SignIn
Kerala Kaumudi Online
Monday, 25 May 2026 8.42 AM IST

ആറാം വിരലിന്റെ വേദനയില്ലാതെ തിര. ഗോദയിൽ സ്വപ്ന ബർമൻ

swpna-burman

വടക്കൻ ബംഗാളിലെ സംവരണ മണ്ഡലമായ രാജ്ഗഞ്ചിൽ ഗിഖർപുര ഗ്രാമത്തിലെ റോഡിലൂടെ വോട്ടുചോദിച്ച് നീങ്ങുന്ന പെൺകുട്ടി. ആ നാടിന്റെയും രാജ്യത്തിന്റെയും അഭിമാനമായ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും ഹെപ്‌റ്റാത്തലൺ താരവുമായ സ്വപ്‌ന ബർമ്മൻ. മണ്ഡലത്തിൽ സ്വപ്‌നയെ അറിയാത്ത ആരുമില്ല. അമ്മമാർ ഓടിവന്ന് കെട്ടിപ്പിടിക്കുന്നു. കുട്ടികൾ സെൽഫി ചോദിച്ചെത്തുന്നു.

ഹെപ്‌റ്റാത്തലൺ താരമെന്ന നിലയിൽ സ്വപ്‌നയ്‌ക്ക് വെല്ലുവിളിയായത് ഇരുകാലിലെയും ആറു വിരലുകളാണ്. പാകമല്ലാത്ത അഞ്ചു വിരലിന്റെ സാധാരണ സ്‌പെൈക്കിട്ട് മത്സരത്തിൽ പങ്കെടുത്തത് വേദന സഹിച്ച്. കാലിനുചേരുന്ന സ്‌പൈക്ക് പ്രത്യേകം ഓർഡർ ചെയ്യാൻ സാമ്പത്തിക ശേഷിയില്ലായിരുന്നു. റിക്ഷാക്കാരനായ പിതാവ് കിടപ്പ് രോഗിയായതിനാൽ അമ്മ തേയില തോട്ടത്തിൽ പണി ചെയ്താണ് കുടുംബം പോറ്റിയത്.

ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ആഭ്യന്തരതലത്തിൽ തിളങ്ങിയെങ്കിലും കാൽവിരലിന്റെ പ്രശ്‌നം കാരണം പിന്നീട് ഉപേക്ഷിച്ചു. റെയിൽവേയിലെ ജോലി രാജിവച്ചാണ് കഴിഞ്ഞ ഫെബ്രുവരിയിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

രാഷ്‌ട‌്രീയത്തിൽ ആറാം വിരൽ തടസമാകില്ലെന്ന പ്രതീക്ഷയിലാണ് സ്വപ്‌ന. ജനസംഖ്യയുടെ 70 ശതമാനം വരുന്ന പട്ടികജാതി വിഭാഗമായ രാജ്‌വംശിക്കാരുടെ പിന്തുണയിൽ 2009 മുതൽ തൃണമൂലിന്റെ ആധിപത്യമാണ് രാജ്ഗഞ്ചിൽ. ആ സമുദായക്കാരിയാണ് സ്വപ്‌നയും. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സിറ്റിംഗ് എം.എൽ.എ ഖഗേശ്വർ റോയി പാർട്ടി വിട്ടിരുന്നു.

കായികരംഗം പോലെ ഏറെ ക്ഷമയും കഠിനാദ്ധ്വാനവും വേണ്ട മേഖലയാണ് രാഷ്‌‌ട്രീയമെന്ന് സ്വപ്‌ന കേരളകൗമുദിയോട് പറഞ്ഞു. മെഡൽ നേടിയത് രാജ്യത്തിന്റെ യശസുയർത്താൻ. ഇവിടെ മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം. രാഷ്‌ട്രീയത്തിലേക്ക് വിളിച്ചപ്പോൾ ആദ്യം ഭയന്നെങ്കിലും മമതയും അഭിഷേക് ബാനർജിയും പ്രോത്‌സാഹിപ്പിച്ചു. സ്വന്തം നാട്ടിൽ മത്സരിക്കുന്നതിന്റെ ആത്മവിശ്വാസവുമുണ്ട്-സ്വപ്‌ന പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360