
മോസ്കോ: യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക, റഷ്യ, യുക്രെയിൻ എന്നീ രാജ്യങ്ങളുമായി ത്രികക്ഷി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അടുത്ത മാസം മദ്ധ്യത്തോടെ യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ വച്ച് ചർച്ചകൾ നടക്കുമെന്ന് ക്രെംലിൻ അറിയിച്ചു.
അമേരിക്കൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് പുട്ടിൻ നിലപാട് വ്യക്തമാക്കിയത്. നോർവേയിലെ ഓസ്ലോയിൽ യുക്രെയിൻ, യൂറോപ്യൻ പ്രതിനിധികളുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ വിറ്റ്കോഫ് പുട്ടിനെ ധരിപ്പിച്ചതായി ക്രെംലിൻ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു.
അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ ഫെബ്രുവരിയിലായിരുന്നു അവസാനമായി സമാധാന ചർച്ച നടന്നത്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്കുമേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിനൊപ്പം പ്രോത്സാഹനങ്ങളും നൽകുന്നതാണ് ട്രംപിന്റെ സമീപനം.
അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കുന്നതിൽ റഷ്യയ്ക്ക് വലിയ താത്പര്യമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റഷ്യയിൽ തടവിലായിരുന്ന വിരമിച്ച അമേരിക്കൻ അദ്ധ്യാപകൻ സ്റ്റീഫൻ ഹബ്ബാർഡിന്റെ മോചനവും കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള സൗഹൃദസൂചനയായി വിലയിരുത്തപ്പെടുന്നു. എന്നാൽ പുതിയ ചർച്ചകൾ യുദ്ധവിരാമത്തിലേക്ക് നയിക്കുമോയെന്നത് വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |