
റായ്പൂർ: ഭർത്താവിനെ കറുത്തവനെന്നും തടിയനെന്നും ഭാര്യ വിളിച്ചുവെന്ന ആരോപണം മാത്രം വച്ച് വിവാഹമോചനം അനുവദിക്കുന്നതിനുള്ള ക്രൂരതയായി കാണാനാകില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യ ക്രൂരമായി പെരുമാറിയെന്നും ഉപേക്ഷിച്ചു പോയെന്നും കാട്ടി 28കാരൻ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് പാർത്ഥ് പ്രതീം സാഹു, ജസ്റ്റിസ് സച്ചിൻ സിംഗ് രാജ്പുത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
2019 മാർച്ച് 7നാണ് ജാൻജ്ഗിർചമ്പ സ്വദേശിയായ അക്ഷ് ഘോഷും റായ്ഗഢ് സ്വദേശിയായ പൂജ സീതും (25) വിവാഹിതരായത്. വിവാഹശേഷം രണ്ടു മൂന്ന് മാസം മാത്രമാണ് ഭാര്യ ഒപ്പം താമസിച്ചതെന്നും ഈ സമയത്ത് തന്റെ നിറത്തെയും ശരീരത്തെയും കളിയാക്കുകയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് ഭർത്താവിന്റെ ആരോപണം. കൂടാതെ സമ്മതം കൂടാതെ ബന്ധുവിന്റെ വിവാഹത്തിന് പോവുകയും പിന്നീട് മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിപ്പോയി തിരികെ വരാൻ കൂട്ടാക്കിയില്ലെന്നും ഇയാൾ ഹർജിയിൽ വാദിച്ചു.
എന്നാൽ,ഈ ആരോപണങ്ങളെല്ലാം ഭാര്യ കോടതിയിൽ നിഷേധിച്ചു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും അത് ചോദ്യം ചെയ്തതോടെ ഇയാൾ മദ്യപിച്ചെത്തി ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങുകയും ചെയ്‌തെന്നാണ് ഭാര്യ കോടതിയെ അറിയിച്ചത്. ഗർഭിണിയായിരുന്ന സമയത്ത് തനിക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്നും അസുഖം ബാധിച്ചതിനെ തുടർന്ന് സ്വന്തം അമ്മയാണ് ആശുപത്രിയിലാക്കിയതെന്നും യുവതി വ്യക്തമാക്കി. അസുഖം ഭേദമായ ശേഷം തിരികെ വീട്ടിലേക്ക് വിളിക്കാൻ ഭർത്താവും കുടുംബവും കൂട്ടാക്കിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ഭാര്യയുടെ മാതാപിതാക്കൾ നൽകിയ 'സ്ത്രീധനം' തിരികെ നൽകണമെന്ന കുടുംബക്കോടതിയുടെ നിർദേശവും ഹൈക്കോടതി നിലനിറുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |