SignIn
Kerala Kaumudi Online
Monday, 25 May 2026 6.51 AM IST

വിസ്മരിക്കപ്പെട്ട ചോരമണക്കും ചരിത്രം

fire

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലുള്ള പശുമല എസ്റ്റേറ്റ് ഇന്ന് ശാന്തമാണ്. എന്നാൽ 1952 ഏപ്രിൽ 22ന് ഈ മണ്ണ് സാധാരണക്കാരായ തോട്ടം തൊഴിലാളികളുടെ രക്തത്താൽ നനഞ്ഞതായിരുന്നു. കേരളത്തിലെ തോട്ടം മേഖലയിൽ നടന്ന ആദ്യ പൊലീസ് വെടിവയ്പ്പ് എന്ന് ചരിത്രം അടയാളപ്പെടുത്തിയ ഈ സംഭവം, തോട്ടം തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾക്കായി നടന്ന ഐതിഹാസികമായ പോരാട്ടത്തിന്റെ ബാക്കിപത്രമാണ്. ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും ആ നടുക്കം വിട്ടുമാറാതെ തൊഴിലാളി ലയങ്ങൾ ഇന്നും ആ കറുത്ത ദിനങ്ങളെ ഓർത്തെടുക്കുന്നു.

'പിള്ള അരിശി" സമരം
ബ്രിട്ടീഷ് തോട്ടമുടമകൾ തൊഴിലാളികളെ അതിക്രൂരമായ ചൂഷണത്തിന് ഇരയാക്കിയിരുന്ന കാലമായിരുന്നു അത്. പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ തുടങ്ങിയ മേഖലകളിലെ തേയില തോട്ടങ്ങളിൽ വിശ്രമമില്ലാത്ത ജോലിയും ഭക്ഷണത്തിന് പോലും തികയാത്ത നാമമാത്രമായ കൂലിയും മൂലം തൊഴിലാളികൾ കടുത്ത ദുരിതത്തിലായിരുന്നു. 1946ൽ അന്നത്തെ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ നാല് ശതമാനം ബോണസ് നൽകാൻ ഉത്തരവിട്ടെങ്കിലും തോട്ടം ഉടമകൾ അത് നടപ്പിലാക്കാൻ തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ അതിജീവന മാർഗ്ഗങ്ങളിൽ ഒന്നായിരുന്ന 'പിള്ള അരിശി" (കുട്ടികൾക്കുള്ള അരി) പശുമല എസ്റ്റേറ്റിൽ നിറുത്തലാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്. തോട്ടം മേഖലയിൽ ജോലി ചെയ്യുമ്പോൾ കുട്ടികളെ സംരക്ഷിച്ചിരുന്ന 'പിള്ളപ്പുര"കളിൽ (അംഗൻവാടിയ്ക്ക് സമാനം) വെച്ചായിരുന്നു ഈ അരി വിതരണം ചെയ്തിരുന്നത്. കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ ലഭിച്ചിരുന്ന ഈ ഏക ആശ്വാസം കൂടി ഇല്ലാതായതോടെ തൊഴിലാളികൾ സമരമുഖത്തേക്ക് നീങ്ങി.

പോരാട്ടത്തിന്റെ നാളുകൾ
ഐ.എൻ.ടി.യു.സി നേതാവായിരുന്ന എം.എം. സുന്ദരത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. 1952 ഏപ്രിൽ 21ന് തൊഴിലാളികൾ തോട്ടമുടമയുടെ ബംഗ്ലാവിലേക്ക് വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തി. 22ന് സമരം പശുമലയുടെ അതിരുകൾ ഭേദിച്ചു. തങ്കമല, ഇഞ്ചിക്കാട്, മഞ്ചുമല, ചുരക്കുളം തുടങ്ങിയ സമീപ എസ്റ്റേറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് തൊഴിലാളികൾ പ്രകടനമായി അണി ചേർന്നു. വണ്ടിപ്പെരിയാർ മേഖല അന്നുവരെ കണ്ടിട്ടില്ലാത്ത വിധം തൊഴിലാളി മുന്നേറ്റം ശക്തമായി. പ്രകോപിതനായ തോട്ടമുടമ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചു. പീരുമേട് മജിസ്‌ട്രേറ്റ് വെടിവയ്പ്പിന് ഉത്തരവിട്ടതോടെ പശുമലയിലെ 'പിള്ളപ്പുര"യ്ക്ക് സമീപം ചോരപ്പുഴ ഒഴുകി.

പൊലീസ് നരനായാട്ട്

പൊലീസ് നടത്തിയ വെടിവയ്പ്പിൽ മാധവൻ, പൊന്നയ്യൻ എന്നീ രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വെടിയേറ്റും ലാത്തിച്ചാർജ്ജിലും ഗുരുതരമായി പരിക്കേറ്റു. വെടിവയ്പ്പിന് ശേഷവും പൊലീസ് നരനായാട്ട് തുടർന്നു. അറസ്റ്റ് ഭയന്ന് നേതാവായ എം.എം. സുന്ദരവും ഭൂരിഭാഗം പുരുഷ തൊഴിലാളികളും കാടുകളിലും മറ്റും ഒളിവിൽ പോകേണ്ടി വന്നു. പശുമലയിലെ ലയങ്ങളിൽ നാഥനില്ലാതായതോടെ പൊലീസും തോട്ടം മേധാവികളും സ്ത്രീകളെയും കുട്ടികളെയും ലയങ്ങളിൽ കയറി ക്രൂരമായി മർദ്ദിക്കുന്നതും പീഡിപ്പിക്കുന്നതും പതിവായി. ദിവസങ്ങളോളം പശുമല എസ്റ്റേറ്റിൽ ഭീതിയൊഴിയാത്ത സ്ത്രീകളും കുട്ടികളും മാത്രമാണ് അവശേഷിച്ചത്.

കമ്മ്യൂണിസത്തിന്റെ പിറവി
പശുമല വെടിവയ്പ്പ് കേരളത്തിലെ തോട്ടം മേഖലയുടെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിച്ചു. അന്ന് ഭരണത്തിലിരുന്ന കോൺഗ്രസ് സർക്കാരിന്റെയും പൊലീസ് നടപടികളുടെയും ക്രൂരതയ്‌ക്കെതിരെ ജനരോഷം ഉയർന്നു. ഈ സാഹചര്യത്തിലാണ് കമ്മ്യൂണിസ്റ്റ് നേതാക്കളായ റോസമ്മ പുന്നൂസ്, പി.ടി. സൈമൺ ആശാൻ, കെ.ഐ. രാജൻ തുടങ്ങിയവർ പശുമലയിലെത്തിയത്. അവർ അവിടെ താമസിച്ച് തൊഴിലാളികൾക്ക് ധൈര്യം പകരുകയും ഒളിവിൽ പോയവരെ തിരിച്ചുകൊണ്ടുവരികയും ചെയ്തു. ഈ ഇടപെടൽ പീരുമേട്, റാണിമുടി, ലക്ഷ്മിക്കോവിൽ തുടങ്ങിയ മേഖലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും എ.ഐ.ടി.യു.സിയുടെയും അടിത്തറ ശക്തമാക്കി. സമരത്തിന് നേതൃത്വം നൽകിയ എം.എം. സുന്ദരം പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും 1957ലെ ആദ്യ ഇ.എം.എസ് സർക്കാരിൽ പീരുമേട്ടിൽ നിന്നുള്ള ആദ്യ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

രക്തസാക്ഷികളെ മറന്നു
74 വർഷങ്ങൾ പിന്നിടുമ്പോൾ പശുമലയിലെ ആ രക്തസാക്ഷ്യങ്ങൾ ഇന്ന് വിസ്മൃതിയിലാണ്. കൊല്ലപ്പെട്ട മാധവനും പൊന്നയ്യനും വേണ്ടി ഒരു ചെറിയ സ്മാരകം പോലും പശുമലയിൽ ഇതുവരെ ഉയർന്നിട്ടില്ല. ഇത് രാഷ്ട്രീയ പാർട്ടികളുടെയും തോട്ടം തൊഴിലാളി യൂണിയനുകളുടെയും ഭാഗത്തു നിന്നുള്ള വലിയ അവഗണനയാണെന്നതിൽ സംശയമില്ല. വെടിവയ്പ്പിൽ മരിച്ച രക്തസാക്ഷികളുടെ മൃതദേഹങ്ങൾ എവിടെയാണ് മറവ് ചെയ്തതെന്ന് ഇന്നും ആർക്കും കൃത്യമായ അറിവില്ല. സ്വന്തം ജീവൻ ബലി നൽകി തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി പോരാടിയ ആ മനുഷ്യരുടെ ശവകുടീരങ്ങൾ പോലും തിരിച്ചറിയപ്പെടാതെ എവിടെയോ മണ്ണടിഞ്ഞു പോയി. തൊഴിലാളികൾ ജോലി ചെയ്യുമ്പോൾ കുട്ടികളെ സംരക്ഷിച്ചിരുന്ന പശുമലയിലെ ആ പഴയ 'പിള്ളപ്പുര" കെട്ടിടം ഇന്നും അവിടെ ഒരു മൗനസാക്ഷിയായി നിലകൊള്ളുന്നു. തോട്ടം തൊഴിലാളികൾ ഇന്നും നേരിടുന്ന കുറഞ്ഞ വേതനം, ലയങ്ങളുടെ ശോചനീയാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾക്കിടയിൽ പശുമലയുടെ ചരിത്രം നമുക്ക് പ്രചോദനമാണ്. ആ രക്തസാക്ഷികളുടെ ഓർമ്മകൾ പുതുക്കുന്നത് അവരുടെ പോരാട്ട വീര്യത്തോടുള്ള ഏറ്റവും വലിയ നീതിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY