
ന്യൂഡൽഹി: വിമാനം പറത്താൻ കോക്പിറ്റിലെത്തും മുമ്പേ ലഹരി പരിശോധനയിൽ കുടുങ്ങിയ എയർ ഇന്ത്യ കോപൈലറ്റിന് സസ്‌പെൻഷൻ. സെപ്തംബർ ആറിന് സൂറിച്ച് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എ.ഐ 151 സർവീസിലെ ഫസ്റ്റ് ഓഫീസറെയാണ് പരിശോധനയിൽ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഡ്യൂട്ടിയിൽ നിന്ന് മാറ്റിയത്. സംഭവത്തെ തുടർന്ന് സർവീസും മുടങ്ങി.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് പൈലറ്റിന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന സംശയം ഉയർന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം അനുകൂലമായതോടെ വീണ്ടും പരിശോധന നടത്തി. രണ്ടാം പരിശോധനയുടെ ഫലം പുറത്തുവന്നിട്ടില്ല. അന്തിമ മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതുവരെ പൈലറ്റ് സസ്‌പെൻഷനിലായിരിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
വിമാനം അന്നേദിവസം സർവീസ് നടത്താനായില്ല. പിറ്റേന്നാണ് ഡൽഹിയിലേക്ക് പറന്നത്. പരിശോധനയിൽ പരാജയപ്പെട്ട പൈലറ്റിനെ യാത്രക്കാരനായാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.
സുരക്ഷാ ചട്ടങ്ങളുടെയും കമ്പനി മാനദണ്ഡങ്ങളുടെയും ലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |