SignIn
Kerala Kaumudi Online
Monday, 25 May 2026 9.37 AM IST

ഈ ജഡ്‌ജിയെങ്കിൽ വാദം പറയാനില്ല: കേജ്‌രിവാൾ മദ്യനയക്കേസിലെ സി.ബി.ഐ അപ്പീലിൽ ഡൽഹി ഹൈക്കോടതി ജഡ്‌ജി സ്വരാന കാന്ത ശർമ്മയ്‌ക്ക് കത്ത്

df

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലുള്ള സി.ബി.ഐ അപ്പീലിൽ വാദം പറയാനില്ലെന്ന നിലപാടിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേസിൽ കേജ്‌രിവാൾ അടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടി ചോദ്യംചെയ്‌താണ് സി.ബി.ഐയുടെ അപ്പീൽ. വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സാഹചര്യത്തിലാണിത്. നേരിട്ടോ,​അഭിഭാഷകൻ മുഖേനയോ കേജ്‌രിവാൾ ഹാജരാകില്ല. വേദനയോടെയും​ വിനയത്തോടെയും, നീതിന്യായ വ്യവസ്ഥയോടെയുള്ള ബഹുമാനത്തോടെയുമാണ് തീരുമാനമെന്ന് ജഡ്‌ജിക്ക് അയച്ച കത്തിൽ കേജ്‌രിവാൾ ചൂണ്ടിക്കാട്ടി. ദേഷ്യമോ,​ബഹുമാനക്കുറവോ ഇല്ല. നീതി നടപ്പായാൽ പോരാ,​നീതിയാണ് നടപ്പായതെന്ന് ബോദ്ധ്യപ്പെടണം. ആ അടിസ്ഥാനതത്വം തന്റെ അപേക്ഷയിൽ പാലിച്ചില്ല. തനിക്ക് നിയമപരമായി ദോഷം ചെയ്യുമെന്ന് ബോദ്ധ്യമുണ്ട്. എന്താണെങ്കിലും നേരിടാൻ തയ്യാറാണ്. ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ ഭാഗമാണ് തീരുമാനമെന്നും കത്തിൽ കേജ്‌രിവാൾ വ്യക്തമാക്കി.

നീതി ലഭിക്കുമെന്ന്

പ്രതീക്ഷയില്ല

ജഡ്‌ജി പക്ഷപാതം കാണിക്കുന്നുവെന്ന തന്റെ ബോദ്ധ്യത്തിന് മാറ്റം വന്നിട്ടില്ല. ആർ.എസ്.എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ നിരന്തരം പങ്കെടുക്കുന്ന ജഡ്‌ജിയിൽ നിന്ന് നീതി കിട്ടുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാവും.​ ജഡ്‌ജിയുടെ രണ്ട് മക്കളും കേന്ദ്രസർക്കാ‌ർ പാനലിലെ അഭിഭാഷകരാണ്. മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അതുൽ ശ്രീധരൻ 2023ൽ സ്വന്തം മകൾ ആ സംസ്ഥാനത്ത് പ്രാക‌്ടീസ് ആരംഭിച്ചപ്പോൾ മറ്റൊരു സംസ്ഥാനത്തേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങി പോയി. കേരള ഹൈക്കോടതിയിലെ ജഡ്‌ജിയായിരുന്ന വി. ശിവരാമൻ നായർ,മകളും മരുമകളും കേരള ഹൈക്കോടതിയിൽ പ്രാക‌്ടീസ് ആരംഭിച്ചപ്പോൾ സ്ഥലംമാറ്റം വാങ്ങി പോയെന്നും കേജ്‌രിവാൾ ഓ‌ർമ്മപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360