SignIn
Kerala Kaumudi Online
Monday, 22 June 2026 5.16 AM IST

തമിഴ്നാട്ടിൽ അമോണിയ ചോർന്ന് ഏഴ് മരണം

r-kumar

ചെന്നൈ: തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു. 60ലേറെ പേർ ചികിത്സയിലാണ്. മരിച്ചവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസ് അറിയിച്ചു. പത്തിലധികം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തിരുവള്ളൂർ പെരിയപാളയത്തിന് സമീപം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്സ്‌പോർട്ട് കേന്ദ്രത്തിലായിരുന്നു സംഭവം. അസാം, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ 130ലധികം തൊഴിലാളികളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ 80ലധികവും സ്ത്രീകളാണ്. ചോർച്ചയുടെ കാരണം വ്യക്തമല്ല. പൊലീസ്, ഫയർ ഫോഴ്സ്, റവന്യൂ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് എൻ.ഡി.ആർ.എഫിന്റെ പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ പെരിയപാളയം പൊലീസ് കേസെടുത്തു

 അന്വേഷണ സമിതി രൂപികരിച്ചു

സംഭവത്തിൽ മുഖ്യമന്ത്രി വിജയ് മൂന്നംഗ സമിതി രൂപീകരിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 24 മണിക്കൂറിനകം പ്രാഥമിക റിപ്പോർട്ടും മൂന്നുദിവസത്തിനകം അന്തിമ റിപ്പോർട്ടും നൽകണം. തിരുവള്ളൂരിന്റെ ചുമതലയുള്ള ഐ.ടി മന്ത്രി ആർ.കുമാറിനോടും കലക്ടറോടും സ്ഥലം സന്ദർശിക്കാനും തൊഴിലാളികൾക്കുള്ള പരിചരണം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ അനുവദിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദുഃഖം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

 ബാധിക്കുന്നത് തലച്ചോറിനെ

മത്സ്യങ്ങൾ കേടുവരാതെ സൂക്ഷിക്കാനും ശീതീകരണത്തിനും വേണ്ടിയാണ് അമോണിയ ഉപയോഗിക്കുന്നത്. ഇത് ശ്വസിച്ചാൽ ആദ്യം തലച്ചോറിനെ ബാധിക്കുകയും ശേഷം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും. പതിയെ മറ്റ് അവയവങ്ങളെ ബാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360