SignIn
Kerala Kaumudi Online
Monday, 25 May 2026 6.52 AM IST

പ്രതിസന്ധിയിലാവരുത് പാമ്പുകടി ചികിത്സ

a

പാമ്പുകടിയേറ്റ് സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് ഏഴ് ജീവനുകളാണ്. രണ്ട് വയോധികരാണ് ഞായറാഴ്ച പാമ്പുകടിയേറ്റ് മരിച്ചത്- കണ്ണൂരിൽ എഴുപതുകാരിയായ നഫീസയും ഇടുക്കിയിൽ എൺപത്തിയാറുകാരിയായ വിശാലാക്ഷിയും. ഇതുകൂടാതെ വിനോദസഞ്ചാരികൾക്കുൾപ്പെടെ പാമ്പുകടിയേറ്റ സംഭവങ്ങളും പലയിടങ്ങളിലായി ഉണ്ടായി.

തൃശൂരിലെ എട്ടുവയസുകാരൻ ആൽജോയുടെയും ചിറയിൻകീഴിലെ എട്ടുവയസുകാരൻ ദിക്ഷലിന്റെയും പാമ്പുകടിയേറ്റുള്ള മരണങ്ങൾ നാട്ടുകാർക്കാകെ നൊമ്പരമായി മാറിയതാണ്.

സംസ്ഥാനത്ത് ഞായറാഴ്ച മാത്രം പാമ്പുകടിയേറ്റ് 108ന്റെ സേവനം തേടിയത് 16 പേരാണ്. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ജില്ലകളിൽ നിന്നും പാമ്പുകടിയേൽക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. ഉറങ്ങിക്കിടക്കുമ്പോഴും പരിസരം വൃത്തിയാക്കുമ്പോഴും പൂന്തോട്ടത്തിലൂടെ റിസോർട്ടിൽ ഉലാത്തുമ്പോഴുമാക്കെ പാമ്പുകടിയേൽക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.

ഇതിനിടയിൽ തൃശൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന പത്തുവയസുകാരൻ അനോജിന്റെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കാൻ തീരുമാനിച്ചത് അഭിനന്ദനീയമാണ്. കഴിഞ്ഞ 19ന് തൃശൂർ കോടാലിയിലെ വീട്ടിൽ നിലത്തു കിടന്നുറങ്ങുമ്പോഴാണ് അനോജിനും സഹോദരൻ ആൽജോയ്ക്കും പാമ്പുകടിയേറ്റത്. ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല. കടുത്ത വേനൽ കാരണം ചൂട് സഹിക്കാതെ പാമ്പുകൾ മാളം വിട്ട് പുറത്തിറങ്ങുന്നതാണ് പലർക്കും പാമ്പുകടിയേൽക്കുന്നതിന് ഇടയാക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സ്ഥിതിഗതികൾ വളരെ രൂക്ഷമായിരിക്കെ പാമ്പുകടിയേറ്റ് എത്തുന്നവർക്കുള്ള ചികിത്സ ആശുപത്രികളിൽ ഇഴയുന്നു എന്ന പരാതിയും ഉയർന്നിട്ടുള്ളത് ഒട്ടും ആശാസ്യമല്ല. പാമ്പുകടിയേൽക്കുന്നവർക്കുള്ള ആന്റിവെനം ലഭ്യമായ ആശുപ്രതികളുടെ പട്ടിക പുറത്തുവിട്ടതു കൊണ്ടുമാത്രം കാര്യമില്ലെന്നും മതിയായ ചികിത്സ ഉറപ്പാക്കാനുള്ള നടപടികളാണ് വേണ്ടതെന്നും സർക്കാർ ഡോക്ടർമാർ തന്നെ പരസ്യമായി പറയുന്നു.

പാമ്പുകടിയേറ്റ് മരണങ്ങൾ വർദ്ധിക്കുന്നത് പലർക്കും മതിയായ ചികിത്സ ലഭിക്കാത്തതിനാലും താലൂക്ക് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതിനാലുമാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. താഴെത്തട്ടിലുള്ള ആശുപത്രികളിൽ വെന്റിലേറ്ററും ഐ.സി.യുവും കൃത്യമായ മറ്റ് നിരീക്ഷണ സൗകര്യങ്ങളും സജ്ജമല്ലെങ്കിൽ ആന്റിവെനം നൽകുന്നത് രോഗിയെ അപകടത്തിലാക്കും. മാരകമായ അലർജി റിയാക്ഷൻ ഉണ്ടായി രോഗിയുടെ ജീവൻ തന്നെ നഷ്ടപ്പെടുത്താൻ ഈ സൗകര്യങ്ങളുടെ അപര്യാപ്തത ഇടയാക്കും. അതിനാൽ മതിയായ ജീവൻരക്ഷാ ഉപകരണങ്ങളും 24 മണിക്കൂറും സേവനം നൽകാൻ ഡോക്ടർമാരും ആവശ്യമാണ്. ഡോക്ടർമാരുടെ കുറവാണ് ഉടനടി പരിഹരിക്കേണ്ട പ്രധാന പ്രശ്നം. അത്യാഹിത വിഭാഗത്തിൽ ഒരേ സമയം കുറഞ്ഞത് രണ്ട് ഡോക്ടർമാരുടെയെങ്കിലും സേവനം ഇതിനായി ലഭ്യമാക്കണം.

പുതിയ തസ്തികകൾ ചട്ടപ്പടി സൃഷ്ടിക്കുന്നതിന് പകരം താത്‌കാലിക നിയമനം നടത്തി അടിയന്തര സാഹചര്യം നേരിടാനാണ് സർക്കാർ നടപടി സ്വീകരിക്കേണ്ടത്. അതുപോലെ തന്നെ ആന്റിവെനം ലഭ്യമായ ആശുപത്രികളിൽ ഐ.സി.യു വെന്റിലേറ്റർ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ചിറയിൻകീഴിൽ പാമ്പുകടിയേറ്റ ദിക്ഷലിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അവിടെ ആന്റിവെനം നൽകാതെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. യാത്രാമദ്ധ്യേയാണ് ദിക്ഷൽ മരണമടഞ്ഞത്. ഇത്തരം സംഭവങ്ങൾ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കേണ്ടത്. ഭൂരിഭാഗം സർക്കാർ ആശുപത്രികളിലെയും വിഭാഗങ്ങൾ തിരക്കുമൂലം ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്. ഒരു ഡോക്ടർ മാത്രം ഡ്യൂട്ടിയിലുള്ള സാഹചര്യത്തിൽ ഗുരുതരമായ അവസ്ഥയിലുള്ള രോഗികൾക്ക് മതിയായ ശ്രദ്ധ നൽകാൻ കഴിയാത്ത അവസ്ഥ പരിഹരിക്കപ്പെടണം. അതുപോലെ തന്നെ എത്ര ഡോസ് ആന്റിവെനം സ്റ്റോക്കുണ്ടെന്ന വിവരവും വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY