SignIn
Kerala Kaumudi Online
Monday, 25 May 2026 8.38 AM IST

ബംഗാളിലെ തനത് ഭക്ഷണങ്ങൾ ബി.ജെ.പി വിലക്കുമെന്ന് മമത

as

മീനും മാംസവും മുട്ടയും കഴിക്കാൻ പാടില്ലെന്നാണ് ബി.ജെ.പി പറയുന്നതെന്ന് മമത

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിക്കെതിരെ ബംഗാൾ അഭിമാനവും പൈതൃകവും എടുത്തു പ്രയോഗിക്കുകയാണ് മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പി അധികാരത്തിലെത്തിയാൽ ബംഗാൾ ജനതയ്‌ക്ക് തനത് ഭക്ഷണശീലങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകും. മീനും,​ മാംസവും, മുട്ടയും കഴിക്കാൻ പാടില്ലെന്നാണ് ബി.ജെ.പി പറയുന്നത്. പുരുലിയയിലെ റാലിയിലാണ് മമത ബി.ജെ.പിയെ കടന്നാക്രമിച്ചത്. ബി.ജെ.പി ഒരു മതത്തിലും വിശ്വസിക്കുന്നില്ല. കലാപത്തെയാണ് ആശ്രയിക്കുന്നത്. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. ആദിവാസികളെ ചൂഷണം ചെയ്യുന്നു. തൃണമൂൽ കോൺഗ്രസിനെതിരെ 'കുറ്റപത്രം' പുറത്തിറക്കിയിരിക്കുകയാണ്. എന്നാൽ ഗുജറാത്തിലാണ് കലാപങ്ങളുണ്ടായത്. തൃണമൂൽ ഭരണത്തിൽ സ്‌ത്രീകൾക്ക് മെച്ചമുണ്ടായെന്നും, ലക്ഷ്‌മീ ഭണ്ഡാർ പദ്ധതി ചൂണ്ടിക്കാട്ടി മമത പറഞ്ഞു. തന്റെ കൂടെ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലംമാറ്റി. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ കമ്മിഷൻ അപമാനിച്ചെന്നും മമത കുറ്രപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് മമതയ്‌ക്ക് വാട്ടർലൂ ആയി മാറുമെന്ന് ബി.ജെ.പി തിരിച്ചടിച്ചു. ന്യൂനപക്ഷ വോട്ടുബാങ്ക് നിലനിർത്തുകയെന്നത് മാത്രമാണ് മമതയുടെ ഉദ്ദ്യേശമെന്നും പാർട്ടി ദേശീയ വക്താവ് സി.ആർ. കേശവൻ പ്രതികരിച്ചു.

83 ഉദ്യോഗസ്ഥർക്ക് മാറ്റം

ഇന്നലെ 83 ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർമാരെയും,​ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരെയും സ്ഥലംമാറ്റി അവിടെ പുതിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചു. പ്രതിപക്ഷ നേതാവും ബി.ജെ.പി ഉന്നതനുമായ സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാമിൽ അടക്കമാണിത്. ഏപ്രിൽ 23, 29 തീയതികളിൽ രണ്ടുഘട്ടമായാണ് ബംഗാളിലെ വോട്ടെടുപ്പ്. ഫലം മേയ് 4ന്.

മൂന്ന് കേന്ദ്രസേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

സിലിഗുരിയിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിനുള്ളിൽ ക്യാരംസ് കളിച്ച മൂന്ന്

കേന്ദ്രസേനാ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി.

കോൺഗ്രസ് മുഴുവൻ മണ്ഡലങ്ങളിലും മത്സരിക്കും

ബംഗാളിലെ 294 മണ്ഡലങ്ങളിലും മത്സരിക്കാൻ കോൺഗ്രസ്. മമതയ്‌ക്കെതിരെ മുതിർന്ന നേതാവിനെ നിർത്താനും പാർട്ടി ആലോചിക്കുന്നു. ബംഗാളിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ ആണ് ഇക്കാര്യം സൂചിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360