SignIn
Kerala Kaumudi Online
Sunday, 26 July 2026 4.39 AM IST

മാസപ്പടി കേസ്: ഒറ്ര മൊഴിയിൽ ഇരട്ട കുരുക്ക്

d

 കർത്തയുടെ മൊഴി ഇ.ഡിയോട്

 കരാർ പിണറായിയുമായുള്ള അടുപ്പം വച്ച്

 മറ്റൊരു കമ്പനിയിലും വീണ പങ്കാളി

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മകൾ വീണയെയും പ്രതിരോധത്തിലാക്കി സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ മൊഴി. വീണ സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും പിണറായിയുമായുള്ള അടുപ്പം കാരണമാണ് എക്‌സാലോജിക്കിന് കരാർ നൽകിയതെന്നുമാണ് ഇ.ഡിക്ക് നൽകിയ മൊഴി. 2024ലെ ചോദ്യം ചെയ്യലിലെ വെളിപ്പെടുത്തലാണിത്.

കർത്തയുടെ മൊഴി വീണ സ്ഥിരീകരിച്ചതായും, കോഴിക്കോട് ആസ്ഥാനമായ ലേക്കർ ഇന്ത്യ കോർപ്പ് എന്ന കമ്പനിയിലും വീണയ്ക്ക് പങ്കാളിത്തമുണ്ടെന്നും ഇ.ഡി പറയുന്നു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനായി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് ഇ.ഡി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി പ്രതികളോട് വിശദീകരണം തേടിയ ശേഷം തുടർനടപടി സ്വീകരിക്കും.

താൻ നേരിട്ട് സി.എം.ആർ.എല്ലിന് ഗൈഡൻസ് നൽകിയെന്നാണ് വീണ പറഞ്ഞിരുന്നത്. എന്നാൽ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല.

2017 മുതൽ 2020 വരെ 2.78 കോടി രൂപയാണ് വീണയ്‌ക്കും എക്‌സാലോജിക്കിനുമായി സി.എം.ആർ.എൽ നൽകിയത്. 2014-15ൽ നഷ്ടത്തിലായിരുന്ന എക്‌സാലോജിക് 2016ൽ പിണറായി മുഖ്യമന്ത്രിയായ ശേഷമാണ് കർത്തയുമായി കരാറിലേർപ്പെട്ടത്.

വീണ വ്യാജരേഖകൾ നിർമ്മിച്ചത് സ്വന്തം ഐ ഫോണിലാണെന്ന് ഇ.ഡി പറയുന്നു. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്റെ ശാസ്ത്രീയ പരിശോധനയിലാണ് വിവരങ്ങൾ ലഭിച്ചത്. നൽകാത്ത സേവനങ്ങൾക്കാണ് വ്യാജ ഇൻവോയ്‌സുകൾ. കരാർ വിവരങ്ങളും ഇമെയിൽ ഇടപാടുകളും ഐ ഫോണിലുണ്ടായിരുന്നു. നിർണ്ണായക വിവരങ്ങളുള്ള ഡയറിയും, കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന എ 4 കടലാസ് ഷീറ്റുകളും ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്.

ലേക്കർ ഇന്ത്യയുടെ

15.5 ലക്ഷം മരവിപ്പിച്ചു

സ്വന്തം പേരിലും കമ്പനികളുടെ പേരിലുമുള്ള വീണയുടെ 16.5 ലക്ഷം രൂപയുടെ നിക്ഷേപങ്ങൾ ഇ.ഡി മരവിപ്പിച്ചു. ഇതിൽ ലേക്കർ ഇന്ത്യയുടെ 15.5 ലക്ഷവും ഉൾപ്പെടും. വീണയുടെ അക്കൗണ്ടിൽ 1.37 ലക്ഷവും എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയുമാണ് ഉണ്ടായിരുന്നത്. കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടിയുൾപ്പെടെ 12 പ്രതികളുടേതായി 29 കോടി രൂപയാണ് മരവിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA