SignIn
Kerala Kaumudi Online
Monday, 25 May 2026 7.37 AM IST

നിത്യപ്രണയം

a

മഴവില്ലു പൂക്കുന്ന മാനത്തെ കൊമ്പിൽ

മഞ്ഞുനീർ പെയ്യുന്ന യാമങ്ങളിൽ

കാറ്റിലലയുന്ന തൂലിക പോലെയെൻ

മൗനം നിൻ മുന്നിൽ വാചാലമായി.

മഷി തീർന്ന വാക്കുകൾ മിഴികളിൽ ബാക്കി

പറയാത്ത പ്രണയം തുളുമ്പുന്നു നെഞ്ചിൽ

യുഗങ്ങൾ മാഞ്ഞൊരു പാതയോരങ്ങളിൽ

നിനക്കായ് കാത്തുനിൽക്കാം,​ പ്രിയേ.

മിഴിപൂട്ടി നിന്നാലും കനവായ് നീ വരും

മായില്ലൊരിക്കലും നിൻ പ്രണയ മന്ത്രം

മഴവില്ലു തെളിയുന്ന മാനം കണക്കെ

മറയാതെ നിൽക്കുമെൻ ഓർമ്മയിൽ നീ.

തളരുന്ന നേരത്തു തണലായ് മാറി

തെന്നലായെന്നെ തലോടിടാമോ?

ഒഴുകുന്ന പുഴയുടെ താളവും തേടി

ഒന്നായ്‌ത്തീരാം നമുക്കിനിയെന്നും

അകലെയായാലുമെൻ ശ്വാസതാളങ്ങളിൽ,

അലതല്ലി നിൽക്കും നിന്നനുരാഗ ഗീതം!

ഇരുൾ മൂടി നിൽക്കുന്ന പാതിരാ നേരത്ത്

മിന്നാമിനുങ്ങായ് ഞാൻ മിന്നിടാം

നിൻ മൗന നൊമ്പരപ്പൂക്കൾ തൻ തേൻ നുകരാൻ,

ശലഭമായ് നിൻ ചാരെയണഞ്ഞിടാം

തനിച്ചായ വീഥിയിൽ പാദമിടറുമ്പോൾ,

കൈകൾ കോർത്തു പിടിക്കാം ഞാൻ...

നമ്മൾ കണ്ട കനവുകൾ മണ്ണിൽ പൂത്തിടാൻ

പുതുമഴയായ് നിന്നുള്ളിൽ പെയ്തിടാം!

മണ്ണിൽ മറഞ്ഞാലും മായാത്ത ഗീതമായ്

നിൻ ശ്വാസതാളത്തിൽ ഞാൻ പെയ്തിറങ്ങാം

വർണ്ണങ്ങൾ ചാർത്തിയ മഴവില്ലു മാഞ്ഞാലും

വാനം വിതുമ്പാതെ ബാക്കിയാകും

നമ്മുടെ മരിക്കാത്ത പ്രണയം പോലെ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POEM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY