
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി സിന്തറ്റിക് ട്രാക്കിൽ കൊടുങ്കാറ്റുപോലെ കൗമാര കേരളം പറപറന്നപ്പോൾ കടപുഴകിയത് സംസ്ഥാന സ്കൂൾ കായിക മേളയിൽ ഒന്നര പതിറ്റാണ്ട് പഴക്കമുള്ള റെക്കാഡ്. സീനിയർ ആൺകുട്ടികളിൽ ആലപ്പുഴ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസിലെ ടി.എം. അതുൽ 10.68 സെക്കൻഡിൽ ലക്ഷ്യംതൊട്ട് പഴങ്കഥയാക്കിയത് 2011ൽ മാർ ബേസിൽ എച്ച്.എസ്.എസിലെ ജിജിൻ വിജയന്റെ 10.7 സെക്കൻഡ്. കഴിഞ്ഞ വർഷം ജൂനിയർ വിഭാഗത്തിൽ 37 വർഷത്തെ റെക്കാഡ് അതുൽ തിരുത്തിയിരുന്നു. അതുൽ തന്നെയാണ് വേഗരാജാവ്. കോട്ടയം ഗവ. വി.എച്ച്.എസ്.എസ് മുരിക്കുംവയലിന്റെ ശ്രീഹരി സി. ബിനുവിനാണ് ഈ ഇനത്തിൽ വെള്ളി (10.74 ).
പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിന്റെ ആർ. ഋതുപർണയാണ് സീനിയർ പെൺകുട്ടികളിലെ വേഗറാണി. 12.43 സെക്കൻഡിൽ തന്റെ ആദ്യ കായികമേളയിൽ താരം പൊന്നണിഞ്ഞു. ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ ശ്രേയയ്ക്കാണ് വെള്ളി (12.73). ജൂനിയർ ആൺകുട്ടികളിൽ ആലപ്പുഴ ലിയോ തേർട്ടീൻ എച്ച്.എസ്.എസിന്റെ മിലൻ ജോർജ് സ്വർണം ഓടിയെടുത്തു. കോട്ടയം കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ വിഷ്ണു യാദവിനാണ് വെള്ളി (11.07). ജൂനിയർ പെൺകുട്ടികളിൽ തിരുവനന്തപുരം ജി.വി രാജാ സ്പോർട്സ് സ്കൂളിന്റെ ജിൽഷാ ജിനിൽ സ്വർണത്തിൽ മുത്തമിട്ടു. 12.29 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിന്റെ എസ്. അൻവിക്കാണ് വെള്ളി (12.65). സബ് ജൂനിയർ ആൺകുട്ടികളിൽ തിരുവനന്തപുരം ജി.വി രാജാ സ്പോർട്സ് സ്കൂളിന്റെ എം. ശ്രീഹരി ആദ്യ സ്വർണം സ്വന്തമാക്കി. 12.01 സെക്കൻഡിലായിരുന്നു കുതിപ്പ്. മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിയിലെ കെ.വി. മുഹമ്മദ് ഇസാനാണ് വെള്ളി (12.13). സബ് ജൂനിയർ പെൺകുട്ടികളിൽ ജി.വി രാജാ സ്പോർട്സ് സ്കൂളിന്റെ തന്നെ സങ്കീർത്തനയ്ക്കാണ് പൊന്ന്. 13.10 സെക്കൻഡിലാണ് സങ്കീർത്തന സ്വർണം ഓടിയെടുത്തത്. ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിന്റെ ഹർഷാ ജോണിനാണ് വെള്ളി (13.20)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |