SignIn
Kerala Kaumudi Online
Monday, 25 May 2026 7.35 AM IST

ആര് കേരളം ഭരിക്കും...? നാളെ അറിയാം

f

മാർച്ച് 15ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം, ഏപ്രിൽ ഒമ്പതിന് കേരളം ബൂത്തിൽ, നാളെ ഫലം. അതിനിടെ ചെറുതും വലുതുമായ പലവിധ വിവാദങ്ങൾ. എക്‌സിറ്റ് പോളുകൾ പൊതുവെ വലത്തോട്ടായിരുന്നു . ആരൊക്കെ അകത്താവും എക്‌സിറ്റാവും എന്നെല്ലാമറിയാൻ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് കേരളം. പ്രചാരണത്തിന് ചുക്കാൻ പിടിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ അവസാന ലാപ്പിൽ ഫലം വിലയിരുത്തുന്നു.


ബി.ജെ.പിക്ക് ഒറ്റ സീറ്റുമില്ല; ഉറപ്പാണ് മൂന്നാം സർക്കാർ

എം.വി ഗോവിന്ദൻ,

(സി.പി.എം സംസ്ഥാന സെക്രട്ടറി )

നാലിന് വോട്ടെണ്ണിയാൽ പലരുടേയും അവകാശവാദങ്ങൾ പൊളിയും. മൂന്നാം ഇടത് സർക്കാർ ഉറപ്പാണ്. കഴിഞ്ഞ പത്തുവർഷം കേരളം എങ്ങനെ മാറിയെന്ന് കേരളത്തിലെ ജനത്തിനറിയാം. വിവാദങ്ങളെല്ലാം അസ്ഥാനത്താവും. എക്‌സിറ്റ് പോൾ ഫലങ്ങളൊന്നും ആധികാരികമല്ല. 69 സീറ്റുവരെ ഇടതുപക്ഷത്തിന് പ്രവചിച്ചവരുണ്ട്. അപ്പോൾ പിന്നെ രണ്ട് സീറ്റുകൂടി ആയാൽ ഭരണം ഉറപ്പല്ലേ. കേരളത്തിലെ സർക്കാരിനെതിരെ ഒരുതരത്തിലുള്ള ഭരണ വിരുദ്ധ വികാരവും റിപ്പോർട്ട് ചെയ്തിട്ടില്ല. പിണറായി വിജയന് കീഴിൽ ഒറ്റക്കെട്ടായി പാർട്ടിയും മുന്നണിയും ഉണ്ടായിരുന്നു. ഒരു അഴിമതി ആരോപണം പോലുമില്ലാത്ത വർഷങ്ങളാണ് കടന്നുപോയത്. ജനക്ഷേമ പ്രവർത്തനങ്ങളുടെ എണ്ണം പറഞ്ഞാൽ തീരുമോ. വലുതും ചെറുതുമായ എത്രയേറെ പദ്ധതികൾ വന്നു. പെൻഷനടക്കം സാധാരണക്കാരുടെ പ്രശ്‌നങ്ങളിലെല്ലാം സർക്കാർ ന്യായമായ നിലപാടെടുത്തില്ലേ. പിന്നെ എന്തിനാണ് പേടി. ബി.ജെ.പി വലിയ അവകാശ വാദങ്ങളൊക്കെ ഉന്നയിക്കുന്നുണ്ട്. കേരളത്തിൽ അവർക്ക് ഒറ്റ സീറ്റുപോലും കിട്ടില്ല. കണ്ണൂരും കോഴിക്കോടും പാലക്കാടും കൊല്ലവും ആലപ്പുഴയുമടക്കം ഇടതുപക്ഷത്തിന്റെ തേരോട്ടമുണ്ടാവും. അധികാര മോഹത്തിന്റെ പേരിൽ പാർട്ടി വിട്ട് മത്സരിച്ച ഒരാൾപോലും നിലം തൊടില്ല.

യു.ഡി.എഫ് ഭരിക്കും

സണ്ണി ജോസഫ്

(കെ.പി.സി.സി പ്രസിഡന്റ്)

കേരളം യു.ഡി.എഫ് ഭരിക്കുമെന്നതിൽ ആർക്കും തർക്കം വേണ്ട. സീറ്റിന്റെ എണ്ണമൊന്നും ഇപ്പോൾ പറയുന്നില്ല. കംഫർട്ടബൾ മെജോറിറ്റി ഉണ്ടാവും. ഇക്കഴിഞ്ഞ ദിവസങ്ങളിൽ വന്ന എക്‌സിറ്റ് പോളുകളെല്ലാം യു.ഡി.എഫിന് ഭൂരിപക്ഷം പ്രഖ്യാപിച്ചു. അത് വലിയ ആത്മവിശ്വാസമാണ് നൽകിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഫലം കേരളം എങ്ങോട്ടേക്കാണെന്ന് കാണിച്ചുതന്നു. കഴിഞ്ഞ പത്തുവർഷക്കാലത്തെ എൽ.ഡി.എഫ് ഭരണം കേരളത്തിലെ ജനത്തെ വെറുപ്പിച്ചതിന്റെ ചിത്രം കൂടിയാവും ഫലം. മുൻകാലങ്ങളിലൊന്നും ഇല്ലാത്ത വിധം ഒറ്റക്കെട്ടായിട്ടാണ് ഇത്തവണ യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എവിടേയും ഒരു അപശബ്ദം പോലുമുണ്ടായില്ല. നല്ല സപ്പോർട്ടാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്നുണ്ടായത്. രാഹുൽഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രിയങ്കാഗാന്ധിയും കെ.സി.വേണുഗോപാലുമെല്ലാം കേരളം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പിനെ നയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച പുതുയുഗ യാത്ര വലിയ രീതിയിൽ ജനങ്ങൾക്കിടയിൽ ആവേശമുണ്ടാക്കി. ഈ അവസരം കേരളത്തിലെ മുഴുവൻ വോട്ടർമാർക്കും നന്ദി പറയാൻ കൂടി ഉപയോഗിക്കുകയാണ്.

എൻ.ഡി.എ ഇല്ലാതെ കേരളമില്ല

രാജീവ് ചന്ദ്രശേഖർ
(ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്)

വർഷങ്ങളായി തുടങ്ങിയ എൽ.ഡി.എഫ് - യു.ഡി.എഫ് വീതംവെപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ കഴിഞ്ഞു. ഇനി എൻ.ഡി.എ ഇല്ലാതെ കേരളമില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം അത് തെളിയിക്കും. തദ്ദേശത്തിൽ കണ്ടുതുടങ്ങിയ മാറ്റം നിയമസഭയിലും ആവർത്തിക്കും. സീറ്റുകളുടെ എണ്ണമൊന്നും പറയുന്നില്ല. പക്ഷേ, അവിശ്വസനീയമാവും ഫലം. എക്‌സിറ്റ് പോളുകാരും രാഷ്ട്രീയ നിരീക്ഷകരുമൊന്നും പ്രവചിക്കാത്ത മണ്ഡലങ്ങൾ എൻ.ഡി.എയുടെ ഭാഗമാവും. വരുന്ന നിയമസഭ ബി.ജെ.പിയുടെ ശബ്ദം ഉച്ചത്തിൽ കേൾക്കും.
12 വർഷം കൊണ്ട് ഈ രാജ്യം മാറിയില്ലേ. അപ്പോ കേരളവും മാറാൻ പോവുകയാണ്. ത്രികക്ഷി മത്സരം നടക്കുന്ന അവസാന നിയമസഭ തിരഞ്ഞെടുപ്പാണ് ഇത്തവണ കേരളം കണ്ടത്. ഇനി കേരളത്തിൽ രണ്ട് രാഷ്ട്രീയ മുന്നണികൾ മാത്രമേ ഉണ്ടാകൂ. ഒരു വശത്ത് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയും മറുവശത്ത് 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരുമിച്ച് നിൽക്കുന്ന കോൺഗ്രസ്-സി.പി.എം സഖ്യവും. കേരളം ആ മാറ്റത്തിലേക്കാണ് നടക്കുന്നത്. ഇത്തവണ കേരളത്തിൽ ഭരിക്കാൻ പാകത്തിൽ ഇരുമുന്നണികൾക്കും ഭൂരിപക്ഷം കിട്ടില്ല. തീർച്ചയായും എൻ.ഡി.എ നിർണായക ശക്തിയാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY