തിരുവല്ല : കുറ്റൂർ പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഓതറ എട്ടാം വാർഡിൽ മൂന്ന് മുന്നണികൾ മിന്നും പോരാട്ടമാണ് കാഴ്ച്ചവയ്ക്കുന്നത്. പട്ടികജാതി സംവരണ വാർഡായ ഓതറയിൽ 28നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് അടുത്തെത്തിയതോടെ യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും ശക്തമായ പ്രചാരണവുമായി കളംനിറഞ്ഞു തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തി. 29ന് വോട്ടെണ്ണൽ നടക്കുമ്പോൾ ആരാകും വിജയിക്കുക എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് വോട്ടർമാർ.
രജീഷിലൂടെ സീറ്റുറപ്പിക്കാൻ യു.ഡി.എഫ്
യു.ഡി.എഫിൽ നിന്ന് വിജയിച്ച രവി സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്റെ മകൻ രജീഷ് രവിയെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയതോടെ തിരഞ്ഞെടുപ്പിന് വൈകാരികമായൊരു പശ്ചാത്തലവും കൈവന്നു. കേരള കോൺഗ്രസ് പ്രതിനിധിയായാണ് രജീഷിന്റെ മത്സരം. സീറ്റ് നിലനിറുത്തുന്നതിനൊപ്പം ഭൂരിപക്ഷം ഉയർത്തുക എന്ന ലക്ഷ്യവും മുന്നണിക്കുണ്ട്. തിരുവല്ല നിയോജകമണ്ഡലത്തിൽ ഏറെക്കാലത്തിന് ശേഷം വിജയിച്ച യു.ഡി.എഫ് എം.എൽ.എ അഡ്വ.വർഗീസ് മാമ്മനാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഓട്ടോറിക്ഷയാണ് യു.ഡി.എഫ് ചിഹ്നം.
39 വോട്ടിന്റെ കണക്ക് തിരുത്താൻ രാജേഷ്
കഴിഞ്ഞതവണ യു.ഡി.എഫിനോട് 39 വോട്ടുകൾക്ക് പരാജയപ്പെട്ട സി.പി.ഐയിലെ രാജേഷാണ് ഇക്കുറിയും എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. അന്ന് വിമത സ്ഥാനാർത്ഥി എൽ.ഡി.എഫിന് വെല്ലുവിളിയായിരുന്നെങ്കിൽ ഇത്തവണ അത്തരമൊരു സാഹചര്യമില്ല. യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികൾക്കെതിരെ നേരിട്ടുള്ള മത്സരമാണ് രാജേഷ് നടത്തുന്നത്. 4മു7തിർന്ന സി.പി.എം നേതാവും മന്ത്രിയുമായിരുന്ന ഡോ.ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണ് എൽ.ഡി.എഫ് നടത്തുന്നത്. അരിവാൾ ധാന്യക്കതിർ ആണ് ചിഹ്നം.
മൂന്നാം അങ്കത്തിന് കെ.ജി.പ്രസാദ്
എൻ.ഡി.എയ്ക്കായി രംഗത്തുള്ളത് രണ്ടുതവണ ജനപ്രതിനിധിയായ കെ.ജി.പ്രസാദാണ്. 2012-15 കാലയളവിൽ കുറ്റൂർ പഞ്ചായത്തിലെ തലയാർ വാർഡിൽ നിന്നാണ് പ്രസാദ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2016-20ൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കുറ്റൂർ ഡിവിഷനിൽ നിന്നും വിജയിച്ചു. മുൻ ജനപ്രതിനിധിയെന്ന നിലയിലെ പ്രവർത്തനാനുഭവം ഉയർത്തിക്കാട്ടിയാണ് പ്രസാദ് വീണ്ടും ജനവിധി തേടുന്നത്. നിലവിൽ കുറ്റൂർ പഞ്ചായത്ത് ഭരിക്കുന്ന എൻ.ഡി.എയ്ക്ക് ഓതറയിലെ വിജയം ഭരണസമവാക്യങ്ങളിൽ നിർണായകമാണ്. ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലാണ് എൻ.ഡി.എയുടെ പ്രചാരണം കൊഴുപ്പിക്കുന്നത്. താമരയാണ് എൻ.ഡി.എ ചിഹ്നം.
കുറ്റൂരിന്റെ ഭരണത്തിൽ നിർണായകം
ഓതറയിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത ഓതറയിലെ വിജയം പഞ്ചായത്ത് ഭരണത്തെ നേരിട്ട് സ്വാധീനിക്കുമെന്നതാണ്. നിലവിലെ കക്ഷിനിലയിൽ എൻ.ഡി.എയ്ക്ക് -6, യു.ഡി.എഫിന് -5, എൽ.ഡി.എഫിന് -4 സീറ്റുമാണുള്ളത്. രവിയുടെ മരണത്തെതുടർന്ന് യു.ഡി.എഫിന്റെ അംഗസംഖ്യ നാലായി. അതുകൊണ്ടുതന്നെ ഓതറയിലെ ഒരുസീറ്റ് മൂന്ന് മുന്നണികൾക്കും നിർണായകമാണ്. യു.ഡി.എഫ് സീറ്റ് തിരിച്ചുപിടിച്ചാൽ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണസാദ്ധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിയൊരുങ്ങും. എൻ.ഡി.എയ്ക്ക് നിലവിലെ ഭരണസമവാക്യം നിലനിറുത്താനും സീറ്റ് നിർണായകമാണ്. എൽ.ഡി.എഫിനാകട്ടെ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാനുള്ള അവസരവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |