SignIn
Kerala Kaumudi Online
Friday, 26 June 2026 1.54 PM IST

'എനിക്ക് ബിഗ് ബോസിൽ അവസരം തരണം'; പൊലീസ് യൂണിഫോമിൽ എസ്‌ഐയുടെ വീഡിയോ, വൈറലായതോടെ പണികിട്ടി

nagarjuna-reddy

അമരാവതി: ബിഗ് ബോസ് തെലുങ്ക് സീസൺ പത്തിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുന്ന സബ് ഇൻസ്‌പെക്‌ടറുടെ വീഡിയോ വൈറൽ. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. ഗഡിവേമുല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സി സി നാഗാർജുന റെഡ്ഡിയാണ് യൂണിഫോം ധരിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്‌തത്. വീഡിയോ വൈറലായതോടെ മുതിർന്ന ഉദ്യോഗസ്ഥൻ നാഗാർജുനയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

തന്നെ ഒരു മത്സരാർത്ഥിയായി പരിഗണിക്കണമെന്നാണ് ജനപ്രിയ റിയാലിറ്റി ഷോയുടെ നിർമാതാക്കളോട് നാഗാർജുന റെഡ്ഡി വീഡിയോയിലൂടെ അഭ്യർത്ഥിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാത്രമല്ല, ബിഗ് ബോസ് വീടിനുള്ളിൽ ശക്തനായ ഒരു മത്സരാർത്ഥിയായി വിജയിക്കാൻ കഴിയുമെന്ന് കാണിക്കാൻ അവസരം നൽകണമെന്നും നാഗാർജുന റെഡ്ഡി വീഡിയോയിൽ പറയുന്നുണ്ട്. താരങ്ങൾക്ക് മാത്രമല്ല, സാധാരണക്കാ‌ർക്കും ഗ്രാമീണ പശ്ചാത്തലത്തിലുള്ളവർക്കും അവസരങ്ങൾ നൽകിയതിന് ബിഗ് ബോസിനെ നാഗാർജുന പ്രശംസിക്കുകയും ചെയ്‌തു. തനിക്കൊരു അവസരം ലഭിച്ചാൽ നന്നായി മത്സരിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നാഗാർജുന റെഡ്ഡിയുടെ ആത്മവിശ്വാസത്തെ പ്രശംസിച്ചുകൊണ്ട് ധാരാളംപേർ രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥൻ ഷോയിലെത്തുന്നത് പുതിയൊരു കാഴ്‌ചപ്പാട് നൽകുമെന്ന് ചിലർ കമന്റിട്ടു. യൂണിഫോം ധരിച്ച് ഒരു ഉദ്യോഗസ്ഥന് ഇത്തരത്തിലുള്ള വീഡിയോ എടുക്കാമോയെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു. അധികം വൈകാതെ വീഡിയോ പൊലീസ് മേധാവികളുടെ ശ്രദ്ധയിൽപ്പെട്ടു.

നാഗാർജുന റെഡ്ഡിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നന്ദ്യലാൽ പൊലീസ് സൂപ്രണ്ട് സുനീൽ ഷിയോറൻ പറഞ്ഞു. വിശദീകരണം ലഭിച്ച ശേഷം വകുപ്പുതല നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സുനീൽ വ്യക്തമാക്കി. അതേസമയം, നാഗാർജുന റെഡ്ഡിയെ ഷോയിലേക്ക് പരിഗണിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ബിഗ് ബോസ് തെലുങ്ക് സീസൺ പത്തിന്റെ ടീമിൽ നിന്ന് പ്രതികരണം വന്നിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BIGBOSS, ANDHRAPRADESH, SUB INSPECTOR, VIRAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360