SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.11 AM IST

അഭി​ഷേകി​ന്റെ കി​വി​ക്കുരുതി​; പരമ്പര നേടി ഇന്ത്യ

cricket

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി-20യിലും തകർപ്പൻ വിജയം നേടി ഇന്ത്യ അഞ്ച് മത്സരപരമ്പരയിൽ 3-0ത്തിന് മുന്നിലെത്തി. ഇന്നലെ വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ കിവീസ് ഉയർത്തിയ 199 റൺസിന്റെ ലക്ഷ്യം വെറും 13.2 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. 38 പന്തുകളിൽ നാലു ഫോറുകളും 9 സിക്സുമടക്കം 113 റൺസടിച്ചുകൂട്ടിയ അഭിഷേക് ശർമ്മയും 19 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടക്കം 45 റൺസ് നേടിയ വൈഭവ് സൂര്യവംശിയും ഓപ്പണിംഗിൽ 7.1 ഓവറിൽ അടിച്ചുകൂട്ടിയ 133 റൺസാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്. ആദ്യ അഞ്ചോവറിനുള്ളിൽ ഇന്ത്യ 100 കടന്നിരുന്നു.

ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിംഗിനിറക്കുകയായിരുന്നു. ഓപ്പണർ ടിം സീഫർട്ടിനെ(2) തുടക്കത്തിലേ നഷ്ടമായ കിവീസിനെ ഡാരിൽ മിച്ചലും (52പന്തുകളിൽ പുറത്താകാതെ 82 റൺസ്),ഫിൻ അല്ലെനും (40), ബെവോൺ ജേക്കബ്സും (39 നോട്ടൗട്ട്), ഗ്ളെൻ ഫിലിപ്പ്സും (17) ചേർന്നാണ് 198/3 എന്ന സ്കോറിലെത്തിച്ചത്. അർഷ്ദീപ് സിംഗും അക്ഷർ പട്ടേലും നിതീഷ് കുമാറും ഓരോ വിക്കറ്റ് നേടിയപ്പോൾ ദീർഘനാളിന് ശേഷം ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയ ഭുവനേശ്വർ കുമാറിന് തുടർച്ചയായ മൂന്നാം മത്സരത്തിലും വിക്കറ്റ് നേടാനായില്ല. നാലോവറിൽ 40 റൺസ് വഴങ്ങുകയും ചെയ്തു.

സഞ്ജുവിന് പകരം വൈഭവിനെ ഓപ്പണിംഗിലിറക്കിയ ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. ഇന്നിംഗ്സിലെ 14-ാം പന്തിൽ ഇന്ത്യൻ സ്കോർ 50 കടന്നു.അഞ്ചോവറിൽ നൂറിലെത്തി. നേരിട്ട 15-ാമത്തെ പന്തിൽ അഭിഷേക് അർദ്ധസെഞ്ച്വറി യിലെത്തി. എട്ടാം ഓവറിലാണ് വൈഭവിനെ നഷ്ടമായത്. എന്നാൽ അഭിഷേക് അടി തുടർന്നു. 35 പന്തുകളാണ് സെഞ്ച്വറി യിലെത്താൻ വേണ്ടിവന്നത്. 10-ാം ഓവറിൽ അഭിഷേക് മടങ്ങുമ്പോൾ ഇന്ത്യ 178/2 എന്ന നിലയിലായിരുന്നു. തുടർന്ന് ശ്രേയസ് (5), സഞ്ജു (18) എന്നിവർ പുറത്തായെങ്കിലും തിലകും (1*) നമാൻ ധിറും (4*) ചേർന്ന് വിജയത്തിലെത്തിച്ചു. പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച ഓക്ടലാൻഡിൽ നടക്കും.

11

അഭിഷേക് ശർമ്മയുടെ ട്വന്റി-20 ഫോർമാറ്റിലെ 11-ാം സെഞ്ച്വറി.ഇതോടെ ഈ ഫോർമാറ്റിൽ വിരാട് കൊഹ്‌ലിയെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമായി. ഇന്ത്യൻ കുപ്പായത്തിലും ഐ.പി.എല്ലിലും നാല് സെഞ്ച്വറികൾ നേട‌ിയിട്ടുള്ള അഭിഷേക് സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ മൂന്ന് സെഞ്ച്വറികൾ നേ‌ടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, ABHISHEK SHARMA, SPORTS, INDVS NZ, T-20 CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360