
ന്യൂഡൽഹി: 2029ഓടെ രാജ്യത്തെ ലഹരി ഭീഷണിയെ പിടിച്ചുകെട്ടാൻ വിഷൻ ഡോക്യുമെന്റ് അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരി വില്പനക്കാരെയും വിതരണക്കാരെയും നിഷ്‌കരുണം നേരിടും. ഇരകളോട് സഹാനുഭൂതിയോടെയുള്ള നിലപാടായിരിക്കും. മയക്കുമരുന്ന് കടത്ത് കണ്ടെത്തുക, നിയന്ത്രിക്കുക, നശിപ്പിക്കുക എന്നീ മൂന്നുതല സമീപനമാണ് കേന്ദ്രത്തിന്. നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമം ശക്തമാക്കാൻ ഭേദഗതി കൊണ്ടുവരുന്നത് ആലോചനയിലാണ്. സംസ്ഥാനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
ലഹരി രാജ്യസുരക്ഷയ്‌ക്കും യുവജനങ്ങളുടെ ഭാവിക്കും ഒരുപോലെ ഭീഷണിയാണെന്ന് ഷാ പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായിരുന്ന ഇന്നലെ ഡൽഹി വിഗ്യാൻ ഭവനിൽ നാർകോ കോ- ഓർഡിനേഷൻ സെന്ററിന്റെ 10-ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാർക് നെറ്ര് വഴിയുള്ള കച്ചവടം നിയന്ത്രിക്കുന്നതും ചർച്ചയായി.
സംസ്ഥാനങ്ങൾ സഹകരിക്കണം
സിന്തറ്റിക് ലഹരി നിയന്ത്രണവും ബോധവത്കരണവും പരമപ്രധാനമാണെന്ന് അമിത് ഷാ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ഒളിച്ചിരിക്കുന്ന ലഹരി മാഫിയത്തലവന്മാരെ രാജ്യത്ത് തിരികെയെത്തിക്കാൻ സംസ്ഥാനങ്ങൾ നടപടികൾ ഊർജ്ജിതമാക്കണം. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പോർട്ടലിൽ സംസ്ഥാനത്തെ ക്രൈം വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. ഇതിനായി ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരും നടപടിയെടുക്കണം. അതിവേഗ വിചാരണയ്‌ക്ക് കൂടുതൽ കോടതികൾ സ്ഥാപിക്കണം.
1.18 കോടി കിലോ പിടിച്ചെടുത്തു
മോദി സർക്കാർ അധികാരമേറ്റ 2014 മുതൽ ഇതുവരെ 1.18 കോടി കിലോഗ്രാം സിന്തറ്റിക് ലഹരിമരുന്നുകൾ പിടിച്ചെടുത്തു. 89,896 കോടിയുടെ ലഹരി നശിപ്പിച്ചു. പിടിച്ചെടുത്ത 6000 കോടി വിലമതിക്കുന്ന 2,09,500 കിലോ ലഹരി മരുന്ന് നശിപ്പിക്കുന്ന ഡ്രഗ് ഡിസ്‌പോസൽ ഫോർട്ട്നെറ്റ് ക്യാമ്പയിനും ഇന്നലെ തുടക്കമിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |