പാർക്കിന്റെ നിർമ്മാണത്തിനുള്ള തുക 151 കോടിയായിരുന്നു. 2019ൽ 360 കോടിയുടെ 'കിഫ്ബി' പ്രോജക്ടായി ഇതിനെ അംഗീകരിച്ചു. ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 512 കോടി രൂപ ചെലവഴിച്ചുവെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. ഈ സാമ്പത്തിക സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ട്രാം ഏർപ്പെടുത്താത്തത് അപാകതയാണെന്ന് ഫ്രണ്ട്‌സ് ഒഫ് സൂ അഭിപ്രായപ്പെടുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ ഡിസൈൻഡ് ട്രാമിന് പകരമായി കാണാനാകില്ല. കുട്ടികൾ, ഭിന്നശേഷിക്കാർ, വൃദ്ധജനങ്ങൾ എന്നിവർക്കും സന്ദർശിക്കാൻ സാധിക്കുന്ന വിധം ഡിസൈൻഡ് ട്രാം വേണമെന്നാണ് ആവശ്യം.

സീബ്ര, ജിറാഫ്, ആഫ്രിക്കൻ മാൻ, അനകോണ്ട തുടങ്ങി ആറിനം ജീവികളെ വിദേശത്തുനിന്ന് കൊണ്ടുവരേണ്ടതുണ്ട്. ഹൈദരാബാദിലെ ഒരു കമ്പനിയുമായി ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഏപ്രിൽ മുതൽ ഇവയെ എത്തിച്ചുതുടങ്ങുമെന്നാണ് വിവരം. ചുരുങ്ങിയ കാലത്തിനുള്ളിൽ പുത്തൂർഗ്രാമം ലോകവിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടുമെന്നും ഗ്രാമീണ വിനോദസഞ്ചാരരംഗത്ത് ശ്രദ്ധേയമാകുമെന്നുമാണ് മന്ത്രി കെ. രാജൻ, സുവോളജിക്കൽപാർക്ക് ജനങ്ങൾക്ക് തുറന്നുനൽകിയശേഷം പ്രതികരിച്ചത്.

പുത്തൂരിലേക്ക് രണ്ടുമാസത്തിനകം കുറച്ച് ജീവികളെക്കൂടി കൊണ്ടുവരുമെന്നും രാജ്യത്തെ ആദ്യത്തെ ആധുനിക ഡിസൈനർ മൃഗശാല പുത്തൂരിലേതാണെന്നും അദ്ദേഹം പറയുന്നു. പുതിയ ഡബിൾഡെക്കർ ബസ് അടുത്തയാഴ്ച എത്തുന്നതോടെ നഗരത്തിൽനിന്ന് സുവോളജിക്കൽപാർക്കിലേക്കും തിരിച്ചും സഞ്ചാരം എളുപ്പമാകും. പീച്ചിചിമ്മിനി മലയോരപാതയിൽ മധ്യഭാഗത്തായുള്ള പുത്തൂരിനെ ഉൾപ്പെടുത്തി വിനോദസഞ്ചാര ഇടനാഴിക്ക് പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ഇതിൽ മരോട്ടിച്ചാലിലെ ഓലക്കയം, ഇലഞ്ഞിക്കുത്ത് വെള്ളച്ചാട്ടങ്ങൾ, പുത്തൂർ കായൽ ടൂറിസം പദ്ധതി, എരവിമംഗലം ഡോ. സുകുമാർ അഴീക്കോട് സ്മാരകം, കേരളപഴനി ചോച്ചേരിക്കുന്ന് ക്ഷേത്രം, ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യമ്മ തീർഥകേന്ദ്രം, കൈനൂർ സൈനികകേന്ദ്രം, വാണിയംപാറയിലെ തുരങ്കയാത്ര തുടങ്ങിയ വിവിധ മേഖലകളെ ഉൾപ്പെടുത്തുമെന്നാണ് പറയുന്നത്.

ദിവസം മുഴുവൻ കാണാം

ഒരു ദിവസം മുഴുവൻ കാണാനുള്ള വിശാലമായ ഇടമാണ് സുവോളജിക്കൽ പാർക്ക്. എന്നാൽ, ചുറ്റിക്കറങ്ങി കാണാനുളള സൗകര്യം ഉടനെ ഒരുക്കേണ്ടതുണ്ട്. മൃഗങ്ങൾക്ക് ആവാസ വ്യവസ്ഥയനുസരിച്ച് ജീവിക്കാമെന്നതാണ് സവിശേഷത. കിടങ്ങുകൾ നിർമ്മിച്ചും വൈദ്യുതവേലി കെട്ടിയുമാണ് മൃഗങ്ങളെ നിയന്ത്രിക്കുന്നത്. വനംവകുപ്പിന്റെ കീഴിലാണ് മൃഗശാലയുടെ പ്രവർത്തനം. സീബ്ര, ജിറാഫ്, അനാകോണ്ട എന്നിവയോടൊപ്പം തെക്കൻ ആഫ്രിക്കയിലെ തുറന്ന സമതലങ്ങളിലും പീഠഭൂമിയുടെ താഴ്‌വരകളിലും കാണുന്ന വലിപ്പമുള്ള മാനുകളായ എലാൻഡകളും ഉടനെ പാർക്കിലെത്തുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ 28നായിരുന്നു ഉദ്ഘാടനം. അതിനു ശേഷം രണ്ടുമാസം ട്രയൽ റണ്ണാക്കാനായിരുന്നു തീരുമാനിച്ചത്. ഈ കാലയളവിൽ പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്ന വിദ്യാർത്ഥികൾക്കും മറ്റും മാത്രമായി നിജപ്പെടുത്തി. തിരക്കുണ്ടാകുമ്പോൾ മൃഗങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനായിരുന്നു ഇത്. മനുഷ്യരുമായി ഇണങ്ങിച്ചേരുന്നതോടെ ജനുവരി മാസത്തോടെ എല്ലാവർക്കും പ്രവേശനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വീണ്ടും വെെകി. ഒടുവിൽ കഴിഞ്ഞ ദിവസം പാർക്ക് പൊതുജനങ്ങൾക്കായി തുറക്കുകയായിരുന്നു.

പല വിദേശമൃഗങ്ങൾക്കും അനുകൂലമാണ് പുത്തൂർ. ധാരാളം കുറ്റിച്ചെടികൾ പോലെയുള്ള കുറ്റിക്കാടുകൾ അടങ്ങിയ വരണ്ട പ്രദേശങ്ങളിലാണ് എലാൻഡകൾ പോലുളള മൃഗങ്ങൾ കഴിയുക. അതുകൊണ്ട് പുത്തൂർ ഇവയ്ക്ക് അനുയോജ്യമാകും. പാർക്ക് പ്രവർത്തനം തുടങ്ങിയ ശേഷമാണ് സാധാരണ മൃഗങ്ങളെയെത്തിക്കാറുള്ളത്. പക്ഷേ, നിർമ്മാണത്തിന് കാലതാമസമുണ്ടായതോടെ തൃശൂർ മൃഗശാലയിൽ നിന്ന് വേഗം മൃഗങ്ങളെ എത്തിക്കുകയായിരുന്നു. പാർക്കിൽ മൊത്തം പ്രതീക്ഷിക്കുന്ന പക്ഷിമൃഗാദികൾ 700 ലേറെയാണ്. എല്ലാ മൃഗങ്ങളുമെത്തി സർവ്വസജ്ജമായാൽ പുത്തൂർ വിനോദസഞ്ചാരഭൂപടത്തിൽ നിർണ്ണായക ഇടം നേടുമെന്നതിൽ തർക്കമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY