SignIn
Kerala Kaumudi Online
Sunday, 26 July 2026 5.24 AM IST

കരിപ്പൂർ സ്റ്റേഷനിൽ സ്വർണം കാണാതായ സംഭവം; മുൻ എസ്.എച്ച്.ഒയ്ക്ക് സസ്‌പെൻഷൻ

s

മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതലായ എട്ട് പവനോളം സ്വർണം കാണാതായ സംഭവത്തിൽ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.അബ്ബാസ് അലിയെ സസ്‌പെൻഡ് ചെയ്തു. കൊണ്ടോട്ടി എ.എസ്.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് മലപ്പുറം ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തിയതും വിവിധ സ്ഥലങ്ങളിൽ നിന്ന് കളഞ്ഞുകിട്ടി, പൊതുജനങ്ങൾ പൊലീസിൽ ഏല്പിച്ചതുമായ സ്വർണമാല,ബ്രേസ്‌ലെറ്റ്,മോതിരം,കമ്മൽ എന്നിവ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്നത്. 2018ന് മുമ്പും ശേഷവുമായി ലഭിച്ച ഈ ആഭരണങ്ങൾക്ക് പത്ത് ലക്ഷം രൂപയോളം വില വരും.

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ സ്റ്റേഷനിലില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് എ.എസ്.പി നടത്തിയ അന്വേഷണത്തിൽ സ്വർണമെടുത്തത് അബ്ബാസ് അലിയാണെന്ന് കണ്ടെത്തി. സംഭവം വിവാദമായതോടെ ആഭരണങ്ങൾ തിരികെ നൽകി നടപടിയിൽ നിന്ന് ഒഴിവാകാൻ എസ്.എച്ച്.ഒ ശ്രമിച്ചു. സ്വർണം അബദ്ധത്തിൽ തന്റെ കൈവശം വന്നതും പിന്നീട് തിരികെ നൽകാൻ മറന്നുപോയതുമാണെന്നുമാണ് അബ്ബാസ് അലിയുടെ വിശദീകരണം.

പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയിരിക്കെ മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധത്തെ തുടർന്ന് അബ്ബാസലിക്ക് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്.

സ്വർണം എങ്ങനെ സ്റ്റേഷനിൽ നിന്ന് പുറത്തുപോയി, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് ഉൾപ്പെടെ ഡിവൈ.എസ്.പി അന്വേഷിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA