SignIn
Kerala Kaumudi Online
Monday, 25 May 2026 5.58 AM IST

തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരികൾ

ind

യുദ്ധ ഭീതിയിൽ വിൽപ്പന ഉയർത്തി നിക്ഷേപകർ

കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം പടരുന്ന ആശങ്കയിൽ നിക്ഷേപകർ സൃഷ്‌ടിച്ച വിൽപ്പന സമ്മർദ്ദത്തിൽ ഇന്ത്യൻ ഓഹരികൾ ഇന്നലെ തകർന്നടിഞ്ഞു. പ്രമുഖ ഓഹരി സൂചികകളായ സെൻസെക്‌സ്, നിഫ്‌റ്റി എന്നിവ 1.2 ശതമാനം ഇടിഞ്ഞു. ഒരവസരത്തിൽ 1,600 പോയിന്റിലധികം ഇടിഞ്ഞ സെൻസെക്സ് പിന്നീട് നിലമെച്ചപ്പെടുത്തി 1,048.42 പോയിന്റ് നഷ്‌ടത്തോടെ 80,238.85ൽ അവസാനിച്ചു. നിഫ്‌റ്റി 312.95 പോയിന്റ് ഇടിഞ്ഞ് 24,865.70ൽ വ്യാപാരം പൂർത്തിയാക്കി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും മൂക്കുകുത്തി. പെയിന്റ്, വ്യോമയാന, കെമിക്കൽ, ടയർ, ഇന്ധന കമ്പനികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. എണ്ണ വിലയിലെ കുതിപ്പ് ഈ മേഖലകളിലെ കമ്പനികളുടെ പ്രവർത്തന ചെലവ് കുത്തനെ ഉയർത്താനിടയുണ്ട്. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ളോബ് ഏവിയേഷന്റെ ഓഹരി വില ആറ് ശതമാനം ഇടിഞ്ഞു. ബജാജ് ഫിൻസെർവ്, ജിയോ ഫിനാൻഷ്യൽ സർവീസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ ഓഹരികളും കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു.

വിദേശ നിക്ഷേപകർ വിൽപ്പന മോഡിൽ

ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 7,500 കോടി രൂപയാണ് പിൻവലിച്ചത്. ക്രൂഡോയിൽ വിലയിലെ കുതിപ്പും ഡോളറിനെതിരെ രൂപ അടിതെറ്റുന്നതുമാണ് വിദേശ നിക്ഷേപ പിന്മാറ്റത്തിന് വേഗത കൂട്ടിയത്.

ഇന്ത്യയ്ക്ക് ആശങ്കയേറെ

ക്രൂഡോയിൽ സപ്ളൈ മുതൽ പ്രവാസി നിക്ഷേപ ഒഴുക്ക് വരെ വിപുലമായ സാമ്പത്തിക, വ്യാപാര ബന്ധമാണ് ഗൾഫ് രാജ്യങ്ങളും ഇന്ത്യയുമായുള്ളത്. ഫെബ്രുവരിയിൽ ഇന്ത്യയ്ക്കാവശ്യമുള്ള ക്രൂഡിന്റെ 51 ശതമാനവും മൊത്തം പ്രകൃതിവാതക ഇറക്കുമതിയിൽ 85 ശതമാനവും ഗൾഫ് മേഖലയിൽ നിന്നാണെത്തുന്നത്. ജി.സി.സി രാജ്യങ്ങളിൽ ജീവിക്കുന്ന ഒരു കോടിയിലധികം പ്രവാസികളാണ് പ്രധാന ആശങ്ക. സംഘർഷം വ്യാപിക്കുന്ന യു.എ.ഇ, സൗദി, ഖത്തർ എന്നിവിടങ്ങളിലെല്ലാം ഇന്ത്യയ്ക്കാരുടെ സാന്നിദ്ധ്യം ശക്തമാണ്. ഈ രാജ്യങ്ങളുമായി വിപുലമായ വ്യാപാര ബന്ധവും ഇന്ത്യയ്ക്കുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം ജി.സി.സിയിലേക്കുള്ള കയറ്റുമതി

5,700 കോടി ഡോളർ

2024-25ൽ ഗൾഫിൽ നിന്നെത്തിയ പ്രവാസി നിക്ഷേപം

11 ലക്ഷം കോടി രൂപ

നിക്ഷേപ ആസ്തിയിലെ ഇടിവ്

എട്ട് ലക്ഷം കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360