SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.12 AM IST

 കഷ്ടപ്പാടുകളെ എറിഞ്ഞിട്ടു; സ്വർണമെഡലുകളുമായി സോന അച്ഛന്റെ ഓട്ടോയിൽ പുതിയ വീട്ടിലേക്ക്‌

sports

കോഴിക്കോട്: എറിഞ്ഞിട്ട സ്വർണമെഡലുകളെല്ലാം കഴുത്തിലണിഞ്ഞ് അച്ഛന്റെ ഓട്ടോയിലേറി സോന തന്റെ പുതിയ വീട്ടിലേക്ക് ഉടനൊരു യാത്ര പോകും. മെഡലുകളെല്ലാം ഷെൽഫിൽ തൂക്കും. പണ്ടേ മനസിൽ കുറിച്ച സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് സീനിയർ പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ പൊന്നണിഞ്ഞ സോന മോഹൻ. കഴിഞ്ഞ സ്കൂൾ കായികമേളയിൽ മീറ്റ് റെക്കാഡോടെ സ്വർണം നേടിയപ്പോഴാണ് കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ മിന്നുംതാരത്തിന് വീടില്ലാത്തതിന്റെ സങ്കടം കേരളകൗമുദി റിപ്പോർട്ട് ചെയ്തത്. ഇത് കണ്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വീട് നിർമ്മിച്ച് നൽകാമെന്ന് ഉറപ്പ് നൽകി. ചെറുവത്തൂർ കാരിയിൽ കെ.എസ്.ടി.എ നിർമ്മിച്ച വീടി​ന്റെ താക്കോൽദാനം അടുത്തമാസമാണ്.

41.63 മീറ്റർ ഡിസ്‌കസ് പായിച്ചാണ് ഇക്കുറി സ്വർണം ഹൃദയത്തോട് ചേർത്തത്. തി​ങ്കളാഴ്ച ചെന്നൈയിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ വെങ്കലം നേടി നേരേ വിമാനത്തിൽ കോഴി​ക്കോടെത്തി​യപ്പോൾ സമയം രാത്രി 12. ഉറങ്ങാൻ പോലും കഴിഞ്ഞില്ല. രാവിലെ പരിശീലനവും മുടങ്ങി. ചെന്നൈയിൽ 44 മീറ്ററിലധികം കണ്ടെത്തിയെങ്കിലും കോഴിക്കോട് ദൂരം കുറഞ്ഞു. കഴിഞ്ഞവർഷം 38.64 മീറ്റായിരുന്നു സോനയുടെ ദൂരം. 2024ൽ ഈയിനത്തിൽ വെള്ളി നേടിയിരുന്നു.

കെ.സി. ഗിരീഷിന്റെ കീഴിലാണ് പരിശീലനം. ഓട്ടോ ഡ്രൈവറായ അച്ഛൻ മോഹനന്റെ വരുമാനമാണ് സോനയും അമ്മ സൗമ്യയും സഹോദരി നിഹാരികയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം. സോനയുടെ അമ്മ സൗമ്യയുടെ കുടുംബവീട്ടിലാണ് താമസം. കടം വാങ്ങിയാണ് ഇവർ ഇന്നലെയും കോഴിക്കോട് എത്തിയത്.

 മുടങ്ങാത്ത സവാരി
പരിശീലനത്തിന് മകളെയും കൊണ്ട് ദിനവും രണ്ടുനേരം മോഹൻ ഓട്ടോ ഓടിക്കുന്നത് 28 കിലോമീറ്ററാണ്. കാരിയിലെ വീട്ടിൽ നിന്ന് ചെറുവത്തൂരുള്ള കെ.സി ത്രോസ് അക്കാഡമിയിലേക്ക് രാവിലെയും വൈകിട്ടും മകളെ എത്തിക്കും. പരിശീലനം കഴിയുവോളം കാത്തുനിന്ന് മകളുമൊത്ത് മടങ്ങും. വർഷങ്ങളായി ഇത് തുടരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360