ചാത്തന്നൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കാവനാട് മുതൽ പാരിപ്പള്ളി വരെ നിർമ്മാണം പൂർത്തിയാക്കിയ ആർ.ഇ
വാളുകൾ അപകടകരമാം വിധം പുറത്തേയ്ക്ക് തള്ളുന്നു. മണ്ണ് നിറച്ച് സ്ഥാപിച്ച ആർ.ഇ പാനലുകൾക്ക് സ്ഥാനചലനം സംഭവിച്ച്
പുറത്തേക്ക് തള്ളുന്നതാണ് ആശങ്ക ഉയർത്തുന്നത്.
പലയിടത്തും ചരിവും വിള്ളലുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. മഴ ശക്തമായതോടെ ആർ.ഇ വാളുകളിൽ ഈർപ്പം പടർന്നതും ആശങ്ക ഇരട്ടിയാക്കുന്നു. നൂതന സാങ്കേതികവിദ്യയിൽ നിർമ്മിച്ചതെന്ന് അവകാശപ്പെടുന്ന ഉയരപ്പാതയിലെ ഈ മാറ്റങ്ങൾ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
മൂന്നുമാസം മുമ്പ് പാരിപ്പള്ളി ജംഗ്ഷനിലെ ഫ്ലൈഓവറിനും വർക്കല ഭാഗത്തേക്കുള്ള അടിപ്പാതയ്ക്കും ഇടയിലുള്ള ഉയരപ്പാതയുടെ വശങ്ങളിൽ വാളുകൾ പുറത്തേക്ക് തള്ളിയിരുന്നു. തുടർന്ന് പാരിപ്പള്ളി മുതൽ കാവനാട് വരെയുള്ള റീച്ചിൽ ആർ.ഇ വാൾ നിർമ്മാണം പൂർത്തിയായ സ്ഥലങ്ങളിൽ വിദഗ്ദ്ധ സംഘം പരിശോധന നടത്തിയിരുന്നു. തുടർന്ന് ജിയോടെക്നിക്കൽ എൻജിനിയറിംഗിന്റെ ഭാഗമായുള്ള മണ്ണിലെ വായുഅറകൾ ഇല്ലാതാക്കി സാന്ദ്രത കൂട്ടുന്ന സോയിൽ നെയ്ലിംഗ് സംവിധാനത്തിലെ റോക്ക് ബോൾട്ടിംഗ് നടത്തി ബോൾട്ടുകൾ ഡ്രിൽ ചെയ്തിരുന്നു.
ഇതിന് പിന്നാലെ കൂടുതൽ സ്ഥലങ്ങളിലും ആർ.ഇ വാളുകൾ പുറത്തേക്ക് തള്ളുന്നതായി കണ്ടെത്തി. നൂറോളം പാനലുകളാണ് ഇത്തരത്തിൽ മേവറം -പാരിപ്പള്ളി മേഖലയിൽ അപകടാവസ്ഥയിൽ തള്ളിനിൽക്കുന്നത്. അതിനാൽ സോയിൽ നെയ്ലിംഗ് നടത്തിയതുകൊണ്ടുമാത്രം ആർ.ഇ വാളുകൾ സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.
തലയ്ക്ക് മീതെ ആശങ്ക
മൈലക്കാട് ഉയപ്പാത ഇടിഞ്ഞുതാഴ്ന്ന് സർവീസ് റോഡ് തകർന്നതിലെ പാഠം ഉൾക്കൊണ്ടില്ല
ആർ.ഇ വാളുകൾ പുറത്തേയ്ക്ക് തള്ളുന്നിടങ്ങളിൽ ഭൂരിഭാഗവും ചതുപ്പ് പ്രദേശങ്ങൾ
വലിയ ഉയരത്തിൽ മണ്ണിട്ടുയർത്തുമ്പോൾ മണ്ണിന് ഉറപ്പില്ലാത്തതിനാൽ തകരും
ഉപയോഗിക്കുന്ന മണ്ണിനും ഗുണനിലവാരം കുറവ്
നിർമ്മാണ സമയത്ത് ഗുണനിലവാര പരിശോധന നടക്കുന്നില്ല
മണ്ണ് ഉറപ്പിക്കുന്നതിലും മാർഗനിർദേശങ്ങൾ പാലിക്കുന്നില്ല
നിർമ്മാണം പൂർത്തിയായ സ്ഥലങ്ങളിലെ മണ്ണിന്റെ പരിശോധനയും ഭൂമിയുടെ താങ്ങൽശേഷിയും വിദഗ്ദ്ധ സംഘം
പരിശോധിച്ച് തുടർനടപടി സ്വീകരിക്കണം.
നാട്ടുകാർ
ദേശീയപാത 66 ലെ മൈലക്കാട് അപകടത്തെ തുടർന്ന് ആർ.ഇ വാളുകളുടെ തകർച്ചയും മണ്ണ് താഴുന്നതും ജിയോടെക്നിക്കൽ ഏജൻസികളെ ഉപയോഗിച്ച് വിദഗ്ദ്ധ സമിതികൾ പരിശോധന നടത്തിവരികയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
ദേശീയപാത അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |