SignIn
Kerala Kaumudi Online
Monday, 25 May 2026 5.50 AM IST

യുദ്ധം ഒന്നിനും പരിഹാരമല്ല

s

(യോഗനാദം 2026 മാർച്ച് 1 ലക്കം എഡിറ്റോറിയൽ)

നാളുകളായി സംഘർഷഭരിതമായിരുന്ന പശ്ചിമേഷ്യ ഇതാ ഒടുവിൽ സമ്പൂർണ യുദ്ധഭൂമിയായി. അപ്രതീക്ഷിതമല്ല ഈ യുദ്ധം. ഏതു നിമിഷവും സംഭവിക്കുമെന്ന് കരുതിയതാണ്. അനിവാര്യമായ പരിണതിയാണ് ഇറാനു നേരെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണം. ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയിയും കുടുംബവും ഏഴ് സുപ്രധാന സൈനിക കമാൻഡർമാരും കൊല്ലപ്പെട്ടു. ഇറാനും ശക്തമായി തിരിച്ചടിച്ചതോടെ അമേരിക്കൻ സൈനിക താവളങ്ങളുള്ള പശ്ചിമേഷ്യയിലെ ആറ് രാജ്യങ്ങളും ഇസ്രയേലും അക്ഷരാർത്ഥത്തിൽ യുദ്ധത്തിലാണ്. ഇറാന്റെ ധിക്കാരത്തിനെതിരെ പ്രതികരിക്കേണ്ടി വരുമെന്ന് യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹറിൻ, കുവൈറ്റ്, ഒമാൻ എന്നീ ജി.സി.സി രാജ്യങ്ങളും വ്യക്തമാക്കിയതോടെ ആഗോള സമാധാനത്തിനും സാമ്പത്തിക രംഗത്തിനും ഭീഷണിയായേക്കാവുന്ന നിലയിലേക്ക് ഈ ഏറ്റുമുട്ടൽ വ്യാപിക്കുകയാണ്.


സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള, മാനവിക നാഗരിക സംസ്‌കൃതിയുടെ ഈറ്റില്ലമായി കരുതപ്പെടുന്ന പശ്ചിമേഷ്യയ്ക്ക് എക്കാലവും സമാധാനം അന്യമായിരുന്നു. ആധുനിക ഭൂപടത്തിലെ ഈ പ്രദേശത്തുള്ളത് സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, യെമൻ, ജോർദാൻ, ലബനൻ, സിറിയ, പാലസ്തീൻ, തുർക്കി തുടങ്ങിയ ഇസ്ളാമിക രാജ്യങ്ങളും യഹൂദ രാജ്യമായ ഇസ്രയേലുമാണ്. പെട്രോ ഡോളറിന്റെ ബലത്തിൽ ജി.സി.സി രാജ്യങ്ങൾ പുരോഗതിയിലേക്ക് കുതിച്ചപ്പോൾ ജനസംഖ്യ ഏറെയുള്ള ഇറാനും ഇറാഖും സിറിയയും ലബനനും ജോർദാനും പാലസ്തീനും മറ്റും ഇസ്രയേലുമായുള്ള വംശീയവും ചരിത്രപരവുമായ മുസ്ളീം യഹൂദ വൈരം തീർക്കുന്ന തിരക്കിലായിരുന്നു. ഇപ്പോഴത്തെ സംഘർഷത്തിന്റെ അടിസ്ഥാനവും അതുതന്നെയാണ്.

ഇസ്രയേലിനെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കുമെന്ന ഇറാന്റെ നിലപാടും ആണവശക്തിയാകാനുള്ള അവരുടെ രഹസ്യ നീക്കങ്ങളും ലോകസമാധാനത്തിന് ഭീഷണിയുയർത്തിയിട്ട് കാലങ്ങളായി. ഇറാഖുമായി പതിറ്റാണ്ട് നീണ്ട യുദ്ധത്തിൽ തകർന്ന് തരിപ്പണമായ ഇറാൻ ആ ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ല. ഇറാഖ് ആകട്ടെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്. സിറിയയും ലബനനും ജോർദാനും പാലസ്തീനും ഇതിലും ദയനീയമായ സ്ഥിതിയിലാണ്. ജനക്ഷേമത്തിനും രാജ്യപുരോഗതിക്കും വേണ്ടി നയങ്ങൾ രൂപീകരിക്കുന്നതിനു പകരം മതപരമായ തീവ്രനിലപാടുകൾ സ്വീകരിച്ചാൽ ഇതല്ലാതെ എന്തു സംഭവിക്കാനാണ്? ഇസ്രയേലെന്ന ചെറുരാജ്യമാകട്ടെ, നിലനില്പിനായി എന്തും ചെയ്യുമെന്ന സ്ഥിതിയിലാണ്. ചുറ്റുമുള്ള അറബ് രാജ്യങ്ങൾ ഒറ്റയ്ക്കും കൂട്ടായും ശ്രമിച്ചിട്ടും ഇസ്രയേലിനെ കീഴ്‌പ്പെടുത്താൻ സാധിച്ചിട്ടില്ല. അവരുടെ സാമ്പത്തിക, സൈനിക ശേഷിയും അമേരിക്കൻ പിന്തുണയും തന്ത്രങ്ങളും അത്രയ്ക്ക് ശക്തമാണ്.

ഒട്ടൊക്കെ ശാന്തമായിരുന്ന കാലഘട്ടത്തിൽ ഹമാസ് പോരാളികൾ 2023 ഒക്ടോബറിൽ ഇസ്രയേലിൽ കാണിച്ച സാഹസത്തെ തുടർന്നുണ്ടായ തിരിച്ചടിയിൽ പാലസ്തീൻ ജനത അനുഭവിക്കേണ്ടിവന്നത് സമാനതകളില്ലാത്ത ദുരിതങ്ങളാണ്. കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ പതിനായിരങ്ങൾക്ക് ജീവനും കിടപ്പാടവും നഷ്ടമായി. ആ യുദ്ധം അവസാനിപ്പിക്കാൻ എത്രയേറെ പ്രയത്നങ്ങൾ വേണ്ടിവന്നു! ചെറുതായാലും വലുതായാലും യുദ്ധത്തിന്റെ കെടുതികൾ പേറേണ്ടിവരുന്നത് തലമുറകളാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.
ചെറിയൊരു രാജ്യമായ യുക്രെയിനെതിരെ ലോകശക്തിയായ റഷ്യ പട തുടങ്ങിയപ്പോൾ കരുതിയത് ദിവസങ്ങൾക്കുള്ളിൽ അവരെ തറപറ്റിക്കാമെന്നായിരുന്നു. നാലു വർഷം പിന്നിട്ടിട്ടും അത് തീർക്കാനായിട്ടില്ല.

യെമനിലെയും സുഡാനിലെയും മറ്റും ആഭ്യന്തര സംഘർഷങ്ങൾ അന്തമില്ലാതെ തുടരുകയാണ്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും കഴിഞ്ഞ കുറച്ചുനാളായി തുറന്ന പോരാട്ടത്തിലാണ്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ അത്ര ശുഭകരമല്ല. ചൈനയുടെ കയ്യേറ്റ ഭീഷണിയിലാണ് തായ്‌വാൻ. അമേരിക്ക വെനിസ്വേലയിൽ നടത്തിയ ഇടപെടലും ഗ്രീൻലാന്റ് പിടിച്ചെടുക്കാനുള്ള നീക്കങ്ങളും മറ്റും വലിയ ആശങ്കകൾ ഉണ്ടാക്കിയിരുന്നു. പശ്ചിമേഷ്യ യുദ്ധഭൂമിയായാൽ ലോകത്തെ സാമ്പത്തിക രംഗം കുഴഞ്ഞുമറിയും. ഇന്ധനവില ഉയരും. ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളും പ്രതിസന്ധിയുടെ പടുകുഴിയിലാകും. ലോകത്ത് ഏറ്റവും അധികം പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 140 കോടി ജനങ്ങളെ തീറ്റിപ്പോറ്റേണ്ട ബാദ്ധ്യത ചെറുതല്ല.


കേരളമെന്ന കൊച്ചു സംസ്ഥാനം ഇറാൻ സംഘർഷത്തെ തുടർന്ന് നേരിടുന്ന പ്രശ്നങ്ങൾ ഗൗരവമേറിയതാണ്. ജി.സി.സി രാജ്യങ്ങളിലും ഇസ്രയേലിലുമായി 30 ലക്ഷത്തോളം മലയാളികൾ പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്നുണ്ട്. നമ്മുടെ പുരോഗതിയുടെ ഒരു ഘടകം ഇവർ കേരളത്തിലേക്കെത്തിച്ച സമ്പത്താണ്. ഗൾഫിൽ ജോലി ചെയ്യുന്ന മക്കളോ മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാത്ത വീടുകൾ ഇവിടെ ഇല്ലെന്നു തന്നെ പറയാം. ആ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസികവ്യഥയുടെ തീവ്രത ഊഹിക്കാവുന്നതേയുള്ളൂ. ഓരോ നിമിഷവും അവർ തീതിന്നാണ് ജീവിക്കുന്നത്. യുദ്ധങ്ങൾക്കു മുന്നിൽ മനുഷ്യൻ നിസ്സഹായനായിപ്പോകുന്ന അവസ്ഥ കൂടിയാണിത്.


രണ്ട് ലോക മഹായുദ്ധങ്ങൾ സൃഷ്ടിച്ച ആഘാതങ്ങൾ തലമുറകൾ അനുഭവിച്ചതാണ്. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ മൂലകാരണം നൂറ്റാണ്ടുകൾക്കു മുമ്പേ തുടങ്ങിയ ശത്രുതയാണ്. പോയകാലത്തെ ദുരനുഭവങ്ങൾക്ക് പ്രതികാരം ചെയ്യലല്ല പരിഹാരം; മറിച്ച്,​ പുതിയ ചുറ്റുപാടുകളിൽ ക്ഷേമവും സന്തോഷവും സൃഷ്ടിച്ച് പുതിയ തലമുറയെ വളർത്തിയെടുക്കലാണ്. ആണവ ബോംബുകൾ മുച്ചൂടും നശിപ്പിച്ച ജപ്പാൻ ലോകശക്തിയായി വളർന്നത് ഇക്കാര്യത്തിൽ ലോകത്തിനു മുന്നിലുള്ള ഏറ്റവും ഉദാത്തമായ മാതൃകയായി കാണേണ്ടതുണ്ട്. ഒരു പക്ഷേ ഇറാനും ഇസ്രയേലുമായി മികച്ച ബന്ധമുള്ള ഏകരാജ്യം ഇന്ത്യയായിരിക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേൽ സന്ദർശന വേളയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണവും പ്രതികരണങ്ങളും നാം കണ്ടതാണ്. ഇറാനുമായി ശക്തമായ വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങളും നമുക്കുണ്ട്. ഈ യുദ്ധസാഹചര്യത്തിൽ സമാധാനത്തിന്റെ ഒലിവില നീട്ടാനുള്ള ശ്രമങ്ങളിൽ ഇന്ത്യയും പങ്കാളിയാകണം.


ഒരു മൂന്നാം ലോകയുദ്ധത്തിന്റെ ഭീതി പുതിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്നുണ്ട്. അത്തരമൊരു സാഹചര്യം ആണവായുധ പ്രയോഗത്തിലേക്കും വഴിവച്ചേക്കാം. മനുഷ്യരാശിക്കു തന്നെ വിനാശകരമാകുന്ന ആ അവസ്ഥ താങ്ങാനുള്ള കരുത്തും ഭൂമിക്കില്ല. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു', 'വസുധൈവ കുടുംബകം' തുടങ്ങിയ ഭാരതീയ കാഴ്ചപ്പാടുകൾ തന്നെയാണ് മനുഷ്യരാശിക്കു മുന്നിലേക്ക് ഇന്ത്യയ്ക്ക് വയ്ക്കാനുള്ള സന്ദേശങ്ങൾ. ലോകത്തെ ഓരോ മനുഷ്യനും ശാന്തിയിലും സമാധാനത്തിലും ഐശ്വര്യത്തിലും ജീവിക്കട്ടെ. എത്രയും വേഗം ഈ യുദ്ധം അവസാനിക്കട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY