പാലക്കാട്: മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകളിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയും കാർഡ് തരംമാറ്റൽ നടപടികളും പാലക്കാട് ജില്ലയിൽ ആരംഭിച്ചു. മഞ്ഞ (എ.എ.വൈ.), പിങ്ക് (പി.എച്ച്.എച്ച്.) റേഷൻ കാർഡുകളിലുള്ള കുടുംബാംഗങ്ങളിൽ ആരെങ്കിലും ആദായനികുതി അടയ്ക്കുന്നവരോ നിശ്ചിത പരിധിക്ക് മുകളിൽ വാർഷിക വരുമാനമുള്ളവരോ ആണെന്ന് കണ്ടെത്തിയാൽ കാർഡ് വെള്ള വിഭാഗത്തിലേക്ക് മാറ്റും.
ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനായി ആധാറുമായി ബന്ധിപ്പിച്ച പാൻ കാർഡ് ഉപയോഗിക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഐ.ടി സെല്ലിന് ലഭിച്ചിട്ടുണ്ട്. വാർഷിക വരുമാനം മൂന്ന് ലക്ഷത്തിന് മുകളിലുള്ളതായി കണ്ടെത്തിയവരുടെ വിവരങ്ങൾ സപ്ലൈ ഓഫീസുകൾക്ക് കൈമാറിയിട്ടുണ്ട്.
ഇതിന് പുറമെ ഭൂമി, വാഹന ഉടമസ്ഥത, വായ്പകൾ, ജി.എസ്.ടി രജിസ്‌ട്രേഷൻ, ഇ.പി.എഫ്.ഒ തുടങ്ങിയ പത്തിലധികം മേഖലകളിലെ വിവരങ്ങളും പരിശോധിച്ചാണ് അനർഹരെ കണ്ടെത്തുന്നത്. സംശയമുള്ളവരെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ പുനഃപരിശോധിച്ച ശേഷമാണ് റേഷൻ കാർഡ് തരംമാറ്റുന്നത്.
തെറ്റായ വിവരം നൽകിയാൽ നടപടി
വിവാഹിതരായവരും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമായ പലരും ഇപ്പോഴും കുടുംബ റേഷൻ കാർഡിൽ നിന്ന് വേർപെട്ടിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തുന്നത്. വീടുമാറി താമസിക്കുന്നവരും മറ്റിടങ്ങളിൽ സ്ഥിരതാമസമാക്കിയവരും കൂട്ടുകുടുംബ റേഷൻ കാർഡ് വേർതിരിക്കാത്ത സാഹചര്യവുമുണ്ട്.
ഇതുമൂലം കാർഡിൽ ഉൾപ്പെട്ട അർഹരായ മറ്റ് കുടുംബാംഗങ്ങൾക്കും റേഷൻ ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാം. വരുമാനമുള്ള മക്കൾ മാതാപിതാക്കളെ സംരക്ഷിക്കാത്ത സാഹചര്യങ്ങളുണ്ടെങ്കിൽ അതും ഉദ്യോഗസ്ഥർ പരിശോധിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താതെയും തെറ്റായ വിവരങ്ങൾ നൽകി മുൻഗണനാ റേഷൻ കാർഡിൽ തുടരുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |