ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇന്ത്യ -ചൈന സംഘർഷം സ്ഥിരീകരിച്ച് ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി). പലയിടങ്ങളിലും ഇരു രാജ്യങ്ങളുടെയും സുരക്ഷാസേനകൾ തമ്മിൽ സംഘർഷം നടക്കുകയാണെന്ന് ഐടിബിപി ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ വ്യക്തമാക്കി. സ്ഥിരീകരണത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
കഴിഞ്ഞ ജൂലായ് മാസം മുതൽ ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന് കിടക്കുന്ന തന്ത്രപ്രധാനമായ ടാക്സിംഗ് മേഖലയിൽ ചൈനീസ് സൈന്യം ഇന്ത്യൻ സുരക്ഷാസേനയുടെ പട്രോളിംഗ് തടസപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും നേർക്കുനേർ വരുന്ന സാഹചര്യമുണ്ടായതെന്നും ഇപ്പോഴും സംഘർഷം തുടരുകയാണെന്നും ഐടിബിപി ഡയറക്ടർ ജനറൽ വ്യക്തമാക്കി.
സെപ്തംബറിൽ ന്യൂഡൽഹിയിൽ നടന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുത്ത ബ്രിക്സ് ഉച്ചകോടിയുടെ സമയത്തും അതിർത്തിയിൽ സംഘർഷമുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ചൈനയുമായുള്ള അതിർത്തിയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്നും നിലവിലെ സാഹചര്യങ്ങളെ നേരിടാൻ പ്രത്യേക കോംബാറ്റ് ട്രെയിനിംഗ് പ്രോഗ്രാമും അതിർത്തി യൂണിറ്റുകളിൽ ഡ്രോൺ പ്ലാറ്റൂണുകളും സജ്ജമാക്കിയിട്ടുണ്ടെന്നും ശത്രുജീത് കപൂർ കൂട്ടിച്ചേർത്തു.
ഐടിബിപി മേധാവിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. സ്വയം പ്രഖ്യാപിത വിശ്വഗുരു ചൈനയ്ക്ക് മുന്നിൽ വിട്ടുവീഴ്ചകൾ ചെയ്യുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയും സർക്കാരും മൗനം പാലിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അരുണാചലിലെ ഗ്രാമങ്ങളുടെ പേര് മാറ്റുന്നതിനൊപ്പം ചൈന അതിർത്തിയിൽ വലിയ അണക്കെട്ട് നിർമിച്ച് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
The Indo-Tibetan Border Police (ITBP) has confirmed clashes between Indian and Chinese security forces at several locations along the Arunachal Pradesh border, according to ITBP Director General Shatrujeet Kapoor. Following the confirmation, the Congress party criticised the central government and Prime Minister Narendra Modi.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |