ശാസ്താംകോട്ട: പോരുവഴിയിൽ കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പോരുവഴി പള്ളിമുറി സ്വദേശിയായ ഷമീറയാണ് (45) വീട്ടുമുറ്റത്തെ കിണറ്റിൽ അബദ്ധത്തിൽ അകപ്പെട്ടത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഷമീറ കിണറ്റിൽ വീണ വിവരം അറിഞ്ഞയുടൻ പഞ്ചായത്തംഗം റിഷാദ് അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
സേന സ്ഥലത്ത് എത്തുമ്പോൾ യുവതിയുടെ സഹോദരൻ സലിം കിണറ്റിലിറങ്ങി ഷമീറയെ വെള്ളത്തിൽ താഴ്ന്നുപോകാതെ പിടിച്ചുനിറുത്തിയിരുന്നു. ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രമോദ് കിണറ്റിലിറങ്ങി യുവതിയെ സേനയുടെ പ്രത്യേക വലയ്ക്കുള്ളിലാക്കി സുരക്ഷിതയാക്കി. തുടർന്ന് റോപ്പിന്റെ സഹായത്താൽ സഹോദരനെയും പിന്നാലെ യുവതിയെയും പുറത്തെത്തിച്ചു. ഏകദേശം 45 അടിയോളം ആഴമുള്ള കിണറ്റിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു.
ശാസ്താംകോട്ട അഗ്നിശമന സേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ വിപിൻ, രതീഷ് കുമാർ, പ്രമോദ്, ആർ.വി.അരുൺ, ശ്രീകുമാർ, ബിജു കുമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |