
കൗമാര പ്രതിഭകളെ എക്കാലത്തും നെഞ്ചിലേറ്റിയ ചരിത്രമാണ് ഇന്ത്യൻ ക്രിക്കറ്റിനുള്ളത്. അതിൽ ഏറ്റവും എടുത്തുപറയേണ്ട ഉദാഹരണമാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. 1989ൽ കറാച്ചിയിൽ വസീം അക്രം, വഖാർ യൂനിസ്, ഇമ്രാൻ ഖാൻ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച പേസ് നിരയ്‌ക്കെതിരെ 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ പാഡണിഞ്ഞത്. പിന്നീട് 100 അന്താരാഷ്ട്ര സെഞ്ച്വറികളുമായി അദ്ദേഹം 'ക്രിക്കറ്റിലെ ദൈവം' ആയി അറിയപ്പെട്ടു.
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ്, ഏകദിന അരങ്ങേറ്റക്കാരൻ എന്ന റെക്കാഡും സച്ചിന്റെ പേരിൽ സുരക്ഷിതമാണ്. എന്നാൽ നിലവിൽ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത് മറ്റൊരു കൗമാര വിസ്മയമായ തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ലോകത്തെ ഞെട്ടിച്ച വൈഭവ് സൂര്യവംശിയെന്ന 15കാരനിലേക്കാണ്.

ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ട്വന്റി-20 ടീം അയർലൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കായി ബെൽഫാസ്റ്റിൽ എത്തിക്കഴിഞ്ഞു. ഇന്ന നടക്കുന്ന മത്സരത്തിൽ ടീമിലിടം നേടിയാൽ വൈഭവ് ചരിത്രത്താളുകളിൽ ഇടംപിടിക്കും. നിലവിലെ റെക്കാഡ്: വാഷിംഗ്ടൺ സുന്ദർ (18 വയസു80 ദിവസവും.
ഇന്ന് അരങ്ങേറ്റം കുറിച്ചാൽ വൈഭവിന് 15 വയസും 91 ദിവസവും മാത്രമായിരിക്കും പ്രായം. ഇതോടെ ഇന്ത്യയ്ക്കായി ട്വന്റി-20കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി വൈഭവിന് സ്വന്തമാകും.
2026 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള വൈഭവിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. ആദ്യ പന്ത് മുതൽ ബൗളർമാരെ കടന്നാക്രമിക്കുന്നതാണ് ശൈലി. 16 ഇന്നിംഗ്സുകളിൽ നിന്നായി 776 റൺസാണ് താരം കൂട്ടിച്ചേർത്തത്. സീസണിലെ ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ്പും ഈ അത്ഭുത ബാലൻ സ്വന്തമാക്കി.
ലിസ്റ്റ് എ ക്രിക്കറ്റിലെ ലോക റെക്കാഡ്
ഇന്ത്യ എ, ശ്രീലങ്ക എ ടീമുകൾ തമ്മിൽ നടന്ന ട്രൈനേഷൻ സീരീസിൽ വെറും 11 പന്തിൽ നിന്ന് വൈഭവ് അർദ്ധസെഞ്ച്വറി (50) തികച്ചതാണ് മറ്റൊരു നേട്ടം.ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറിയാണിത്. മത്സരത്തിൽ പത്ത്ഫോറുകളും എട്ട് സിക്സറുകളും സഹിതം 29 പന്തിൽ 94 റൺസാണ് താരം അടിച്ചുകൂട്ടിയത്.

സച്ചിനും വൈഭവിനും പുറമെ കൗമാരപ്രായത്തിൽ തന്നെ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് പിന്നീട് ക്രിക്കറ്റ് ലോകത്ത് വിസ്മയമായി മാറിയ താരങ്ങൾ വേറെയുമുണ്ട്. ഹർഭജൻ സിംഗ്, പാർഥിവ് പട്ടേൽ, ചേതൻ ശർമ്മ, പിയൂഷ് ചൗള എന്നിവരാണ് പട്ടികയിലെ മുൻഗാമികൾ. 1998ൽ ഓസ്‌ട്രേലിയക്കെതിരെ 17ാം വയസിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഹർഭജൻ സിംഗ് പിന്നീട് 417 ടെസ്റ്റ് വിക്കറ്റുകളുമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായി മാറി.

2002ൽ ഇംഗ്ലണ്ടിനെതിരെ 17 വയസും153 ദിവസവും പ്രായമുള്ളപ്പോൾ പാഡണിഞ്ഞ പാർഥിവ് പട്ടേൽ അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് വിക്കറ്റ് കീപ്പറെന്ന റെക്കാഡോടെയാണ് കരിയർ ആരംഭിച്ചത്. നിലവിൽ അദ്ദേഹം മികച്ച ക്രിക്കറ്റ് കമന്റേറ്ററാണ്. വെസ്റ്റ് ഇൻഡീസിനെതിരെ 17 വയസുള്ളപ്പോൾ അരങ്ങേറിയ ചേതൻ ശർമ്മയാകട്ടെ 1987ൽ ന്യൂസിലൻഡിനെതിരെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക് നേടി ചരിത്രം കുറിച്ച ബൗളറാണ്.

മികച്ച ഗൂഗ്ലികളിലൂടെ ഐപിഎല്ലിൽ ഇന്നും സജീവമായ ലെഗ് സ്പിന്നർ പിയൂഷ് ചൗളയും തന്റെ കരിയർ തുടങ്ങിയത് 2006ൽ 17 വയസുള്ളപ്പോഴായിരുന്നു. ഈ മുൻഗാമികളുടെ നിരയിലേക്കാണ് വൈഭവും നടന്നു കയറുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന അത്ഭുത ബാലൻ അന്താരാഷ്ട്ര വേദിയിലും തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടരുമോ എന്ന് കാത്തിരുന്ന് കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |