SignIn
Kerala Kaumudi Online
Monday, 25 May 2026 7.52 AM IST

ജീവനക്കാരെ കുറച്ച് ബാങ്കുകൾ മെലിയുന്നു

banking

എ.ഐ സാദ്ധ്യതകൾ നേട്ടമായി

കൊച്ചി: സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും(എ.ഐ) സാദ്ധ്യതകൾ ഉപയോഗിച്ച് രാജ്യത്തെ സ്വകാര്യ ബാങ്കുകൾ ജീവനക്കാരെ കുറച്ച് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു. കുറഞ്ഞ മാനവശേഷിയോടെ സമ്പൂർണ സേവനങ്ങളുറപ്പാക്കി കൂടുതൽ ശാഖകൾ തുറക്കാനും പുതിയ സാഹചര്യം അവസരമൊരുക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മുൻനിര ബാങ്കുകളായ എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ആർ.ബി.എൽ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവരുടെ ജീവനക്കാരുടെ എണ്ണം ഗണ്യമായ കുറഞ്ഞെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2026 സാമ്പത്തിക വർഷത്തിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ജീവനക്കാരുടെ എണ്ണം മുൻവർഷത്തെ 2.14 ലക്ഷത്തിൽ നിന്ന് 2.11 ലക്ഷമായി കുറഞ്ഞു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ 4,000 ജീവനക്കാരാണ് കുറഞ്ഞത്. ആക്സിസ് ബാങ്കിന്റെ ജീവനക്കാരുടെ എണ്ണം 2025 സാമ്പത്തിക വർഷത്തിലെ 1.04 ലക്ഷത്തിൽ നിന്ന് 1.01 ലക്ഷമായി താഴ്ന്നു. ആർ.ബി.എൽ ബാങ്കിലെ ജീവനക്കാർ മുൻവർഷത്തെ 14,265ൽ നിന്ന് 13,316ലേക്ക് ഇടിഞ്ഞു, ഐ.സി.ഐ.സി.ഐ ബാങ്കിലും ജീവനക്കാരുടെ എണ്ണം കുറഞ്ഞു.

ശാഖകൾ കൂടുന്നു

കഴിഞ്ഞ സാമ്പത്തിക വർഷം സ്വകാര്യ ബാങ്കുകൾ വ്യാപകമായി പുതിയ ശാഖകൾ ആരംഭിച്ച് പ്രവർത്തനം വ്യാപിച്ചെങ്കിലും ജീവനക്കാരുടെ എണ്ണം കൂട്ടിയില്ല. നിലവിലുള്ള ജോലിക്കാരെ വൈവിദ്ധ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചാണ് ബാങ്കുകൾ ലാഭക്ഷമത ഉയർത്തുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് അവലോകന കാലയളവിൽ 234 പുതിയ ശാഖകൾ ആരംഭിച്ചു. ആക്സിസ് ബാങ്ക് 400 ശാഖകളും ഐ.സി.ഐ.സി.ഐ ബാങ്ക് 600 ശാഖകളും പുതിയതായി തുടങ്ങി.

ടെക്നോളജി നിക്ഷേപത്തിൽ കുതിപ്പ്

രാജ്യത്തെ ബാങ്കിംഗ് മേഖല സാങ്കേതികവിദ്യ മെച്ചപ്പെടുത്താൻ വൻ തുകയാണ് നിക്ഷേപിക്കുന്നത്. മൾട്ടിപ്പിൾ ജോലികൾ ഓട്ടോമേറ്റ് ചെയ്ത് ജീവനക്കാരുടെ കാര്യക്ഷമത ഉയർത്താനാണ് ബാങ്കുകൾ ശ്രദ്ധിക്കുന്നത്. ഡിജിറ്റലൈസേഷൻ പ്രോസസ് വേഗത്തിലാക്കിയതോടെ മാനവ ശേഷിയുടെ ആശ്രയത്വം കുറഞ്ഞു. വായ്പാ വിതരണം മുതൽ നിക്ഷേപ സമാഹരണവും പുതിയ ഉത്പന്നങ്ങളുടെ വിൽപ്പനയും വരെ ഡിജിറ്റലായി പൂർത്തിയാക്കുന്നതാണ് ഗുണമായത്.

സാങ്കേതികവിദ്യയിലെ ബാങ്കുകളുടെ നിക്ഷേപത്തിലെ വർദ്ധന

30 ശതമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360