കൊല്ലം: മഴ ശക്തമായതോടെ ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യവും രൂക്ഷമായി. കൊല്ലം കോർപറേഷൻ പരിധിയിൽ കളക്ടറേറ്റ്, കച്ചേരി, കാന്റോൺമെന്റ്, എഴുകോൺ, ശാസ്താംകോട്ട, ഭരണിക്കാവ് തുടങ്ങിയ മേഖലകളിൽ കൂട്ടത്തോടെയിറങ്ങിയിരിക്കുന്ന ഒച്ചുകൾ പ്രദേശവാസികൾക്ക് വലിയ തലവേദനയായിരിക്കുകയാണ്.
മഴയും ഈർപ്പമുള്ള അന്തരീക്ഷം ഇവയ്ക്ക് വളരാൻ ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. പച്ചക്കറികളും വാഴയും അടക്കമുള്ള കൃഷികൾ തിന്നുതീർക്കുന്നതോടൊപ്പം വീടുകൾക്കുള്ളിലേക്കും കിണറുകളിലേക്കും വരെ ഒച്ചുകൾ കയറിക്കൂടുന്നു. മതിലിലും വീട്ടു ഭിത്തികളിലും ഇവ പ്രത്യക്ഷപ്പെടുന്നു. മറ്റുള്ള നാശങ്ങൾക്കപ്പുറം മാരക രോഗങ്ങൾ പരക്കാനും സാദ്ധ്യത ഉള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
ഒച്ചുകളിൽ മെനിഞ്ചൈറ്റിസ്-എ രോഗത്തിന് കാരണമാകുന്ന പരാദവിരകൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ മനുഷ്യരുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. സന്ധ്യകഴിഞ്ഞ് കൂട്ടമായി പുറത്തിറങ്ങുന്ന ഒച്ചുകൾ പച്ചക്കറികൾ, ഇടവിളകൾ, വാഴകൾ എന്നിവ തിന്നുനശിപ്പിക്കുന്നു. ഇത് കാരണം കൃഷി ഉപേക്ഷിച്ച കർഷകരുമുണ്ട്. പകൽ കരിയിലകളുടെ അടിയിലും മറ്റും ഒളിച്ചു കഴിയുന്ന ഇവയ്ക്ക്, പ്രതികൂല കാലാവസ്ഥയിൽപ്പോലും മൂന്നുവർഷംവരെ തോടുകൾക്കുള്ളിൽ സുരക്ഷിതരായി കഴിയാൻ സാധിക്കും. നനവുള്ളതും ജൈവാംശം കൂടുതലുള്ളതുമായ തണൽ പ്രദേശങ്ങളിലാണ് ഒച്ചുകൾ കൂട്ടത്തോടെ ഉണ്ടാകുന്നത്.
ലോകത്തിലെ ഏറ്റവും അപകടകാരിയായ 100 അധിനിവേശ ജീവികളിൽ ഒന്നാണ് ആഫ്രിക്കൻ ഒച്ച്. ബ്രിട്ടീഷുകാരുടെ കാലത്ത് ആഫ്രിക്കയിൽ നിന്ന് തടി കപ്പലിൽ കൊണ്ടുവന്നപ്പോൾ, തടിക്കൊപ്പം ഒട്ടിപ്പിടിച്ച് ഇന്ത്യയിൽ എത്തി എന്നാണ് ചരിത്രം. ഒരു ഒച്ച് ഒരു വർഷം 1000ൽ അധികം മുട്ട ഇടും. ആഫ്രിക്കയിൽ ഇതിനെ നിയന്ത്രിക്കാൻ സ്വാഭാവിക ശത്രുക്കൾ ഉണ്ട്, പക്ഷെ കേരളത്തിൽ ശത്രുക്കൾ ഇല്ലാത്തതുകൊണ്ട് പെരുകുന്നു.
Heavy rainfall has worsened the African giant snail infestation in Kollam district. The snails have appeared in large numbers in areas including the Collectorate, Kacheri, Cantonment, Ezhukone, Sasthamcotta and Bharanikkavu, causing significant concern among local residents.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |