കോഴിക്കോട്: ആന, പന്നി, പുലി, മുള്ളൻപന്നി... വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടി മലയോരം. കഴിഞ്ഞ ദിവസം രണ്ടുപേർക്കാണ് മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഒളവണ്ണ ഭൂഖണ്ഡപുരം സ്വദേശി അബ്ദുൾ ഗഫൂർ (21), വളയം കാവുന്തറ അനിൽജിത്ത് (40) എന്നിവർക്കാണ് പരിക്കേറ്റത്. കുമ്മങ്കടവ്, ചെക്യാട് പഞ്ചായത്തുകൾ പുലി ഭീതിയിലാണ്. കുമ്മങ്കടവിൽ വിദ്യാർത്ഥിയെ പുലി ആക്രമിക്കുകയും ചെയ്തു. വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ തുടരുകയാണ്. ബുധനാഴ്ച കക്കാട്ട് പാറയ്ക്ക് സമീപം പുലിയ കണ്ടതായി നാട്ടുകാർ പറയുന്നു. പുലിപ്പേടിയെ തുടർന്ന് പ്രദേശത്തെ സ്കൂളുകൾ അടഞ്ഞുകിടപ്പാണ്. കൂട് സ്ഥാപിക്കാൻ വെെകിയതും വിദ്യാർത്ഥിയെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിക്കാൻ വെെകിയതും പ്രദേശവാസികളിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
വിലങ്ങാട് വായാട് കോടതി ജീവനക്കാരനായ സുനിൽ കഴിഞ്ഞ മാസം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ജില്ലയിൽ പത്തോളം പഞ്ചായത്തുകൾ വന്യമൃഗ ആക്രമണ ഭീഷണിയിലാണ്. പന്നി, ആന, കാട്ടുപോത്ത് അടക്കമുള്ളവയുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തിൽ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
സംസ്ഥാനത്ത് പൊതുവെ വന്യമൃഗശല്യം വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഇടുക്കിയിലും അട്ടപ്പാടിയിലുമായി 2 പേർ മരിച്ചു. ഇടുക്കിയിൽ കർഷകനായ പി.വി വിജയനും(47) അട്ടപ്പാടിയിൽ ബുഷറയുമാണ് (52) മരിച്ചത്. സംസ്ഥാനത്തെ 1,034 തദ്ദേശ സ്ഥാപനങ്ങളിൽ 668 സ്ഥലങ്ങളിൽ കുറഞ്ഞോ കൂടിയോ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ 287 തദ്ദേശ സ്ഥാപനങ്ങളിൽ പന്നിശല്യം അതിരൂക്ഷമാണ്. അതിൽ മുന്നിൽ കോഴിക്കോട് ജില്ലയാണ്. ജില്ലയിലെ 78 തദ്ദേശ സ്ഥാപനങ്ങളിൽ 46 എണ്ണത്തിലും അതിതീവ്ര ശല്യമുണ്ട്.
കാട്ടാന ആക്രമണത്തിൽ
സംസ്ഥാനത്ത് മരണം
2025ൽ....35
2026 ജൂൺ വരെ....45
രണ്ട് ദിവസം മുൻപ് കൊല്ലപ്പെട്ടത്...2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |