SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.58 AM IST

മുഖ്യമന്ത്രി തർക്കം: സിദ്ധരാമയ്യ - ഹൈക്കമാൻഡ് ചർച്ച ഇന്ന്

s

ന്യൂഡൽഹി: മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കലാപക്കൊടി ഉയർത്തുന്നതിനിടെ കർണാടക വിഷയത്തിൽ ഡൽഹിയിൽ ഇന്ന് രാവിലെ 11ന് ചർച്ച. ഡൽഹിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചയ്‌ക്കായി വിളിപ്പിച്ചത് നേതൃമാറ്റം ചർച്ച ചെയ്യാനാണെന്ന സൂചനയുണ്ട്. ഡി.കെയെ വിളിപ്പിച്ചിട്ടില്ല.

ചർച്ച ചെയ്യുന്ന വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും സിദ്ധരാമ പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും താൻ പാലിക്കും. അതേസമയം,ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ഡൽഹിയിലേക്ക് പോകുമെന്നും അഭ്യൂഹങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ഡി.കെ പറഞ്ഞു. കഴിഞ്ഞ നവംബറിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ രണ്ടരവർഷം തികച്ചതുമുതൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തർക്കമുണ്ട്. രണ്ടരവർഷം കഴിഞ്ഞ് തനിക്ക് മുഖ്യമന്ത്രി പദം നൽകാമെന്ന് ഹൈക്കമാൻഡ് 2023ൽ വാഗ്ദാനം ചെയ്‌തെന്നാണ് ഡി.കെയുടെ വാദം.

ദക്ഷിണേന്ത്യയിലെ സുപ്രധാന സംസ്ഥാനത്തെ തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുന്ന ഹൈക്കമാൻഡ് കേരളം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാക്കാൻ നേതാക്കളോട് അഭ്യർത്ഥിച്ചിരുന്നു. ഇടക്കാലത്ത് നിശബ്‌ദമായിരുന്ന തർക്കം നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും തലപൊക്കി. ഡൽഹി ചർച്ചയോടെ സമവായമുണ്ടാകുമെന്നാണ് ഹൈക്കമാൻഡ് നൽകുന്ന സൂചന.

ഉർസിന്റെ റെക്കാർഡ്

മറികടന്നു

കഴിഞ്ഞ ജനുവരിയിൽ,ഏറ്റവും കൂടുതൽ അധികാരത്തിലിരുന്ന കർണാടക മുഖ്യമന്ത്രി എന്ന ബഹുമതി സിദ്ധരാമയ്യ നേടിയിരുന്നു. കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഡി. ദേവരാജ് ഉർസിന്റെ റെക്കാർഡാണ് സിദ്ധരാമയ്യ മറികടന്നത്. സീനിയോറിട്ടിയും നിലവിലുള്ള കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ ഏക ദളിത് നേതാവായതും സിദ്ധരാമയ്യയ്‌ക്ക് അനുകൂല ഘടകങ്ങളാണ്. 136 കോൺഗ്രസ് എം.എൽ.എമാരിൽ 100ലധികം പേരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. കേരളത്തിലേതു പോലെ ജനവികാരം കൂടി കണക്കിലെടുക്കുന്ന തീരുമാനം ഹൈക്കമാൻഡിൽ നിന്നുണ്ടാകുമോ എന്നാണ് അറിയേണ്ടത്. കർണാടകയിൽ ഉടൻ ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിലെ സ്ഥാനാർത്ഥിത്വം,നിയമസഭാ കൗൺസിൽ സീറ്റുകൾ എന്നിവയെക്കുറിച്ചും ഡൽഹിയിൽ ചർച്ചകൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360