
തിരുവനന്തപുരം: അഴിമതിക്കേസുകൾ അന്വേഷിക്കുന്ന വിജിലൻസിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ഇനി പുറത്തുവരില്ല. വിജിലൻസ് വിഭാഗത്തിലുള്ള 32 സെക്ഷനുകളിൽ ടി-1, ടി-2 എന്നിവയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കി. ഈ രണ്ട് സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന അന്വേഷണ റിപ്പോർട്ടുകളും വിവരങ്ങളും ലഭിക്കില്ല. ഏതൊക്കെ കേസുകൾ ഈ സെക്ഷനുകളിലേക്ക് മാറ്റണമെന്ന് വിജിലൻസ് മേധാവിക്ക് തീരുമാനിക്കാം. നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ പ്രമുഖർക്കെതിരെയുള്ള കേസുകളുടെ വിവരങ്ങൾ പുറത്തുപോകാതിരിക്കാനുള്ള തന്ത്രമെന്ന് വിമർശനം ഉയർന്നു.
പർച്ചേസ് അഴിമതികൾ, ടെൻഡറിലെ ക്രമക്കേടുകൾ എന്നിങ്ങനെ കേസന്വേഷണങ്ങളിലെ രഹസ്യരേഖകൾ പുറത്തുപോവാതിരിക്കാനാണ് ഇവയെ വിവരാവകാശ നിയമത്തിൽ നിന്നൊഴിവാക്കിയതെന്ന് വിജിലൻസ് വിശദീകരിച്ചു. വിവരാവകാശ നിയമം നിലവിൽ വന്നപ്പോൾ കോൺഫിഡൻഷ്യൽ എന്ന കാരണത്താൽ ടി-സെക്ഷനെ ഒഴിവാക്കിയിരുന്നു. ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറായപ്പോൾ, വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കി. ഇപ്പോൾ വീണ്ടും ഒഴിവാക്കിയിരിക്കുകയാണ്. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ഇന്റലിജൻസിലെയും ടി-സെക്ഷനെ വിവരാവകാശ നിയമത്തിൽ നിന്ന് നേരത്തേ ഒഴിവാക്കിയിട്ടുണ്ട്.
വിജിലൻസിലെ മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ്, ലീഗൽ ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകൾ, ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള വ്യക്തിഗത ഫയലുകൾ, അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ എന്നിവ സൂക്ഷിക്കുകയും കൈകാര്യംചെയ്യുകയും ചെയ്യുന്നത് ടി-1 സെക്ഷനാണ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികൾ പ്രോസസ് ചെയ്യൽ, നിർണായകമായ സോഴ്സ് റിപ്പോർട്ടുകൾ എന്നിവ കൈകാര്യം ചെയ്യുന്നത് ടി-2 സെക്ഷനാണ്.
വിവരാവകാശ നിയമംബാധകമല്ലാത്തവ
ജി.എസ്.ടി ഇന്റലിജൻസ്
ഇന്റലിജൻസ് ബ്യൂറോ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
സി.ബി.ഐ
എൻ.ഐ.എ
നാർകോട്ടിക് കൺട്രോൾ ബ്യൂറോ
സ്പെഷ്യൽ ബ്രാഞ്ച്
ക്രൈംബ്രാഞ്ച്
ക്രൈം റെക്കാഡ്സ് ബ്യൂറോ
പൊലീസ് ആസ്ഥാനം
അഴിമതി സി.ബി.ഐയും സൈന്യവും പുറത്തുവിടും
സൈന്യത്തിലും സി.ബി.ഐയിലും അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകും
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തെയോ സുരക്ഷയെയോ ബാധിക്കുന്നതോ നിലവിലുള്ള അന്വേഷണങ്ങളെ തടസപ്പെടുത്തുന്നതോ ആണെങ്കിൽ മാത്രമേ ലഭിക്കാതിരിക്കൂ
കരസേന, നാവികസേന, വ്യോമസേന എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരുമെങ്കിലും, രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ നൽകാറില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |