
തൃശൂർ: ഒരാഴ്ച..ഒമ്പത് വിദ്യാർത്ഥിനികൾ ! തൃശൂർ നഗരത്തിലെയും ജില്ലയിലെ വിവിധ ഭാഗങ്ങളിലെയും സ്വകാര്യ അശരണ കേന്ദ്രങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ ഒൻപത് വിദ്യാർത്ഥിനികളെ കാണാതായതോടെ ജാഗ്രതയിലാണ് പൊലീസും ജില്ലാ ഭരണകൂടവും . മണിക്കൂറുകൾക്കകം എല്ലാവരെയും കണ്ടെത്താനായത് ആശ്വാസമായെങ്കിലും കുട്ടികൾ എന്തിനാണ് നാടുവിട്ടതെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസും ശിശു വികസന വകുപ്പും അന്വേഷണം ആരംഭിച്ചു. പൊലീസിന്റെയും റെയിൽവേ അധികൃതരുടെയും സമയോചിത ഇടപെടലിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്. നാടുവിടാൻ വിവിധ കാരണങ്ങളാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ യാഥാർത്ഥ്യം രഹസ്യമായി പരിശോധിച്ചുവരികയാണ്. കുട്ടികൾ താമസിച്ചിരുന്ന സ്ഥാപനങ്ങളിൽനിന്നും റിപ്പോർട്ട് ശേഖരിക്കും. കഴിഞ്ഞ 18ന് നെല്ലിക്കുന്ന് പരിസരത്തുനിന്നാണ് നാല് പെൺകുട്ടികളെ കാണാതായത്. തൃശൂർ സിറ്റി കൺട്രോൾ റൂമിന്റെ രാത്രികാല വാഹന പട്രോളിംഗിനിടെയാണ് കൊക്കാലെ ഭാഗത്തുനിന്ന് ഇവരെ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസമാണ് തൃശൂരിൽനിന്ന് കാണാതായ രണ്ട് വിദ്യാർത്ഥിനികളെ ആലുവയിൽ കന്യാകുമാരി എക്‌സ്പ്രസിൽനിന്ന് കണ്ടെത്തിയത്. എറണാകുളം-തൃശൂർ സെക്ഷനിൽ ടിക്കറ്റ് പരിശോധന നടത്തുന്നതിനിടെ ജനറൽ കോച്ചിൽ നിൽക്കുകയായിരുന്ന പെൺകുട്ടികളെ ടി.ടി.ഐയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അന്യസംസ്ഥാനത്തേക്ക് കടക്കുന്നതിനുമുമ്പ് ഇവരെ കണ്ടെത്താനായതും നിർണായകമായി. നഗരത്തിലെ ഒരു സ്‌കൂളിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് കുട്ടികളെയാണ് ഉച്ചഭക്ഷണ സമയത്ത് കാണാതായത്. പിന്നീട് ഇവരെ ആലപ്പുഴയിൽനിന്ന് കണ്ടെത്തി. സംഭവങ്ങൾ തുടർച്ചയായതോടെ അശരണ കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
ബോധവത്കരണം
കടന്നുകളയാൻ ശ്രമിച്ച വിദ്യാർത്ഥിനികൾക്ക് ആവശ്യമായ ബോധവത്കരണവും കൗൺസിലിംഗും നൽകും. കുട്ടികളെ കേന്ദ്രീകരിച്ച് വിവിധ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോയെന്നും പരിശോധിക്കും. മൊബൈൽ ഫോൺ, ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർതലത്തിൽ വ്യാപക ബോധവത്കരണ പരിപാടികൾ നടക്കുന്നതിനിടെയാണ് തുടർച്ചയായുള്ള സംഭവങ്ങൾ. അന്യസംസ്ഥാനങ്ങളിൽനിന്ന് പെൺകുട്ടികളടക്കം നിരവധി പേരെ ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ ഭൂരിഭാഗം പേരെയും റെയിൽവേ സ്റ്റേഷനുകളിൽവച്ച് തന്നെ കണ്ടെത്തി നാട്ടിലേക്ക് തിരിച്ചയക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |