SignIn
Kerala Kaumudi Online
Monday, 25 May 2026 9.36 AM IST

ഇരട്ട സ്‌ഫോടനങ്ങളിൽ ഞെട്ടി പഞ്ചാബ്: ആളപായമില്ല, ജലസന്ധറിലെ ഉത്തരവാദിത്വം ഖാലി​സ്ഥാൻ ഏറ്റെടുത്തു

c

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് ഇന്ന് ഒരു വർഷം തികയാനിരിക്കെ,പഞ്ചാബിലെ കരസേന-ബി.എസ്.എഫ് കേന്ദ്രങ്ങൾക്കു സമീപം ഇരട്ട സ്‌ഫോടനങ്ങളുണ്ടായത് ജനങ്ങളെയും ഏജൻസികളെയും ഞെട്ടിച്ചു. ചൊവ്വാഴ്ച രാത്രിയിൽ മൂന്നു മണിക്കൂറിന്റെ ഇടവേളയിലാണ് ജലന്ധറിലെ ബി.എസ്.എഫ് കേന്ദ്രത്തിന് സമീപവും അമൃത്സർ ഖാസയിലെ കരസേനാ ക്യാമ്പിന് തൊട്ടടുത്തും സ്‌ഫോടനങ്ങളുണ്ടായത്. ആളപായമില്ല. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐ.എസ്.ഐയുടെ പങ്കാണ് ഏജൻസികൾ സംശയിക്കുന്നത്. പാകിസ്ഥാനിലെ അധോലോക നേതാവായ ഷഹ്സാദ് ഭാട്ടിക്ക് സ്‌ഫോടനങ്ങളിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. ഇതിനിടെ ജലസന്ധർ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഖാലിസ്ഥാൻ ലിബറേഷൻ ഏറ്റെടുത്തു. എൻ.ഐ.എയും പഞ്ചാബ് പൊലീസും കരസേനയും ബി.എസ്.എഫും അടക്കം അന്വേഷിക്കുന്നുണ്ട്. എൻ.ഐ.എ സംഘം മേഖലകളിലെത്തി ഫൊറൻസിക് തെളിവുകൾ ശേഖരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് സ്‌ഫോടനം നടന്ന ഇടങ്ങൾ സന്ദ‌ർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രണ്ടിടത്തും നടന്നത് ഐ.ഇ.ഡി ഉപയോഗിച്ചുള്ള തീവ്രത കുറഞ്ഞ സ്‌ഫോടനമെന്നാണ് പ്രാഥമിക നിഗമനം.

ജാഗ്രതയിൽ പഞ്ചാബ്

ജലന്ധറിലെ ബി.എസ്.എഫ് കേന്ദ്രത്തിന് സമീപം ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു ആദ്യ സ്‌ഫോടനം. ഇവിടെ പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടർ പൂർണമായും കത്തിയമർന്നു. മേഖലയിൽ സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ ആളുടെ സ്‌കൂട്ടറിൽ തീപിടിക്കുകയായിരുന്നു. ട്രാഫിക് സിഗ്നൽ തൂണും,സമീപത്തെ കടകളുടെ ജനാലചില്ലുകളും തകർന്നു. ചിലർ ഓടിമറഞ്ഞതായി ദൃക്‌സാക്ഷി മൊഴിയുണ്ട്. അതിന്റെ ഞെട്ടൽ മാറും മുൻപ് 100 കിലോമീറ്റ‌ർ അകലെയുള്ള അമൃത്സർ ഖാസയിലെ കരസേനാ ക്യാമ്പിന് തൊട്ടടുത്ത് രാത്രി 10.50ഓടെയാണ് രണ്ടാമത്തെ സ്‌ഫോടനം. മതിലിൽ സ്‌ഫോടകവസ്‌തു എറിഞ്ഞതാകാമെന്നാണ് നിഗമനം. മുഖംമൂടി ധരിച്ചവർ ഓടിപോകുന്നത് കണ്ടുവെന്നാണ് സാക്ഷിമൊഴി.

രാഷ്ട്രീയ വാക്പോര്

പഞ്ചാബിൽ അടുത്ത വർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനു മുന്നോടിയായുള്ള ബി.ജെ.പിയുടെ തയ്യാറെടുപ്പെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതികരിച്ചു. ചില ശക്തികൾ ആസൂത്രണം നടത്തി നടപ്പാക്കിയതാണോയെന്ന് സംശയിക്കുന്നതായി കോൺഗ്രസ് ചൂണ്ടിക്കാട്ടി. നിയമവാഴ്ച തകർന്ന നിലയിലെന്ന് ശിരോമണി അകാലിദൾ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360