
മലപ്പുറം: മൂന്നുവർഷത്തിനകം റോഡപകടമരണങ്ങൾ പകുതിയ്ക്കാൻ മോട്ടോർ വാഹനവകുപ്പ് റോഡ് സുരക്ഷാ സാക്ഷരതാ മിഷൻ ആരംഭിക്കുന്നു. കർശന പരിശോധന,ബോധവത്കരണം,സുരക്ഷാ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവയിലൂടെ സുരക്ഷിത യാത്രാസംസ്കാരം വളർത്തുകയാണ് ലക്ഷ്യം. നവംബറിൽ മിഷന് തുടക്കമിട്ടേക്കും.
ഗതാഗത കമ്മിഷണറുടെയും റോഡ് സുരക്ഷാ അതോറിട്ടിയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് മിഷൻ നടപ്പാക്കുന്നത്. ആയിരം മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം നൽകി വിദ്യാർത്ഥികൾ,യുവജനങ്ങൾ,ഓട്ടോ-ടാക്സി ഡ്രൈവർമാർ എന്നിവർക്കിടയിൽ ബോധവത്കരണം നടത്തും. ആദ്യഘട്ടത്തിൽ ആയിരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പദ്ധതി നടപ്പാക്കും. കൂടാതെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പത്തുലക്ഷം റോഡ് സുരക്ഷാ ഗാർഡിയൻമാരെ സൃഷ്ടിക്കുന്നുണ്ട്.
79% റോഡപകടങ്ങൾ
അഞ്ചുവർഷത്തിനിടെ 79 ശതമാനത്തോളം റോഡപകടങ്ങളാണ് സംസ്ഥാനത്ത് വർദ്ധിച്ചത്. 2020ൽ 27,877 അപകടങ്ങളാണെങ്കിൽ 2025ൽ 49,889 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 30,510ൽ നിന്ന് 56,922 ആയി. മരണങ്ങൾ 2,979ൽ നിന്ന് 3,733 ആയി വർദ്ധിച്ചു.
ലഹരിയിലോടിച്ചാൽ
കടുത്ത നടപടി
ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാരുടെ മേൽനോട്ടത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി ദേശീയപാതകളെ ആറു മേഖലകളായി തിരിച്ച് 24 മണിക്കൂറും പരിശോധന നടത്തും. മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വാഹനമോടിക്കുന്നവർക്കെതിരെ ജാമ്യവ്യവസ്ഥകൾ കർശനമാക്കാനും വാഹനങ്ങൾ പിടിച്ചെടുക്കാനും ഗതാഗതവകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിനായി നിയമോപദേശം തേടി. ട്രാഫിക് കൾച്ചർ ഇൻഡക്സ് രൂപീകരിക്കും. ഇതിനായി ഐ.ഐ.ടി മദ്രാസ്,നാറ്റ്പാക്,എൻ.ഐ.ടി കാലിക്കറ്റ്,കുസാറ്റ് എന്നിവയുടെ സഹകരണത്തോടെ പഠനങ്ങളും തുടർപ്രവർത്തനങ്ങളും നടത്തും. റോഡ് സുരക്ഷാ അതോറിട്ടിയുടെയും ഗതാഗത കമ്മിഷണറുടെയും റോഡ് സുരക്ഷാ ഫണ്ടുകളിൽ നിന്ന് പദ്ധതിക്കുള്ള തുക കണ്ടെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |