SignIn
Kerala Kaumudi Online
Monday, 25 May 2026 7.36 AM IST

ഹോർമുസിലെ ഇന്ത്യൻ നയതന്ത്ര വിജയം

hormus

ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളുടെ പ്രത്യാഘാതം ഗൾഫ് രാജ്യങ്ങളിലേക്കു കൂടി പടരുകയും,​ ഹോർമുസ് കടലിടുക്കു വഴിയുള്ള എണ്ണക്കടത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ സങ്കീർണമാവുകയാണ്. ലോക ജനസംഖ്യയുടെ അഞ്ചിലൊന്നും വസിക്കുന്ന ഇന്ത്യയുടെ ഊർജ്ജ ഉപഭോഗം വളരെ ഉയർന്നതാണ്. അതുകൊണ്ടു തന്നെ ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളുമായും അതിവിദഗ്ദ്ധവും സങ്കീർണവുമായ നയതന്ത്ര ബന്ധങ്ങൾ ഇന്ത്യയ്ക്ക് കാത്തുസൂക്ഷിക്കേണ്ടതായുണ്ട്. അമേരിക്കയും ചൈനയും പാക്കിസ്ഥാനും പോലുള്ള രാജ്യങ്ങൾ സ്വീകരിക്കുന്ന ഇന്ത്യാവിരുദ്ധ നിലപാടുകളെ തന്ത്രപൂർവം മറികടന്നു വേണം,​ ഈ ലക്ഷ്യം സാധിക്കുവാൻ.

ഇവിടെയാണ് ഇറാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധവും അതിൽ നാം നേടിയ വിജയവും അമേരിക്കയെപ്പോലും ഞെട്ടിക്കുന്നത്. നാനൂറിലധികം എണ്ണ ടാങ്കറുകളും നൂറിലേറെ എൽ.പി.ജി ടാങ്കറുകളും കെട്ടിക്കിടക്കുന്ന ഹോർമുസ് കടലിടുക്കു വഴി ഇന്ത്യയുടെ 37 എൽ.പി.ജി ടാങ്കറുകളെയും എണ്ണ ടാങ്കറുകളെയും കടത്തിക്കൊണ്ടു വരികയെന്നത് അത്യന്തം ദുഷ്കരമായ ദൗത്യം തന്നെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡണ്ട് മസൂദ് ചെസ് കീയാനും തമ്മിൽ നടത്തിയ ചർച്ചകൾക്കു ശേഷം ഇറാനിലെ ഇന്ത്യൻ അംബാസിഡർ മുഹമ്മദ് ഹത്താലി പറഞ്ഞത്, മറ്റു രാജ്യങ്ങൾക്ക് അസാദ്ധ്യമായത് നാം നേടിയെടുത്തിരിക്കുന്നു എന്നാണ്.

രക്ഷകന്റെ

ഉപാധി

ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് ഇറാന്റെ ഒരു യുദ്ധക്കപ്പൽ അമേരിക്ക ടോർപ്പിഡോ ഉപയോഗിച്ച് മുക്കിയതിനുശേഷം വിഷയങ്ങൾ ഏറെ സങ്കീർണമായി. അപ്പോഴാണ്, ഇറാന്റെ ഒരു യുദ്ധകപ്പൽ

സുരക്ഷയ്ക്കായി ഇന്ത്യൻ സഹായം തേടിയത്. ആ കപ്പലിനെ തീരത്ത് അടുപ്പിക്കുവാനും കൊച്ചി തുറമുഖത്ത് സുരക്ഷിതമായ താവളം ഒരുക്കുവാനും ഇന്ത്യ തയ്യാറായപ്പോൾത്തന്നെ മറ്റൊരു നിബന്ധന ഇന്ത്യ ഇറാനു മുന്നിൽ വയ്ക്കുകയുണ്ടായി. ഹോർമുസ് കടലിടുക്കിനു പടിഞ്ഞാറ് കുടുങ്ങിക്കിടക്കുന്ന ഇന്ത്യയുടെ എണ്ണ ടാങ്കറുകളെയും എൽ.പി.ജി ടാങ്കറുകളെയും സുരക്ഷിതമായി ഇന്ത്യയിൽ എത്തിക്കുവാൻ സൗകര്യം ചെയ്തു നല്കണമെന്നതായിരുന്നു ആ ഉപാധി.

തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ നയതന്ത്ര ചർച്ചയിൽ,​ ഇന്ത്യൻ പതാക വഹിക്കുന്ന ഒരു കപ്പലിനെയും ആക്രമിക്കുകയില്ലെന്നും സുരക്ഷിത അകമ്പടിയോടെ അവയെ ഹോർമുസ് കടലിടുക്ക് കടത്തിവിടാമെന്നും ഇറാൻ സമ്മതിക്കുകയായിരുന്നു. നൂറിലേറെ രാജ്യങ്ങളുടേതായി അഞ്ഞൂറിലേറെ കപ്പലുകൾ ഈ കടലിടുക്കിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് ഇന്ത്യയുടെ 37 കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാൻ ഇന്ത്യ പ്രയോഗിച്ച നയതന്ത്രം പരിപൂർണ വിജയം കണ്ടത്.

ആഗോള പ്രശ്നങ്ങൾ ഉരുത്തിരിയുന്ന സമയത്തെല്ലാം ഇന്ത്യയിലെ മാദ്ധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ചോദിക്കുന്ന ഒരു പതിവ് ചോദ്യമുണ്ട്- നമ്മൾ ആരുടെ ഭാഗത്താണ് ? അതിന് കാരണമുണ്ട്. ഇന്നലെ വരെ ആഗോള ശാക്തിക ചേരികളിൽ ആരുടെയെങ്കിലും ചിറകിനു കീഴിൽ ഒതുങ്ങുന്ന അടിമത്ത നയതന്ത്രമായിരുന്നു ഇന്ത്യ ശീലിച്ചുവന്നത്. പക്ഷേ, നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറ്റതിനു ശേഷം സ്ഥിതിഗതികൾ നമ്മുടെ വഴിയേ വന്നു എന്ന് പറയുന്നതാണ് ശരി. സാമ്പത്തിക ഉപരോധങ്ങളിലൂടെ അമേരിക്ക എത്രതന്നെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുമ്പോഴും, ഇസ്രയേലിനെതിരായുള്ള മറ്റു രാഷ്ട്രങ്ങളുടെ നിലപാടുകൾ ഇന്ത്യയ്ക്കെതിരെ തിരിയാതിരിക്കാനുള്ള വൈദഗ്ദ്ധ്യപൂർണമായ നയതന്ത്രമാണ് നമ്മൾ പ്രയോഗിച്ചു വിജയിച്ചത്.

എണ്ണവീപ്പയിലെ

ധനകാര്യം

എണ്ണ വില 10 ശതമാനം ഉയർന്നാൽ ഗ്ലോബൽ ഇൻഫ്ലേഷൻ 0.4 ശതമാനം വർദ്ധിക്കുമെന്നാണ് ഐ.എം.എഫ്

പറയുന്നത്. ഇപ്പോഴത്തെ പശ്ചിമേഷ്യൻ സംഘർഷം ദീർഘനാളത്തേക്കു നീണ്ടാൽ ക്രൂഡോയിൽ വില ബാരലിന് 150 ഡോളർ വരെ എത്തിയേക്കാം. അങ്ങനെ വന്നാൽ കപ്പൽ വഴിയുള്ള കയറ്റിറക്ക് കൂലികൾ വൻതോതിൽ വർദ്ധിക്കും. വിമാന നിരക്കുകളും വർദ്ധിക്കും. ഈ സാമ്പത്തിക മാറ്റങ്ങളെല്ലാം ഓഹരി വിപണിയിൽ

പെട്ടെന്ന് പ്രതിഫലിക്കും. യുദ്ധം മൂന്നുമാസത്തോളം നീണ്ടുനിന്നാൽ അഞ്ചു മുതൽ ഒമ്പതു ശതമാനം വരെ സ്റ്റോക്ക് മാർക്കറ്റുകൾ നഷ്ടത്തിലാകും എന്നാണ് കണക്കുകൂട്ടലുകൾ.

എണ്ണ വില 100 ഡോളർ എന്ന നിലയിൽ നിന്നാൽപ്പോലും കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് 1.9 ശതമാനത്തിൽ നിന്ന് 2.2 ശതമാനത്തിലേക്ക് ഉയരാൻ സാദ്ധ്യതയുണ്ട്. തുടർന്ന് രൂപയുടെ മൂല്യം തകരുകയും പണപ്പെരുപ്പം അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാൽ റിസർവ് ബാങ്ക് അതിന്റെ പലിശ നിരക്കുകൾ ഉയർത്താൻ നിർബന്ധിതമാകും. യുദ്ധം നീണ്ടുനിന്നാൽ അത് ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരമായ മാറ്റത്തിനു പോലും കാരണമാവാം.

ഓയിൽ റിസർവ്

എന്ന കരുതൽ

ഊർജ്ജ ഉത്പാദനത്തിനായി എണ്ണയുടെയും ഗ്യാസിന്റെയും 90 ശതമാനവും ഇറക്കുമതി ചെയ്യേണ്ടിവരുന്ന ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്കും ഇതെല്ലാം ബാധകമാണ്. ഈ പ്രതിസന്ധികൾക്കെല്ലാം ഇടയിലും നമ്മെ സഹായിക്കുന്ന മറ്റൊരു ഘടകം ബാക്കിയുണ്ട്- അത്,​ നമ്മുടെ ഓയിൽ റിസർവ് ആണ്. ഗൾഫിലെ ചെറിയ രാജ്യങ്ങളുടെ എണ്ണ,​ ക്രൂഡോയിൽ രൂപത്തിൽ സൂക്ഷിച്ചിരിക്കുന്നത് ഇന്ത്യയിലാണ്. ഇവ നമ്മുടെ രാജ്യത്ത് സൂക്ഷിക്കുന്നതിനു പകരമായി നമ്മൾ ഉണ്ടാക്കിയിട്ടുള്ള ഒരു കരാറുണ്ട്. അതനുസരിച്ച്,​ ആ എണ്ണ സമ്പുഷ്ടമാക്കി ഡീസൽ,​ പെട്രോൾ,​ മണ്ണെണ്ണ എന്നിങ്ങനെ ലോക മാർക്കറ്റിൽ വിൽക്കാൻ അമ്പതുശതമാനം വരെ സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് ലഭിക്കും. അതായത്,​ പ്രതിസന്ധി തുടരുമ്പോൾപ്പോലും നമുക്ക് ഡീസൽ,​ പെട്രോൾ,​ മണ്ണെണ്ണ എന്നിവ ഉത്പാദിപ്പിച്ച് കയറ്റുമതിയിലൂടെ സാമ്പത്തിക വരുമാനം നേടാനാവും.

മറ്റൊന്ന്,​ ഉയർന്ന വരുമാനമുള്ള നമ്മുടെ മദ്ധ്യവർഗമാണ്. ആഗോള മാർക്കറ്റുകൾ ഇടിയുകയും കയറ്റുമതിയും ഇറക്കുമതിയും തകരാറിലാവുകയും ചെയ്യുന്നതോടെ വിദേശനാണ്യ ശേഖരത്തിൽ ഉണ്ടാകുന്ന കുറവ്

പരിഹരിക്കാൻ,​ ലോകരാജ്യങ്ങളുമായി രൂപയിൽ നേരിട്ട് വിനിമയം ചെയ്യാനുള്ള ബന്ധങ്ങൾ നാം സൃഷ്ടിച്ചു കഴിഞ്ഞു. അതായത്,​ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഡോളറിനെ പൂർണമായി ആശ്രയിക്കേണ്ടതില്ലാത്ത ഒരു അവസ്ഥയിലേക്ക് ഇന്ത്യ എത്തിക്കഴിഞ്ഞിരിക്കുന്നു.

പ്രതിരോധ രംഗത്തെ കയറ്റുമതിയുടെ വമ്പൻ സാദ്ധ്യതകളാണ് മറ്റൊന്ന്. യുദ്ധത്തിൽ മാറ്റുരയ്ക്കുന്ന ലോക ആയുധ കമ്പനികളുടെ ആയുധങ്ങൾക്കെല്ലാം ബദലായി,​ ശേഷിയും കൃത്യതയും തെളിയിച്ച ഇന്ത്യൻ ആയുധങ്ങൾ,​ യുദ്ധവിമാനങ്ങൾ,​ മിസൈലുകൾ,​ റഡാർ സംവിധാനങ്ങൾ,​ ഡ്രോണുകൾ തുടങ്ങി നൂറിലധികം ഇന്ത്യൻ കമ്പനികളുടെ പ്രതിരോധ ഉത്പന്നങ്ങൾ ആഗോള വിപണിയിൽ വലിയ പ്രിയമുള്ളതായി മാറുകയും ലോക ആയുധ വ്യാപാര രംഗത്ത് ഇന്ത്യ ഒരു 'ബിഗ് പ്ലെയർ" ആയി ഉയരുകയും ചെയ്യും.

ഭക്ഷ്യ കയറ്റുമതി മുതൽ മരുന്നു കയറ്റുമതി വരെയുള്ള രംഗങ്ങളിലും സാങ്കേതിക രംഗത്തും നിർമ്മാണ മേഖലയിലും വമ്പൻ വികസന സാദ്ധ്യതകളാണ് ഇന്ത്യൻ കമ്പനികളെ കാത്തിരിക്കുന്നത്. അതായത്,​ ഈ യുദ്ധം നീണ്ടുനിൽക്കുകയോ അഥവാ പെട്ടെന്ന് അവസാനിക്കുകയോ ചെയ്താൽപ്പോലും യുദ്ധത്തിനു ശേഷമുള്ള ഉയിർത്തെഴുന്നേല്പിന്റെ നാളുകളിൽ ഭാരതം മുഖ്യ റോൾ വഹിക്കുമെന്നത് വ്യക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY