SignIn
Kerala Kaumudi Online
Sunday, 21 June 2026 6.54 PM IST

റബ്ബറിന് 250 രൂപ താങ്ങുവില: സർക്കാർ പ്രഖ്യാപനം കർഷകർക്ക് ആശ്വാസം

കാളികാവ്: നഷ്ടത്തിൽ മുന്നോട്ടു പോകുന്ന റബർ കർഷകർക്ക് ആശ്വാസം പകരുന്നതായി താങ്ങുവില 250 രൂപയാക്കിയുള്ള സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനം. കഴിഞ്ഞ ഒരുമാസമായി 270 രൂപ വരെ വില ലഭിക്കുന്നുണ്ട്.എന്നാൽ ഇത് അധിക കാലം നിലനിൽക്കില്ല.

നേരത്തെ താങ്ങുവില 200 ഉണ്ടായിരുന്നതാണ്

250 രൂപയായി ഉയർത്തിയത്. താങ്ങുവില 300 രൂപയാക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം.

കഴിഞ്ഞ വർഷം 250 വരെ വിലയുണ്ടായിരുന്ന

റബറിന് ദിനേന വിലയിടിവ് തുടർന്ന് 150 വരെ എത്തിയിരുന്നു.

ഇത് കനത്ത നഷ്ടമാണ് കർഷകർക്കുണ്ടാക്കിയിട്ടുള്ളത്.

200 രൂപ വില ലഭിച്ചാൽ ഉദ്പാദന ചെലവ് ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്.

കൂലിവർദ്ധനവ്,​ റെയിൻ ഗാർഡിംഗ് ചെലവ് ,​ വളപ്രയോഗം ഇവയെല്ലാം കൂട്ടിയാൽ കർഷകന് പത്തു രൂപ പോലും കിട്ടാത്ത അവസ്ഥയായിരുന്നു.

അതിവർഷം കൊണ്ടോ വരൾച്ച കൊണ്ടോ ഉദ്പാദനം കുറയുകയും വിലയിടിവ് തുടരുകയും ചെയ്താൽ കർഷകർ വീണ്ടും ദുരിതത്തിലാവും. തറവില 300 രൂപയാക്കണമെന്ന ആവശ്യത്തിന് ഒന്നര പതിറ്റാണ്ട് പഴക്കമുണ്ട്.

മലയോര മേഖലയുടെ സാമ്പത്തികാടിത്തറ റബറിനെ ആശ്രയിച്ചാണ് നില കൊള്ളുന്നത്.

സംസ്ഥാനത്ത് അഞ്ചര ലക്ഷം ഹെക്ടറിൽ ഒമ്പതു ലക്ഷത്തിലധികം കർഷകരാണ് റബറിനെ ആശ്രയിച്ചുകഴിയുന്നത്. അതിന്റെ പതിന്മടങ്ങ് തൊഴിലാളികളുംകു ടുംബങ്ങളുമുണ്ട്.
നവംബർ അടക്കം നാലുമാസമാണ് റബറിന്റെ സീസൺ കാലം.ഈ കാലത്ത് ഉത്പാദനവും വൻ തോതിൽ ഉയരും.കർഷകരുടെ ഏക പ്രതീക്ഷയും ഇക്കാലത്താണ്.

ടയർ ലോബിയെ സഹായിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നാണ് കർഷകരുടെ പരാതി. തീരുവ കൂട്ടി ഇറക്കുമതി നിയന്ത്രിക്കണമെന്ന കർഷകരുടെ ആവശ്യത്തിനും

വർഷങ്ങളുടെ പഴക്കമുണ്ട്.

ഭക്ഷ്യ എണ്ണ ഇറക്കുമതിക്ക് തീരുവ കൂട്ടിയ സർക്കാരിന് എന്ത് കൊണ്ട് റബറിന് ആയിക്കൂട എന്നാണ് കർഷകർ ചോദിക്കുന്നത്.

രാജ്യാന്തര വിപണിയിൽ വിലക്കുറവുള്ള സമയത്ത് ടയർ ലോബി വൻ തോതിൽ ഇറക്കുമതി നടത്തി ശേഖരം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇതു മൂലം നേരത്തെ നില നിന്ന വിലയുടെ അടിസ്ഥാനത്തിൽ തോട്ടങ്ങൾ പാട്ടത്തിനെടുത്തവർക്കും വലിയ നഷ്ടം നേരിട്ടു.

താങ്ങുവില നിശ്ചയിച്ചതിനെ സ്വാഗതം ചെയ്യുന്നു.താങ്ങുവില 300 രൂപയാക്കുകയും ഇറക്കുമതി നിയന്ത്രിക്കുകയും ചെയ്താലേ റബർ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാവൂ.

മാത്യു സെബാസ്റ്റ്യൻ, കർഷക സംഘം ജില്ലാ പ്രസിഡന്റ്.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL