SignIn
Kerala Kaumudi Online
Monday, 25 May 2026 9.24 AM IST

സ്ത്രീകളോട്  ക്ഷമ ചോദിച്ച്  മോദി; പ്രതിപക്ഷത്തിന് സ്ത്രീശിക്ഷ  കിട്ടും, ബിൽ  പരാജയപ്പെടുത്തിയ  പാർട്ടികൾ  ജനങ്ങളെ വഞ്ചിച്ചു

s

ന്യൂഡൽഹി: വനിതാസംവരണ ബിൽ പാസാക്കാൻ പിന്തുണയ്‌ക്കാത്ത പ്രതിപക്ഷത്തിനു രാജ്യത്തെ സ്ത്രീകൾ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിൽ പാസാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മോദി ക്ഷമ ചോദിച്ചു.

ഇന്നലെ രാത്രി 8.30 മുതൽ 9 വരെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമബംഗാളിലും തമിഴ്നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ത്രീ വോട്ടർമാരുടെ വികാരം ബി.ജെ.പിക്ക് അനുകൂലമാക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം വിമർശിക്കുമ്പോഴാണ് പ്രധാനമന്ത്രി ഈ വാദം ഉയർത്തുന്നത്. ബിൽ പാസായില്ലെങ്കിലും ശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന് മോദി വ്യക്തമാക്കി.

പാസായിരുന്നെങ്കിൽ തമിഴ്‌നാട്, ബംഗാൾ, ഉത്തർപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ സീറ്റുകൾ വർദ്ധിക്കുമായിരുന്നു. പ്രതിപക്ഷ പാ‌ർട്ടികൾ സ്വന്തം സംസ്ഥാനങ്ങളിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. കൂടുതൽ തമിഴരെ എം.പിമാരും എം.എൽ.എമാരുമാക്കാൻ ലഭിച്ച അവസരം ഡി.എം.കെ നഷ്‌ടപ്പെടുത്തി. ബംഗാളിലെ തൃണമൂൽ കോൺഗ്രസിനും യു.പിയിലെ സമാജ്‌വാദി പാ‌ർട്ടിക്കും ഇതേ അവസരമുണ്ടായിരുന്നു. സ്ത്രീകളെ പിന്തുണയ്‌ക്കാനുള്ള അവസരം കോൺഗ്രസ് നഷ്‌ടപ്പെടുത്തി. ഈ ഭേദഗതിയെ എതിർത്തതിലൂടെ പ്രാദേശിക പാർട്ടികളുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിടാനുള്ള രാഷ്ട്രീയ ഗൂഢാലോചന അവർ നടത്തി. മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയില്ല. പക്ഷെ, സ്ത്രീകളുടെ 100% പിന്തുണ ലഭിച്ചുവെന്ന് മോദി അവകാശപ്പെട്ടു.

ഈ അപമാനം സ്ത്രീകൾ മറക്കില്ല

ഈ പാപത്തിനു പ്രതിപക്ഷം തീർച്ചയായും ശിക്ഷിക്കപ്പെടും. ബിൽ പരാജയപ്പെട്ടപ്പോൾ കോൺഗ്രസ്, ഡി.എം.കെ, ടി.എം.സി, സമാജ്‌വാദി പാർട്ടി അംഗങ്ങൾ സന്തോഷത്തോടെ കൈയടിക്കുന്നത് കണ്ടു. വളരെ സങ്കടം തോന്നി. ഇത് സ്ത്രീകളുടെ ആത്മാഭിമാനത്തിനു നേരെയുള്ള വെല്ലുവിളിയാണ്. അപമാനം നേരിട്ടാൽ സ്ത്രീകളത് മറക്കില്ല. പ്രതിപക്ഷത്തിന്റെ ഇത്തരം പ്രവൃത്തികളുടെ വേദന എല്ലാ സ്ത്രീകളുടെയും ഹൃദയത്തിൽ നിലനിൽക്കും.

നിരന്തരം നുണ പറയുന്നു

കോൺഗ്രസും സഖ്യകക്ഷികളും മണ്ഡല പുനർനിർണയത്തെക്കുറിച്ച് നിരന്തരം നുണ പറയുന്നു. ഒരു സംസ്ഥാനത്തിന്റെയും പ്രാതിനിദ്ധ്യത്തിന്റെ അനുപാതത്തിൽ മാറ്റമുണ്ടാകില്ലെന്നും ആരുടെയും പ്രാതിനിദ്ധ്യം കുറയില്ലെന്നും സഭയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകൾ തുല്യ അനുപാതത്തിൽ വർദ്ധിപ്പിക്കും. എന്നിട്ടും പ്രതിപക്ഷത്തെ പാ‌ർട്ടികൾ അംഗീകരിക്കാൻ തയ്യാറായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360