SignIn
Kerala Kaumudi Online
Saturday, 26 September 2026 1.35 AM IST

പകരക്കാരനായെത്തി കനകം നേടി കമൽജീത്

kamaljeet

നഗോയ : 10 മീറ്റർ എയർ പിസ്റ്റൾ പുരുഷ ടീമിനത്തിൽ മാത്രം മത്സരിക്കാനെത്തിയ കമൽജീത് സിംഗ് നഗോയയിൽ നിന്ന് മടങ്ങുന്നത് മിക്സഡ് ടീം ഇനത്തിലെ സ്വർണവുമായി. നാഷണ റൈഫിൾ ഷൂട്ടിംഗ് അസോസിയേഷനും പരിശീലകരും മത്സരത്തലേന്ന് നടത്തിയ ബുദ്ധിപരമായ ടീമിലെ മാറ്റമാണ് കമൽജീതിന്റെ വിധി മാറ്റിയെഴുതിയത്.

മിക്സഡ് ടീമിനത്തിൽ സുരുചിക്കൊപ്പം മത്സരിക്കേണ്ടിയിരുന്നത് കേദാർലിംഗ് ഉചഗാൻവേയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം നടന്ന 10 മീറ്റർ എയർ പിസ്റ്റൾ പുരുഷ ടീമിനത്തിലെ മോശം പെർഫോമൻസ് കേദാർലിംഗിന് വിനയായി. മൂന്ന് ഇന്ത്യൻ താരങ്ങൾ മത്സരിച്ചപ്പോൾ ഏറ്റവും പിന്നിലായത് കേദാർലിംഗാണ്. മൊത്തം പേരിൽ 35-ാമനായാണ് കേദാർലിംഗ് ഫിനിഷ് ചെയ്തത്. എന്നാൽ ഈ മത്സരത്തിൽ കമൽജീത് ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ആകാശ് ഭരദ്വാജായിരുന്നു മറ്റൊരു ടീമംഗം. ഈയിനത്തിൽ ഇന്ത്യൻ ടീം നാലാം സ്ഥാനത്താണ് എത്തിയത്. കേദാർലിംഗ് കുറച്ചുകൂടി നന്നായി മത്സരിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വെങ്കലമെങ്കിലും ലഭിച്ചേനെ.

മത്സരത്തിലെ കേദാർലിംഗിന്റെ പെർഫോമൻസും ആത്മവിശ്വാസക്കുറവും മനസിലാക്കിയ പരിശീലകരും ടീം മാനേജ്മെന്റും മിക്സഡ് ഡബിൾസിൽ നിന്ന് അവസാനനിമിഷം കേദാറിനെ മാറ്റി കമൽജീതിനെ ഉൾപ്പെടുത്തുകയായിരുന്നു. മിക്സഡ് ടീം മത്സരത്തിന്റെ തലേന്ന് രാത്രി മാത്രമാണ് താൻ പങ്കെടുക്കുന്നത് കമൽജീത് അറിഞ്ഞത്. ഹരിയാനയിലെ റെവാരി സ്വദേശിയാണ് 23കാരനായ കമൽജീത്. വ്യക്തിഗത,ടീമിനങ്ങളിൽ മാത്രമാണ് കമൽജീത് ഇതിനുമുമ്പ് അന്താരാഷ്ട്ര മെഡലുകൾ നേടിയിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAMALJEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360