SignIn
Kerala Kaumudi Online
Saturday, 26 September 2026 1.33 AM IST

കാഡ പദ്ധതി സ്തംഭനാവസ്ഥയിൽ

kada
കാ‌ഡ കനാൽ (ഫയൽ ചിത്രം)

വാളയാർ: കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും ജലനഷ്ടം കുറക്കാനും ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച കാഡ പദ്ധതി (കമാന്റ് ഏരിയാ ഡെവലപ്പ്‌മെന്റ് അതോറിറ്റി) സ്തംഭനാവസ്ഥയിൽ. പദ്ധതിയുടെ ഭാഗമായി കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല. പുതിയ പദ്ധതികളൊന്നുമില്ല. മുമ്പ് കാഡ പദ്ധതി അവലോകനം ചെയ്യാൻ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രത്യേക ടീം ഉണ്ടായിരുന്നു. അതെല്ലാം ഒഴിവാക്കി പ്രവർത്തനം ഇറിഗേഷൻ വകുപ്പിന്റെ മറ്റ് വിഭാഗങ്ങളോടൊപ്പം ഏകോപിപ്പിച്ചു. 1985 ജനുവരി 11 ന് ആണ് കേരളത്തിൽ കാഡ പ്രവർത്തനം ആരംഭിച്ചത്. 1986 ൽ കേരള കമാന്റ് ഏരിയ വികസന നിയമവും പാസാക്കി. മലമ്പുഴ ഉൾപ്പെടെ സംസ്ഥാനത്തെ വലിയ ജലസേചന പദ്ധതികളുടെ പരിധിയിലെ കൃഷി ഭൂമികളിലെ ജലവിനിയോഗം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രാദേശിക തലത്തിൽ കർഷക പങ്കാളിത്തത്തോടെ ജലവിനിയോഗ സമിതികൾ രൂപീകരിച്ചാണ് ഫീൽഡ് ചാലുകളുടെ നിർമ്മാണവും നവീകരണവും നടത്തിയത്. ഡാമുകളിലെ വെള്ളം പാഴായി പോകാതെ ചെറു ചാലുകൾ നിർമ്മിച്ച് നേരിട്ട് കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതി നല്ല രീതിയിൽ മുന്നോട്ടു പോവുകയും ചെയ്തു. കൃഷി ഭൂമി ഒരുക്കലും ശാസ്ത്രീയ കൃഷി രീതികൾ ആവിഷ്‌കരിക്കലും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. വിത്തും വളവും എത്തിക്കൽ, ജല സേചനം, ഡ്രിപ്പ് ഇറിഗേഷൻ തുടങ്ങിയവയെല്ലാം കാഡയുടെ ഭാഗമായി നടപ്പിലാക്കേണ്ട പദ്ധതികളായിരുന്നു. പിന്നീട് സർക്കാരും ജലവിഭവ വകുപ്പും പദ്ധതിയെ അവഗണിക്കുകയായിരുന്നു. ഫണ്ട് വെട്ടിക്കുറക്കുകയും ഉദ്യോഗസ്ഥരെ പുനർ വിന്യസിപ്പിക്കുകയും ചെയ്തു. ജലവിനിയോഗ സമിതികളും ഇല്ലാതായി. ചാലുകൾ നികന്ന് പോവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പെട്ടെന്ന് നന്നാക്കാൻ സംവിധാനമില്ല. ഇറിഗേഷൻ വകുപ്പിന് പരാതി നൽകി കാത്തിരിക്കേണ്ട അവസ്ഥയിലാണ് കർഷകർ. നിലവിൽ പദ്ധതിയുടെ ഓർമ്മയായി മലമ്പുഴ ഡാമിന് കീഴിലുള്ള കൃഷിയിടങ്ങളിലെ പൊട്ടി പൊളിഞ്ഞ കുറെ ചാലുകൾ മാത്രമാണുള്ളത്. കാഡ പദ്ധതി പ്രത്യേകം ചീഫ് എൻജിനീയറുടെ കീഴിലാക്കി മുൻ കാലങ്ങളിലേതിന് സമാനമായ രീതിയിൽ പ്രവർത്തനം ഊർജിതമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL