
കാരക്കാസ്: വെനസ്വേലയെ നടുക്കിയ ശക്തമായ ഇരട്ട ഭൂചലനങ്ങൾ ലാറ്റിൻ അമേരിക്കയെ മാത്രമല്ല, ആഗോള എണ്ണ വിപണിയെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ലോകത്തിലെ പ്രധാന ക്രൂഡ് ഓയിൽ ഉൽപാദകരിലൊന്നാണ് വെനസ്വേല. അവിടെ ഉണ്ടായിരിക്കുന്ന ഭൂചലനം എണ്ണയുടെ ഉൽപാദനത്തെയോ കയറ്റുമതിയെയോ ബാധിച്ചാൽ അത് ഇന്ത്യയെപോലെ വലിയ അളവിൽ ഇന്ധന ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് തിരിച്ചടിയാകുമോയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
നിലവിൽ വെനസ്വേലയിൽനിന്ന് ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെട്ടതായി സ്ഥിരീകരണമില്ല. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യ വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി വർദ്ധിപ്പിച്ചതിനാൽ സ്ഥിതിഗതികൾ കേന്ദ്രസർക്കാർ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്.
ഇന്ത്യ എന്തുകൊണ്ടാണ് വെനസ്വേലയെ ആശ്രയിച്ചത്?
പശ്ചിമേഷ്യയിലെ ഭൗമരാഷ്‌ട്രീയ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് ഇന്ത്യ അടുത്തിടെ വെനസ്വേലയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർദ്ധിപ്പിച്ചത്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2026 ഏപ്രിൽ-മേയ് മാസങ്ങളിൽ വെനസ്വേല ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ വിതരണക്കാരിൽ ഒന്നായി മാറി. 2025-26 സാമ്പത്തിക വർഷത്തിൽ പ്രതിമാസം ഏകദേശം 64,000 മെട്രിക് ടണ്ണായിരുന്ന ഇറക്കുമതി 2026-27 സാമ്പത്തിക വർഷത്തിലെ ഇതേകാലയളവിൽ 10 ലക്ഷം മെട്രിക് ടണ്ണിൽ അധികമായി ഉയർന്നു.
വെനസ്വേലയിൽ നിന്നുള്ള വലിയ അളവിലുള്ള ക്രൂഡ് ഓയിൽ ഇന്ത്യൻ റിഫൈനറികൾക്ക് സംസ്‌കരിക്കാൻ അനുയോജ്യമായതിനാൽ ഈ ഇറക്കുമതിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാനുള്ള വൈവിദ്ധ്യവൽക്കരണ നയത്തിലെ പ്രധാന പങ്കാളിയാണ് വെനസ്വേലയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഭൂചലനം എണ്ണ മേഖലയ്‌ക്ക് തിരിച്ചടിയാകുമോ?
വെനസ്വേലയിൽ ഉണ്ടായിരിക്കുന്ന ഭൂചലനം എണ്ണ മേഖലയ്‌ക്ക് തിരിച്ചടിയാകുമോയെന്ന കാര്യത്തിൽ ഇതുവരെയും കൃത്യമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഭൂചലനത്തിൽ റിഫൈനറികൾക്കും പൈപ്പ്‌ലൈനുകൾക്കും തുറമുഖങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും പ്രാഥമിക റിപ്പോർട്ടുകൾ ആശ്വാസം പകരുന്നതാണ്. എണ്ണ ഉൽപാദനവും കയറ്റുമതിയും കാര്യമായി തടസപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭൂചലനത്തിൽ പ്രധാനമായും ആഘാതമുണ്ടായിരിക്കുന്നത് കാരക്കാസ് ഉൾപ്പടെയുള്ള നഗരങ്ങളിലെ വീടുകൾക്കും റോഡുകൾക്കും പൊതുസൗകര്യങ്ങൾക്കുമാണ്. എന്നിരുന്നാലും എണ്ണ ഉൽപാദന കേന്ദ്രങ്ങളിലും കയറ്റുമതി സംവിധാനങ്ങളിലും വിശദമായ പരിശോധനകൾ പുരോഗമിക്കുകയാണ്. പരിശോധനകൾക്ക് ശേഷം മാത്രമേ യഥാർത്ഥ സ്ഥിതി വ്യക്തമാകൂ.
ഇന്ത്യക്ക് ഉടൻ ഇന്ധന പ്രതിസന്ധിയുണ്ടാകുമോ?
വെനസ്വേലയിൽനിന്ന് മാത്രമല്ല, റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക, ബ്രസീൽ തുടങ്ങി 35-ലധികം രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. അതിനാൽ വെനസ്വേലയിൽ നിന്നുള്ള വിതരണം താൽക്കാലികമായി കുറഞ്ഞാലും മറ്റ് രാജ്യങ്ങളിൽനിന്ന് ആവശ്യമായ എണ്ണ ലഭ്യമാക്കാൻ ഇന്ത്യയ്‌ക്ക് കഴിയും. അതേസമയം, ഇന്ത്യൻ എണ്ണക്കമ്പനികളിൽ ആവശ്യത്തിന് ശേഖരം ബാക്കിയുണ്ടെന്നാണ് അറിയാനാകുന്നത്. അതിനാൽ ഉടൻ ഇന്ധനക്ഷാമം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്.
എന്നാൽ, ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധനവില ഉയർന്നാൽ അത് ഇന്ത്യയ്‌ക്കും തിരിച്ചടിയാകും. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് വെനസ്വേല ഇന്ത്യയ്‌ക്ക് കൂടുതൽ പ്രാധാന്യമുള്ള എണ്ണ വിതരണക്കാരായി മാറിയത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് നേരിടുന്ന സുരക്ഷാഭീഷണി കണക്കിലെടുത്താണ് ഇന്ത്യ വെനസ്വേലിൽനിന്നുള്ള ഇറക്കുമതി വർദ്ധിപ്പിച്ചത്.
ഭൂചലനത്തിന് പിന്നാലെ വെനസ്വേലയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞാൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ ലഭ്യത കുറയുകയും ഇന്ധനവില ഉയരുകയും ചെയ്യുന്നു. ഇന്ത്യയ്‌ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 മുതൽ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. അതിനാൽ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില ഉയർന്നാൽ രാജ്യത്തിന്റെ ഇറക്കുമതി ചെലവും പണപ്പെരുപ്പവും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്.
വെനസ്വേലയിലെ എണ്ണപ്പാടങ്ങൾ, പൈപ്പ്‌ലൈനുകൾ, തുറമുഖങ്ങൾ, കയറ്റുമതി ടെർമിനലുകൾ എന്നിവയുടെ വിശദമായ പരിശോധനകളുടെ ഫലമാണ് ഇനി നിർണായകം. പ്രതീക്ഷിച്ചതിലും വലിയ നാശനഷ്‌ടം സ്ഥിരീകരിക്കപ്പെടുകയും വെനസ്വേലയിൽനിന്നുള്ള ക്രൂഡ് ഓയിൽ വിതരണം ദീർഘകാലത്തേയ്‌ക്ക് തടസപ്പെടുകയും ചെയ്‌താൽ ആഗോള എണ്ണവില വീണ്ടും കുതിച്ചുയരാൻ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ അതിന്റെ പ്രത്യാഘാതം ഇന്ത്യയിലും അനുഭവപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |