
കൊച്ചി: ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ് പറച്ചിൽ. പക്ഷേ മലപ്പുറം കെ.എച്ച്.എം. എച്ച്.എസിന്റെ 'പൊന്നുംതാരം' മുഹമ്മദ് ഫഹദിന്റെ കാര്യത്തിൽ ചെറിയൊരു മാറ്റമുണ്ട്. 2023 കുന്നംകുളം കായികമേളയിൽ സബ് ജൂനിയർ ഡിസ്‌കസ് ത്രോ മത്സരത്തിൽ ഏറൊന്ന് പാളി വെള്ളി കൊണ്ട് മടങ്ങേണ്ടി വന്ന ഫഹദ്, ഇത്തവണ ത്രോയിംഗ് പിറ്റിൽ നിന്ന് നേടിയത് തന്റെ തുടർച്ചയായ മൂന്നാം സ്വർണം. ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ 42.35 മീറ്റർ ദൂരം കണ്ടെത്തിയാണ് ഫഹദ് ഹാട്രിക് തികച്ചത്.
2024ലും കഴിഞ്ഞ വർഷവും ഇതേവിഭാഗത്തിൽ ഫഹദായിരുന്നു കേമൻ. ഇക്കുറി സ്വർണം നേട്ടത്തിലും സന്തോഷവാനായിരുന്നില്ല ഫഹദ്. പ്രതീക്ഷിച്ച മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതായിരുന്നു കാരണം. ആദ്യഘട്ടത്തിന് ശേഷം അല്പം വിശ്രമം നൽകാതെ മത്സരം തുടർന്നതും കടുത്ത വെയിലും പ്രകടനത്തെ ബാധിച്ചുവെന്ന് ഫഹദ് പറയുന്നു. മിസ്റ്റർ സൗത്ത് ഇന്ത്യയായ പിതാവ് സിറാജിനെ കണ്ടാണ് ഫഹദ് കായികരംഗത്തേക്ക് ചുവടുവച്ചത്. ആലത്തിയൂർ സ്കൂൾ ഗ്രൗണ്ടിലാണ് പരിശീലനം. മകന്റെ പരിശീലനം മുടങ്ങാതിരിക്കാൻ സ്കൂളിനോട് ചേർന്ന് വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
ബി.പി അങ്ങാടിയിലെ ജിം ഉടമയാണ് സിറാജ്. മാതാവ് തെസ്നി ഈ ജിമ്മിലെ ഇൻസ്ട്രക്ടർ ആയിരുന്നു.
സഹോദരി ആയിഷ ദിയ കഴിഞ്ഞ കായികമേളയിൽ ഹാമർ ത്രോയിൽ വെള്ളി നേടിയിരുന്നു. പവർ ലിഫ്റ്റിംഗ് താരം കൂടിയാണ് ആയിഷ. സഹോദരൻ മുവാദിനും ചേട്ടനെപ്പോലെ കായികതാരമാകാനാണ് ആഗ്രഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |