SignIn
Kerala Kaumudi Online
Monday, 25 May 2026 9.29 AM IST

സ്വർണത്തിന് മൂല്യത്തിന്റെ 85 ശതമാനം വരെ വായ്പ

gold

പുതിയ ചട്ടം ഏപ്രിൽ ഒന്ന് മുതൽ

കൊച്ചി: റിസർവ് ബാങ്കിന്റെ പുതുക്കിയ ചട്ടം അനുസരിച്ച് 2.5 ലക്ഷം രൂപ വരെയുള്ള വായ്‌പയ്ക്ക് പണയമായി നൽകുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം തുക ലഭിക്കും. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സ്വർണത്തിന്റെ മൂല്യത്തിന്റെ 80 ശതമാനവും അഞ്ച് ലക്ഷത്തിന് മുകളിൽ മൂല്യത്തിന്റെ 75 ശതമാനവും വായ്പ ലഭിക്കും. മൂല്യം കണക്കാക്കുമ്പോൾ തിരിച്ചടക്കേണ്ട തുകയും ഉൾപ്പെടുത്തും. 18 കാരറ്റ്, 22 കാരറ്റ് സ്വർണാഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ എന്നിവയാണ് പണയമായി സ്വീകരിക്കുന്നത്.

ഭൂമി ഇടപാടുകൾക്ക് പാൻ

ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി ഇടപാടുകൾക്ക് മാത്രം ഇനി മുതൽ പാൻ നിർബന്ധമാക്കൂ. നേരത്തെ പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ പാൻ നിർബന്ധമായിരുന്നു. അഞ്ച് ലക്ഷം രൂപയിലധികം വിലയുള്ള കാറുകൾ വാങ്ങുമ്പോഴും പാൻ വേണം. ഹോട്ടൽ റെസ്‌റ്ററന്റ് ബിൽ, കൺവെൻഷൻ സെന്ററുകൾ, ബാങ്ക്വറ്റ് ഹാളുകൾ, ഇവന്റ് മാനേജ്‌മെന്റ് ചെലവുകൾ എന്നിവയ്ക്ക് പാൻ നൽകേണ്ട പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി. ബാങ്ക്, പോസ്‌റ്റ് ഓഫീസ് എന്നിവയിൽ പ്രതിദിനം 50,000 രൂപയിലധികം നിക്ഷേപിക്കുന്നതിനും പാൻ വേണം. സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയിലധികം നിക്ഷേപിക്കുന്നതിനും പാൻ നിർബന്ധമാണ്.

സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് ഇളവുകൾ

സീറോ ബാലൻസുള്ള അടിസ്ഥാന സേവിംഗ് അക്കൗണ്ടുകൾക്ക് ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് സൗകര്യങ്ങൾ ഏപ്രിൽ ഒന്ന് മുതൽ ലഭ്യമാകും. വാർഷിക ഫീസ് ഇല്ലാതെ എ.ടി.എം കാർഡ്, പ്രതിവർഷം 25 ലീഫുള്ള ചെക്ക് ബുക്ക്, ശാഖകളിലും സി.ഡി.എമ്മുകളിലും പരിധിയില്ലാതെ പണം നിക്ഷേപിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കും. സൗജന്യമായി എ.ടി.എമ്മിലൂടെ നാല് തവണ പിൻവലിക്കാം. ആവശ്യമുണ്ടെങ്കിൽ ബാങ്കുകൾ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമുകളും ഈ അക്കൗണ്ടുകളിൽ ലഭ്യമാക്കും.

മരിച്ചവരുടെ അക്കൗണ്ടുകളിൽ ചട്ടം മാറും

സഹകരണ ബാങ്കുകളിൽ അഞ്ച് ലക്ഷം രൂപയിൽ താഴെയും മറ്റു ബാങ്കുകളിൽ 15 ലക്ഷം രൂപയിൽ താഴെയുമാണ് മരിച്ച വ്യക്തിയുടെ അക്കൗണ്ടിലെ ബാലൻസ് തുകയെങ്കിൽ നോമിനിയോ ജോയിന്റ് അക്കൗണ്ട് ഹോൾഡറോ ഇല്ലെങ്കിലും അധിക രേഖകൾ നൽകാതെ അവകാശികൾക്ക് പണം ക്ളെയിം ചെയ്യാം. തുക അധികമാണെങ്കിൽ നിശ്ചിത രേഖകൾ നൽകണം. കൃത്യമായ രേഖകൾ നൽകിയാൽ 15 ദിവസത്തിനകം തുക കൈമാറും.

തപാൽ ഇൻഷ്വറൻസ് പരിധി ഉയർത്തി

തപാലിലൂടെ അയക്കുന്ന ഉത്പന്നങ്ങളുടെ ഇൻഷ്വറൻസ് പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തി. 200 രൂപ വരെ വിലയുള്ള സാധനങ്ങൾക്ക് നാല് രൂപയാണ് നിരക്ക്. അതിന് മുകളിൽ ഓരോ 200 രൂപയ്ക്കും ഒന്നര ശതമാനം അധികം അടക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360