SignIn
Kerala Kaumudi Online
Sunday, 28 June 2026 1.59 AM IST

വെറുതെ വന്നവരല്ല ' കേപ് വെർദേ'; സമനില പൂട്ടിട്ട് തളച്ചത് മൂന്ന് ടീമുകളെ, അടുത്ത എതിരാളി അർജന്റീന

cabo-verde
ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ സമനിലയിൽ തളച്ച് നോക്കൗട്ടിൽ പ്രവേശിച്ച കേപ് വെർദേയുടെ അഹ്ലാദ പ്രകടനം. photo credit; https://www.facebook.com/fifa

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്‌പെയിനിനെ ഗോൾരഹിതമായി തളച്ച ആഫ്രിക്കൻ കുഞ്ഞുരാജ്യം കേപ് വെർദേ ഫുട്‌ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഉറുഗ്വേയ്‌ക്കെതിരെയുള്ള മത്സരത്തിൽ 2-2 സമനിലയിൽ പിടിച്ചതോടെ കേപ് വെർദെ ലോകകപ്പിൽ പുതിയ പ്രതീക്ഷയായി. ഇപ്പോഴിതാ സൗദി അറേബ്യയുമായുള്ള മത്സരത്തിൽ ഗോൾരഹിത സമനിലയ്ക്ക് ശേഷം റൗണ്ട് ഓഫ് 32ൽ സ്ഥാനം ഉറപ്പിച്ചതോടെ, കേപ് വെർദേ ലോകകപ്പിൽ ഇനിയും തിളങ്ങുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. അടുത്ത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുമായുള്ള പോരാട്ടത്തിന് വഴിയൊരുങ്ങുകയാണ്.

വെറുതെ വന്നവരല്ല 'വെർദേ'

ലോകകപ്പിൽ തുടക്കക്കാരായ കേപ് വെർദെ പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് മൂന്ന് മത്സരങ്ങളിലും കാഴ്ചവച്ചത്. ഗ്രൂപ്പ് എച്ചിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ സ്‌പെയ്നിനെ പ്രതിരോധക്കോട്ട കെട്ടിയാണ് കേപ് വെർദെ മെരുക്കിയത്. മത്സരത്തിന്റെ മുക്കാൽഭാഗത്തോളം പന്തടക്കം സ്പാനിഷ് ടീമിന് ഒപ്പമായിരുന്നുവെങ്കിലും ജയത്തിലേക്കുള്ള ഗോൾ മാത്രം പിറന്നില്ല. സ്‌പെയ്ൻ നടത്തിയ എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ ആഫ്രിക്കൻ ടീമിന്റെ പ്രതിരോധത്തിൽ തട്ടി നിഷ്‌പ്രഭ‌മാവുകയായിരുന്നു.

ഭാഗ്യം കൊണ്ട് മാത്രമല്ല

ആദ്യ ലോകകപ്പ് ചാമ്പ്യന്മാരായ ഉറുഗ്വേയെയും സമനിലയിൽ പൂട്ടിയതോടെ ഫുട്‌ബോൾ ആരാധകർക്ക് ഒരു കാര്യം മനസിലായി. സ്‌പെയിനെ ഗോളടിക്കാൻ അനുവദിക്കാതെ പൂട്ടിയത് ആ ദിവസത്തെ ഭാഗ്യം മാത്രം കൊണ്ടല്ല. ഏത് കൊലകൊമ്പനും മൂക്കുകയറിടാൻ കെൽപ്പുള്ളവരാണ് കേപ്പ് വെർദേക്കാരെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചാണ് അവർ കളത്തിൽ ഉറുഗ്വേയെയും പൂട്ടിയത്. അരങ്ങേറ്റത്തിന് അവസരം ലഭിച്ച ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽതന്നെ രണ്ട് മുൻചാമ്പ്യന്മാരെ സമനിലയിൽ പിടിക്കുകയെന്നത് ലോക ഫുട്ബാളിൽ ചെറിയ നേട്ടമല്ല. ആദ്യ ലോകകപ്പ് ജേതാക്കൾക്കെതിരെ ആദ്യ ഗോളടിക്കാൻ കഴിഞ്ഞത് മറ്റൊരു വലിയ നേട്ടമായി.

സൗദിയെയും പൂട്ടി

മൂന്നാം മത്സരത്തിൽ സൗദി അറേബ്യയെയും പൂട്ടിയതോടെയാണ് കേപ് വെർദേ നോക്കൗട്ടിൽ ഇടം പിടിച്ചത്. സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിൽ പ്രതിരോധം പുറത്തെടുത്താണ് കേപ് വെർദേ പിടിച്ചുനിന്നത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന സമയത്ത് മുഹമ്മദ് കാനോയിലൂടെ സൗദി അറേബ്യ ഗോൾ നേടാനുള്ള ആദ്യ ശ്രമം നടത്തി. എന്നാൽ തലകൊണ്ട് തട്ടിയ ആ പന്ത് കേപ് വെർഡെ ഗോൾ കീപ്പർ വോസിൻഹ കയ്യിലാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ നേടുകയെന്ന ലക്ഷ്യത്തോടെയാണ് കേപ് വെർദേ തുടങ്ങിയത്. ഒരു ഗോളിനായി 15 ശ്രമങ്ങൾ നടത്തിയിട്ടും സൗദിയുടെ പ്രതിരോധം മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം നേടിയ സൗദി അറേബ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി.

അസാധ്യമായി ഒന്നുമില്ല

ഹൂസ്റ്റണിൽ സൗദി അറേബ്യയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ ലോകകപ്പിന്റെ ചരിത്രത്തിൽ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന ഏറ്റവും ചെറിയ രാജ്യമായി കേപ് വെർദേ മാറി. 2010ന് ശേഷം ആദ്യമായാണ് ഒരു അരങ്ങേറ്റ രാജ്യം ലോകകപ്പ് നോക്കൗട്ടിൽ എത്തുന്നത്. ഇനി നോക്കൗട്ടിൽ മുൻ ലോകചാമ്പ്യന്മാരായ അർജന്റീനയെ നേരിടാൻ ഒരുങ്ങുകയാണ് കേപ് വെർദേ. നോക്കൗട്ടിലേക്ക് കടന്ന് അർജന്റീനയുമായുള്ള മത്സരം നേടിയതിന് ശേഷം, 'അസാധ്യമായി ഒന്നുമില്ലെന്ന് തന്റെ ടീം തെളിയിച്ചിട്ടുണ്ട്' എന്ന് കേപ് വെർദേയുടെ മുഖ്യ പരിശീലകൻ ബുബിസ്റ്റ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAPE VERDE FIFA WORLD CUP, CAPE VERDE WORLD CUP, WORLDCUP, FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360